സന്തോഷ് ട്രോഫി ഫുട്ബോളിലെ മൂന്നാം മത്സരത്തിൽ കേരളം ഇന്നു രാവിലെ 9ന് ഒഡീഷയെ നേരിടും. ഗ്രൂപ്പ് ബിയിൽ ആദ്യ 2 വിജയങ്ങളുമായി 6 പോയിന്റ് നേടിയ കേരളം ഇന്നത്തെ വിജയത്തോടെ ക്വാർട്ടർ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം രാത്രി മേഘാലയയ്ക്കെതിരായ മത്സരം കഴിഞ്ഞു താമസസ്ഥലത്തു തിരിച്ചെത്തിയപ്പോൾ രാത്രി 12 മണി കഴിഞ്ഞിരുന്നു. കളി നടക്കുന്ന ഡെക്കാൻ അരീന സ്റ്റേഡിയത്തിൽനിന്ന് 16 കിലോമീറ്റർ അകലെ കൊക്കാപ്പേട്ട് വില്ലേജിലെ ഇടുങ്ങിയ ഒരു ലോഡ്ജിലാണ് കേരള ടീമിനു സംഘാടകർ താമസമൊരുക്കിയിരിക്കുന്നത്. ഇവിടെത്തന്നെയാണ് തമിഴ്നാട് ടീമും താമസിക്കുന്നത്.
കെട്ടിടത്തിന്റെ ഏഴാംനിലയിലെ ഡൈനിങ് ഏരിയയിലാണ് ടീമിന് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ടീം ഇവിടെയെത്തിയിട്ട് ഒരാഴ്ചയോളമായി. ആർക്കും ഭക്ഷണം ശരിയാവുന്നില്ല. ഇതുസംബന്ധിച്ച് എഐഎഫ്എഫിന് കേരള ടീം പരാതി നൽകിയിട്ടുണ്ട്.
‘‘നല്ല തണുപ്പാണ്. മേഘാലയക്കാർക്ക് ഈ കാലാവസ്ഥ സുപരിചിതമാണ്. നമുക്ക് അങ്ങനെയല്ലല്ലോ. കളിയുടെ ഇടനേരത്ത് നമ്മൾ ചൂടുവെള്ളവും ചുക്കുകാപ്പിയുമൊക്കെ ഒരുക്കി. ആവി പിടിക്കാനുള്ള രണ്ടുമൂന്ന് യന്ത്രങ്ങളുമുണ്ട്.’’ സഹപരിശീലകൻ ഹാരി ബെന്നി പറഞ്ഞു.
‘‘ ആദ്യ രണ്ടു കളികളും ജയിച്ചു. രണ്ടു ടീമുകളും വ്യത്യസ്ത ശൈലികളുള്ളവയായിരുന്നു. ഇനി മൂന്നു കളി ബാക്കിയുണ്ട്. നമ്മൾ ക്വാർട്ടറിൽ കയറണം. സെമിയിൽ നല്ല എതിരാളികളെ കിട്ടണം. ഫൈനലിൽ കപ്പടിക്കണം.’’ കോച്ച് ബിബി തോമസ് മുട്ടത്തിന്റെ വാക്കുകളിൽ പ്രതീക്ഷ നിറയുന്നു.
∙ ബംഗാൾ ക്വാർട്ടറിൽ
ഹൈദരാബാദ് ∙ സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യടീമായി ബംഗാൾ. 3 മത്സരങ്ങൾ ജയിച്ച് 9 പോയിന്റുമായാണ് എ ഗ്രൂപ്പിൽനിന്ന് ബംഗാൾ ക്വാർട്ടർ ഉറപ്പാക്കിയത്. 32 തവണ സന്തോഷ് ട്രോഫി നേടിയ ചരിത്രമുള്ള ബംഗാൾ ഇന്നലെ രാജസ്ഥാനെ 2–0ന് തോൽപ്പിച്ചു. രാവിലെ നടന്ന ജമ്മു കശ്മീർ – മണിപ്പുർ മത്സരം സമനിലയായി (1–1). ആദ്യപകുതിയുടെ ഇൻജറി ടൈമിന്റെ രണ്ടാംമിനിറ്റിൽ നറോയ്ബം റോമൻസിങ് മണിപ്പൂരിനുവേണ്ടി ഗോൾ നേടി.
English Summary:
Odisha Vs Kerala, Santosh Trophy 2024 Match – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]