തിരുവനന്തപുരം∙ സച്ചിൻ… ആ പേരിന് ക്രിക്കറ്റിലെ അസാമാന്യമായ സൗന്ദര്യത്തികവുണ്ടെന്ന് ഇന്നലെ ‘കേരള സച്ചിൻ’ വീണ്ടും തെളിയിച്ചു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ഉയർത്തിയ 213 റൺസെന്ന വൻമല നായകൻ സച്ചിൻ ബേബിയുടെ ഉജ്വലമായ സെഞ്ചറി (54 ബോളിൽ 105) കരുത്തിൽ കീഴടക്കിയ കൊല്ലം സെയ്ലേഴ്സ് ജേതാക്കളായി. കൊല്ലത്തിന് 6 വിക്കറ്റ് വിജയം. എത്രയോ കാലമായി എല്ലാ ഫോർമാറ്റിലും കേരള ക്രിക്കറ്റിന്റെ നട്ടെല്ലായി തുടരുന്ന ഇടുക്കിക്കാരൻ സച്ചിൻ അതെന്തുകൊണ്ടെന്ന് 36–ാം വയസ്സിലും രാജകീയമായി സാക്ഷ്യപ്പെടുത്തുകയായിരുന്നു.
ദക്ഷിണാഫ്രിക്കയെ 106ന് പുറത്താക്കി, 144 പന്ത് ബാക്കിനിൽക്കെ വിജയം; ചരിത്രമെഴുതി അഫ്ഗാന്
Cricket
സ്കോർ: കാലിക്കറ്റ്– 20 ഓവറിൽ 6ന് 213, കൊല്ലം– 19.1 ഓവറിൽ 4ന് 214.കെസിഎലിൽ ആകെ നടന്ന 33 മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു ഫൈനൽ. ലീഗിന്റെ തുടക്കം മുതൽ ഒന്നാം സ്ഥാനക്കാരായി തുടരുന്ന സെയ്ലേഴ്സ് അതേ മികവ് ആവർത്തിച്ചുകൊണ്ടാണ് ഫൈനലിലും വിജയ കിരീടമണിഞ്ഞത്. ടോസ് നേടിയ സെയ്ലേഴ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഗ്ലോബ് സ്റ്റാർസ് ലീഗിലെ മികച്ച രണ്ടാമത്തെ സ്കോർ കണ്ടെത്തിയതോടെ ആ തീരുമാനം പിഴച്ചോ എന്ന ആശങ്കയായിരുന്നു സെയ്ലേഴ്സ് ആരാധകർക്ക്. പക്ഷേ പരിചയ സമ്പന്നനായ സച്ചിൻ ആശങ്കയേതുമില്ലാതെ ആ ദൗത്യം ഏറക്കുറെ ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു.
മൂന്ന് അർധ സെഞ്ചറികളാണ് ഗ്ലോബ് സ്റ്റാർസ് ഇന്നിങ്സിനെ ഇരട്ട സെഞ്ചറി കടത്തിയത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും (26 പന്തിൽ 51) അഖിൽ സ്കറിയയും(30 പന്തിൽ 50) ചേർന്നുള്ള ഇരട്ട അർധ ശതക കൂട്ടുകെട്ടാണ് ഇന്നിങ്സിനു മികച്ച അടിത്തറയൊരുക്കിയത്. 11 ഓവറിൽ സ്കോർ 100 തൊട്ടു. വിക്കറ്റ് കീപ്പർ ബാറ്റർ എം.അജിനാസിന്റെ വെടിക്കെട്ടാണ്(24 പന്തിൽ 56) 200 കടത്തിയത്.
തുടക്കക്കാരനു മുന്നില് പൊരുതാതെ വീണ് രോഹിത്, കോലി, ഗിൽ; മൂന്നു വിക്കറ്റുകളും ഹസൻ മഹ്മൂദിന്; വിറപ്പിച്ച് ബംഗ്ലദേശ്
Cricket
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അരുൺ പൗലോസിനെ(13) അഖിൽ ദേവ് തുടക്കത്തിലേ വീഴ്ത്തിയെങ്കിലും അഭിഷേക് നായർക്കൊപ്പം ചേർന്ന സച്ചിൻ ബേബി കളി വരുതിയിലാക്കി. അഭിഷേകിന്റെ(25) വിക്കറ്റ് വീണതോടെ വത്സൽ ഗോവിന്ദായി (27 പന്തിൽ 45) ആ ജൈത്രയാത്രക്ക് കൂട്ട്. ബാറ്റിങ് പറുദീസയായ പിച്ചിൽ മികച്ച ബോളുകളിൽ പോലും അനായാസം സ്കോർ ചെയ്ത സച്ചിന്റെ ബാറ്റിൽ പറന്നത് 8 ഫോറും 7 സിക്സറുകളുമാണ്. 11–ാം ഓവറിൽ തന്നെ സ്കോർ 100 കടന്നു. 18–ാം ഓവറിലെ അവസാന പന്തിൽ അഖിൽ ദേവിനെ സിക്സർ പറത്തി സച്ചിൻ സെഞ്ചറി തികച്ചു. കളി കാണാനുണ്ടായിരുന്ന ഇഷ്ടതാരം മോഹൻലാലിനെ അനുകരിച്ച് തോൾ ചരിച്ച് ബാറ്റുയർത്തിയായിരുന്നു സച്ചിന്റെ സെഞ്ചറി ആഘോഷം. അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സച്ചിൻ കിരീടമുറപ്പിച്ചു.
KCL TOPPERS
∙TOP റൺസ്: സച്ചിൻ ബേബി (കൊല്ലം)– 528
∙TOP സെഞ്ചറി: സച്ചിൻ ബേബി(കൊല്ലം)– 2
∙TOP വ്യക്തിഗത സ്കോർ: വിഷ്ണു വിനോദ് (തൃശൂർ)– 139
∙TOP സിക്സർ: വിഷ്ണു വിനോദ് (തൃശൂർ)–38
∙TOP വിക്കറ്റ്: അഖിൽ സ്കറിയ(കാലിക്കറ്റ്)–25
∙TOP ക്യാച്ചുകൾ: രോഹൻ കുന്നുമ്മൽ((കാലിക്കറ്റ്)– 12
∙TOP ജയം: കൊല്ലം സെയിലേഴ്സ്– 10 ജയം (12 കളികളിൽ)
AWARDS
∙മാൻ ഓഫ് ദ് സീരിസ്: എൻ.എം.ഷറഫുദീൻ (കൊല്ലം) – 120 റൺസ്, 19 വിക്കറ്റ്
∙മാൻ ഓഫ് ദ് ഫൈനൽ: സച്ചിൻ ബേബി
∙എമേർജിങ് പ്ലെയർ: അഹമ്മദ് ഇമ്രാൻ (തൃശൂർ)– 229 റൺസ്, 5 വിക്കറ്റ്
ഓറഞ്ച് ക്യാപ് (കൂടുതൽ റൺസ്)– സച്ചിൻ ബേബി (528)
പർപ്പിൾ ക്യാപ് (കൂടുതൽ വിക്കറ്റ്)– അഖിൽ സ്കറിയ (25)
English Summary:
Aries Kollam Sailors Won By 6 Wickets in kcl final