
ബെംഗളൂരു∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡിന് 299 റൺസ് ലീഡ്. ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെ (125 പന്തിൽ 104*) സെഞ്ചറിക്കരുത്തിലാണ് കിവീസിന്റെ കുതിപ്പ്. ഉറച്ച പിന്തുണയുമായി ടിം സൗത്തിയും (50 പന്തിൽ 49*) ക്രീസിലുണ്ട്. ഒന്നാം ഇന്നിങ്സിൽ 3ന് 180 എന്ന നിലയിൽ മൂന്നാം ദിനം കളി പുനഃരാരംഭിച്ച ന്യൂസീലൻഡ്, ആദ്യ സെക്ഷൻ അവസാനിച്ചപ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് എന്ന നിലയിലാണ്. ഹോം ടെസ്റ്റിൽ 12 വർഷത്തിനുശഷമാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 200 റൺസിലധികം ലീഡ് വഴങ്ങുന്നത്. 2012ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 207 റൺസ് ലീഡ് വഴങ്ങിയിരുന്നു.
8 വർഷത്തിനുശേഷം വൺഡൗണായി ഇറങ്ങി കോലി, 2 സ്പിന്നർമാർ; ‘സൂചന’ കണ്ട് പഠിക്കാത്ത ഇന്ത്യ
Cricket
മൂന്നാം ദിനം ആദ്യ സെക്ഷനിൽ നാല് കിവീസ് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഡാരിൽ മിച്ചൽ (49 പന്തിൽ 18), ടോം ബ്ലൻഡൽ (8 പന്തിൽ 5), ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 14), മാറ്റ് ഹെന്ററി (9 പന്തിൽ 8) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിനു നഷ്ടമായത്. ജഡേജ രണ്ടും സിറാജ്, ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും ഇന്നു വീഴ്ത്തി. ആദ്യ 15 ഓവറിനുള്ളിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെ കിവീസിനെ അതിവേഗം പുറത്താക്കാമെന്ന് കരുതിയെങ്കിലും എട്ടാം വിക്കറ്റിൽ രചിനും സൗത്തിയും ഒന്നിച്ചതോടെ ന്യൂസീലൻഡ് വീണ്ടും താളം കണ്ടെത്തുകയായിരുന്നു. ഏകദിന ശൈലിയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. 2 സിക്സും 11 ഫോറുമാണ് രചിന്റെ ബാറ്റിൽനിന്ന് പിറന്നത്. സൗത്തി മൂന്നു സിക്സും മൂന്നും ഫോറും അടിച്ചു.
∙ തകർന്നടിഞ്ഞ് ഇന്ത്യ
മൂന്നും പേസർമാരെ മാത്രം വിന്യസിച്ചുള്ള കിവീസ് ബോളാക്രമണത്തിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ, 46 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ആഴ്ചകൾക്ക് മുൻപ് ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ അതിവേഗ സ്കോറിങ്ങിന്റെയും മിന്നൽ വിജയത്തിന്റെയും റെക്കോർഡിട്ട ഇന്ത്യ ഇന്നലെ നാണക്കേടിന്റെ ചരിത്രം കുറിച്ചാണ് ക്രീസിൽ നിന്നു മടങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ മൂന്നാമത്തെ മോശം ഇന്നിങ്സ് സ്കോർ, നാട്ടിലെ ടെസ്റ്റിലെ മോശം സ്കോർ, ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഒരു ടീമിന്റെ മോശം സ്കോർ, ഏഷ്യയിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം സ്കോർ എന്നിവ ഇന്നലെ ഒരു പകലിനുള്ളിൽ ഇന്ത്യൻ ടീമിനൊപ്പമായി. ഇന്ത്യൻ ബാറ്റിങ്ങിൽ 5 പേർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ടക്കം കടക്കാനായത് ഋഷഭ് പന്തിനും (20) യശസ്വി ജയ്സ്വാളിനും (13) മാത്രമാണ്. ടീമിലെ ആദ്യ 8 ബാറ്റർമാരിൽ 5 പേർ പൂജ്യത്തിന് പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഇതു രണ്ടാംതവണ മാത്രമാണ്.
English Summary:
India vs New Zealand, 1st Test- Day 3 Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]