ലണ്ടൻ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിൽ തകർപ്പൻ വിജയങ്ങളുമായി ആർസനൽ, ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകൾ സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ സതാംപ്ടണിനെ 2–1ന് തോൽപ്പിച്ചാണ് ലിവർപൂളിന്റെ മുന്നേറ്റം. ആർസനൽ ക്രിസ്റ്റൽ പാലസിനെ 3–2നും ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ 3–1നും തോൽപ്പിച്ചു. ഇന്നു നടക്കുന്ന ടോട്ടനം ഹോട്സ്പർ – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലെ വിജയികളാകും സെമിയിലെ നാലാമത്തെ ടീം.
സതാംപ്ടണിനെതിരെ ഡാർവിൻ നൂനസ് (24–ാം മിനിറ്റ്), ഹാർവെ എലിയട്ട് (32–ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. സതാംപ്ടണിന്റെ ആശ്വാസഗോൾ കാമറോൺ ആർച്ചർ 59–ാം മിനിറ്റിൽ നേടി.
ബ്രസീലിയൻ താരം ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക് മികവിലാണ് ആർസനൽ ക്രിസ്റ്റൽ പാലസിനെ വീഴ്ത്തിയത്. രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. 54, 73, 81 മിനിറ്റുകളിലായാണ് ജെസ്യൂസ് ഹാട്രിക് തികച്ചത്. 4–ാം മിനിറ്റിൽ ഷീൻ ഫിലിപ്പ് മറ്റേറ്റ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ക്രിസ്റ്റൽ പാലസ് മുന്നിലായിരുന്നു. അവരുടെ മറ്റൊരു ഗോൾ 85–ാം മിനിറ്റിൽ നഥാനിയേൽ ക്ലൈൻ നേടി.
സാന്ദ്രോ ടൊണാലിയുടെ ഇരട്ടഗോൾ മികവിലാണ് ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചത്. 9, 43 മിനിറ്റുകളിലായാണ് ടൊണാലി ഇരട്ടഗോൾ നേടിയത്. മൂന്നാം ഗോൾ ഫാബിയൻ ഷാർ (69) നേടി. ബ്രെന്റ്ഫോർഡിന്റെ ആശ്വാസഗോൾ ഇൻജറി ടൈമിൽ യൊവാൻ വിസ നേടി.
English Summary:
Arsenal, Liverpool and Newcastle progress in English League Cup Semi Finals
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]