
ബെംഗളൂരു ∙ ന്യൂസീലൻഡ് താരങ്ങളായ രചിൻ രവീന്ദ്രയും (134 റൺസ്) ടിം സൗത്തിയുമായിരുന്നു (65 റൺസ്) ഇന്നലെ ഇന്ത്യൻ ബാറ്റർമാരുടെ ഹീറോസ്. അപകടക്കെണികളുള്ള പിച്ചിനെ ആക്രമണ ബാറ്റിങ്ങിലൂടെ മെരുക്കിയ ഇവരുടെ കൂട്ടുകെട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കുള്ള ‘സ്റ്റഡി ക്ലാസായി മാറി. 402 റൺസിന്റെ കൂറ്റൻ ടോട്ടലും 356 റൺസിന്റെ ലീഡുമുയർത്തി അപായമണി മുഴക്കിയ ന്യൂസീലൻഡിനെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്കു പ്രചോദനമായതും ഈ ബാറ്റിങ് ശൈലിയാണ്. 2001ൽ കൊൽക്കത്തയിൽ ഓസ്ട്രേലിയയ്ക്കെതിരെ 274 റൺസ് ലീഡ് വഴങ്ങിയശേഷം വിജയിച്ചതാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച തിരിച്ചുവരവ്.
ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; ഇതാ സർഫറാസ് ഖാൻ! കിവീസിനെതിരെ ഇന്ത്യ പൊരുതുന്നു
Cricket
ടെസ്റ്റിലെ 31–ാം അർധ സെഞ്ചറി പിന്നിട്ട് ക്രീസിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോലി (70) ഇന്നലത്തെ അവസാന പന്തിൽ പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. മഴയില്ലാതിരുന്ന മൂന്നാംദിനം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഫീൽഡിങ്ങിലെ ഓരോ നിമിഷവും ഇന്ത്യൻ താരങ്ങളെ പൊള്ളിക്കുന്നുണ്ടായിരുന്നു. 46 റൺസിന്റെ നാണക്കേടുമായി ഇന്ത്യ തലതാഴ്ത്തിയ പിച്ചിലാണ് കിവീസ് 402 റൺസിന്റെ കൊടുമുടിയുയർത്തിയത്. 3ന് 180 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനഃരാരംഭിച്ച സന്ദർശകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യൻ ബോളർമാർ തുടങ്ങിയത്.
53 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ കിവീസ് 7 വിക്കറ്റ് നഷ്ടത്തിൽ 233 എന്ന നിലയിൽ പതറിയപ്പോഴാണ് ബെംഗളൂരുവിൽ കുടുംബ വേരുകളുള്ള ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയും വെറ്ററൻ താരം ടിം സൗത്തിയും ക്രീസിലൊന്നിച്ചത്. 132 പന്തിൽ 137 റൺസുമായി ഏകദിന ശൈലിയിൽ സ്കോറുയർത്തിയ ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയുടെ തിരിച്ചുവരവ് മോഹങ്ങളുടെ വഴിയടച്ചു. 13 ഫോറും 4 സിക്സും അടക്കം 134 റൺസ് നേടിയ രചിൻ ടെസ്റ്റിലെ തന്റെ രണ്ടാം സെഞ്ചറിയാണ് ഇന്നലെ കുറിച്ചത്. ഇന്ത്യയിൽ 12 വർഷത്തിനുശേഷമാണ് ഒരു ന്യൂസീലൻഡ് ബാറ്റർ ടെസ്റ്റ് സെഞ്ചറി നേടുന്നത്. 5 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു സൗത്തിയുടെ ഇന്നിങ്സ്.
∙ ഹിറ്റ് ഇന്ത്യ!
