
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോളിന്റെ ഇടവേള ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന് ‘ഇടഞ്ഞവേള’ ആകില്ല – പറയുന്നത് ടീമിന്റെ പരിശീലകൻ മികായേൽ സ്റ്റാറെ. ഐഎസ്എലിൽ ഇടവേളയ്ക്കു ശേഷം കളത്തിലെത്തുമ്പോൾ പ്രകടനം മോശമാകാറുള്ള ബ്ലാസ്റ്റേഴ്സിന്റെ ‘വീക്നെസ്’ വീണ്ടും ആവർത്തിക്കുമോയെന്ന ആരാധകരുടെ ആശങ്കകൾക്കാണ് ആശാന്റെ തിരുത്ത്. ഇടവേളയിലെ ‘ദുർഭൂതത്തിന്റെ’ കാര്യത്തിൽ മാത്രമല്ല, പ്രതിരോധത്തിലെ ചോർച്ചകൾക്കും മധ്യനിരയിലെ മൂർച്ചക്കുറവിനുമെല്ലാം പരിഹാരമുണ്ടെന്നും സ്റ്റാറെ ‘മനോരമ’യോടു പറഞ്ഞു.
പ്രകടനത്തിന് ഇടവേളയില്ല
ലീഗിൽ അവധിയാകാം, പക്ഷേ ഞങ്ങളുടെ പരിശീലനത്തിന് അവധിയില്ല. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ച് ഇറങ്ങിയിട്ടുണ്ട്. പരിശീലനത്തിൽ പോസിറ്റീവ് ഫീലാണ് എനിക്ക്. ഞങ്ങളുടെ പുരോഗതിയിൽ ശുഭപ്രതീക്ഷയാണുള്ളത്.
ഉറപ്പിക്കും പ്രതിരോധം
സ്വന്തം ബോക്സിലെ ഞങ്ങളുടെ പ്രതിരോധ തന്ത്രങ്ങൾ തീരെ മോശമായെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ഇതിലും നന്നായി കളിക്കാനാകും. സ്ഥിരതയാണു വിജയിക്കുന്നൊരു ടീമിനു പ്രധാനമായി വേണ്ടത്. പ്രതിരോധത്തിലെ പ്രശ്ന പരിഹാരങ്ങൾക്കായി എല്ലാ ദിവസവും കഠിനാധ്വാനംതന്നെ ചെയ്തിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ ആ പുരോഗതി കാണാനാകും.
ലൂണ വരും, മധ്യം ശരിയാകും
അഡ്രിയൻ ലൂണയുടെ അസുഖം മാറി. മുഴുവൻ സമയ പരിശീലനത്തിനും ഇറങ്ങിക്കഴിഞ്ഞു, അതും പഴയ മികവ് വീണ്ടെടുത്ത്. അദ്ദേഹം എത്രമാത്രം മികച്ച താരമാണെന്നത് ഏവർക്കും അറിയാവുന്നതാണല്ലോ? ഈ ടീമിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറാണ് ലൂണ.
English Summary:
Coach Mikael Stahre responds to concerns over Kerala Blasters
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]