
ബെംഗളൂരു ∙ ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; സർഫറാസ് ഖാന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. നാലാം ദിനം ആദ്യ സെക്ഷനിൽ ബാറ്റിങ് പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആതിഥേയർ സ്കോർ 300 കടന്നു. കന്നിസെഞ്ചറി നേടിയ സർഫറാസ് ഖാൻ, ഋഷഭ് പന്ത് എന്നിവരാണ് ക്രീസിൽ.
ഡിഫൻഡ് ചെയ്ത ബോൾ ഉരുണ്ട് ചെന്ന് സ്റ്റംപിൽ; ‘നിർഭാഗ്യ’ ഔട്ടിൽ നിരാശനായി രോഹിത്– വിഡിയോ
Cricket
ആദ്യ ഇന്നിങ്സിൽ ഡക്കും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ് ഖാൻ. കഴിഞഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാൻ ഗില്ലാണ് ഒടുവിൽ ഇത്തരത്തിൽ സെഞ്ചറി നേടിയത്. 2001ൽ കൊൽക്കത്തയിൽ ഓസ്ട്രേലിയയ്ക്കെതിരെ 274 റൺസ് ലീഡ് വഴങ്ങിയശേഷം വിജയിച്ചതാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച തിരിച്ചുവരവ്. യശസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ രോഹിത് ശർമ (52), വിരാട് കോലി (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.
∙ ഇന്ത്യയ്ക്ക് കിട്ടിയ സ്റ്റഡി ക്ലാസ്
ന്യൂസീലൻഡ് താരങ്ങളായ രചിൻ രവീന്ദ്രയും (134 റൺസ്) ടിം സൗത്തിയുമായിരുന്നു (65 റൺസ്) ഇന്നലെ ഇന്ത്യൻ ബാറ്റർമാരുടെ ഹീറോസ്. അപകടക്കെണികളുള്ള പിച്ചിനെ ആക്രമണ ബാറ്റിങ്ങിലൂടെ മെരുക്കിയ ഇവരുടെ കൂട്ടുകെട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കുള്ള ‘സ്റ്റഡി ക്ലാസായി മാറി. 402 റൺസിന്റെ കൂറ്റൻ ടോട്ടലും 356 റൺസിന്റെ ലീഡുമുയർത്തി അപായമണി മുഴക്കിയ ന്യൂസീലൻഡിനെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്കു പ്രചോദനമായതും ഈ ബാറ്റിങ് ശൈലിയാണ്. ടെസ്റ്റിലെ 31–ാം അർധ സെഞ്ചറി പിന്നിട്ട് ക്രീസിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോലി (70) ഇന്നലത്തെ അവസാന പന്തിൽ പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി.
ആധിപൂണ്ട മനസ്സുമായാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയതെങ്കിലും ഇന്ത്യയുടെ നയവും ആക്രമണം തന്നെയായിരുന്നു. അതിനു തുടക്കമിട്ടത് ക്യാപ്റ്റൻ രോഹിത് ശർമയും. വ്യാഴാഴ്ച പേസർമാരെ കൈയയച്ചു സഹായിച്ച പിച്ചിന്റെ സ്വഭാവമാറ്റവും ഇന്ത്യൻ ഓപ്പണർമാർക്ക് അനുകൂലമായി. പതിവ് ഫോമിലേക്ക് ഉയരാനായില്ലെങ്കിലും 72 റൺസിന്റെ ഒന്നാം ഇന്നിങ്സ് കൂട്ടുകെട്ടുയർത്തിയശേഷമാണ് ജയ്സ്വാൾ (35) മടങ്ങിയത്. കരിയറിലെ 18–ാം ടെസ്റ്റ് അർധ സെഞ്ചറി പിന്നിട്ട രോഹിത്തിന്റെ (63 പന്തിൽ 52) പുറത്താകലിന് ദൗർഭാഗ്യവും കാരണമായി. അജാസ് പട്ടേലിനെതിരെ രോഹിത് ഫ്രണ്ട് ഫൂട്ടിൽ ഡിഫൻഡ് ചെയ്ത പന്ത് പിന്നിലേക്ക് ബൗൺസ് ചെയ്ത് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
തുടർന്നായിരുന്നു കോലി–സർഫറാസ് ഖാൻ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. 7 ഫോറും 3 സിക്സുകളും നേടിയ സർഫറാസ് സ്പിൻ, പേസ് വ്യത്യാസമില്ലാതെ ആഞ്ഞടിച്ചപ്പോൾ മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് കോലി സ്കോർ ഉയർത്തിയത്. ഈ വർഷത്തെ ആദ്യ ടെസ്റ്റ് അർധ സെഞ്ചറി കുറിച്ച കോലി മുപ്പതാം ടെസ്റ്റ് സെഞ്ചറിയിലേക്കുള്ള യാത്രയിലായിരുന്നു. എന്നാൽ മൂന്നാംദിനത്തിന്റെ അവസാന നിമിഷം കിവീസിന്റെ പാർടൈം സ്പിന്നർ ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ ലക്ഷ്യം പിഴച്ചു. ബാറ്റിന്റെ അരികിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലെണ്ടലിന്റെ കൈകളിലെത്തി. 163 പന്തിൽ 136 റൺസ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഡ്രസിങ് റൂമിലേക്കുള്ള ന്യൂസീലൻഡ് താരങ്ങളുടെ മടക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]