മിലാൻ∙ ഇറ്റലിയുടെ മുൻ ഫുട്ബോൾ താരം സാൽവതോർ ഷില്ലാച്ചി (59) അന്തരിച്ചു. 1990 ഫുട്ബോൾ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡന്‍ ബോൾ നേടിയ ഷില്ലാച്ചി, ആ ലോകകപ്പിൽ ഇറ്റലിയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ടോട്ടോ എന്ന വിളിപ്പേരുള്ള ഷില്ലാച്ചി ഇറ്റലിയിലെ ലോവർ ഡിവിഷൻ ലീഗുകളിൽ കളിച്ചാണു കരിയർ തുടങ്ങുന്നത്.
1988–89ലെ ഇറ്റാലിയൻ സീരി ബിയിൽ ടോപ് സ്കോററായതോടെയാണു താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. യുവെന്റസിൽ ചേർന്ന താരം 1989–90 സീസണിൽ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1990 ലെ ലോകകപ്പിൽ ഇറ്റലിക്കു വേണ്ടി സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ ഷില്ലാച്ചി ആറു ഗോളുകള്‍ അടിച്ചുകൂട്ടി ലോകകപ്പിലെ ടോപ് സ്കോററായി. സെമി ഫൈനലിൽ അർജന്റീനയ്ക്കെതിരെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയും താരം ഗോൾ നേടിയിരുന്നു.
1990 ലെ ബലോൻ ദ് ഓറില്‍ ലോതർ മതവൂസിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്താൻ ഷില്ലാച്ചിക്കു സാധിച്ചു. 1994ൽ ഇന്റർ മിലാനിൽ ചേർന്ന താരം അവിടെയും യുവേഫ കപ്പ് വിജയിച്ചു. ജപ്പാനിലെ ജെ ലീഗിൽ കളിച്ച ആദ്യ ഇറ്റാലിയൻ താരമാണ് ഷില്ലാച്ചി. 1997ൽ ജുബിലോ ഇവാറ്റയുടെ താരമായ ഷില്ലാച്ചി ടീമിനെ ലീഗ് ചാംപ്യൻമാരാക്കി. 1999ലാണ് പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.
English Summary:
Salvatore Schillaci, best player of the 1990 FIFA World Cup passes away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]