ആധിപൂണ്ട മനസ്സുമായാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയതെങ്കിലും ഇന്ത്യയുടെ നയവും ആക്രമണം തന്നെയായിരുന്നു. അതിനു തുടക്കമിട്ടത് ക്യാപ്റ്റൻ രോഹിത് ശർമയും. വ്യാഴാഴ്ച പേസർമാരെ കൈയയച്ചു സഹായിച്ച പിച്ചിന്റെ സ്വഭാവമാറ്റവും ഇന്ത്യൻ ഓപ്പണർമാർക്ക് അനുകൂലമായി. പതിവ് ഫോമിലേക്ക് ഉയരാനായില്ലെങ്കിലും 72 റൺസിന്റെ ഒന്നാം ഇന്നിങ്സ് കൂട്ടുകെട്ടുയർത്തിയശേഷമാണ് ജയ്സ്വാൾ (35) മടങ്ങിയത്. കരിയറിലെ 18–ാം ടെസ്റ്റ് അർധ സെഞ്ചറി പിന്നിട്ട രോഹിത്തിന്റെ (63 പന്തിൽ 52) പുറത്താകലിന് ദൗർഭാഗ്യവും കാരണമായി. അജാസ് പട്ടേലിനെതിരെ രോഹിത് ഫ്രണ്ട് ഫൂട്ടിൽ ഡിഫൻഡ് ചെയ്ത പന്ത് പിന്നിലേക്ക് ബൗൺസ് ചെയ്ത് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
തുടർന്നായിരുന്നു കോലി–സർഫറാസ് ഖാൻ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. 7 ഫോറും 3 സിക്സുകളും നേടിയ സർഫറാസ് സ്പിൻ, പേസ് വ്യത്യാസമില്ലാതെ ആഞ്ഞടിച്ചപ്പോൾ മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് കോലി സ്കോർ ഉയർത്തിയത്. ഈ വർഷത്തെ ആദ്യ ടെസ്റ്റ് അർധ സെഞ്ചറി കുറിച്ച കോലി മുപ്പതാം ടെസ്റ്റ് സെഞ്ചറിയിലേക്കുള്ള യാത്രയിലായിരുന്നു. എന്നാൽ മൂന്നാംദിനത്തിന്റെ അവസാന നിമിഷം കിവീസിന്റെ പാർടൈം സ്പിന്നർ ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ ലക്ഷ്യം പിഴച്ചു. ബാറ്റിന്റെ അരികിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലെണ്ടലിന്റെ കൈകളിലെത്തി. 163 പന്തിൽ 136 റൺസ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഡ്രസിങ് റൂമിലേക്കുള്ള ന്യൂസീലൻഡ് താരങ്ങളുടെ മടക്കം.
ഇന്നലെ അവസാന പന്തിൽ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്താൻ ഞങ്ങൾക്കു കഴിഞ്ഞത് വലിയ നേട്ടമാണ്. നാലാം ദിവസത്തെ മത്സരത്തെ നിർണയിക്കുന്ന വിക്കറ്റാണിത്. ന്യൂസീലൻഡിനെ സംബന്ധിച്ച് ലൈനും ലെങ്തും നഷ്ടപ്പെടുത്താതെ പന്തെറിഞ്ഞാൽ മാത്രം മതിയാകും.
രചിൻ രവീന്ദ്ര (ന്യൂസീലൻഡ് ക്രിക്കറ്റർ)
∙ കോലി സൂപ്പർ
ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് എന്ന നാഴികക്കല്ല് ഇന്ത്യൻ താരം വിരാട് കോലി ഇന്നലെ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോലി. സച്ചിൻ തെൻഡുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗാവസ്കർ (10122) എന്നിവരാണ് ടെസ്റ്റ് റൺവേട്ടയിൽ കോലിക്കു മുന്നിലുള്ളത്. 197 ഇന്നിങ്സുകളിലായി 9017 റൺസാണ് കോലിയുടെ നേട്ടം. കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് 9000 റൺസ് നേടുന്ന ഇന്ത്യൻ താരവും കോലിയാണ്. നിലവിലെ ലോക താരങ്ങളിൽ ടെസ്റ്റ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്താണ് കോലി. ജോ റൂട്ട് (12716), സ്റ്റീവ് സ്മിത്ത് (9685) എന്നിവരാണ് മുന്നിൽ.
English Summary:
India vs New Zealand day2 match update
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]