ഒരാഴ്ചയ്ക്കകം തീരുമാനമെന്ന് ഉഷ
തിരുവനന്തപുരം ∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കി നിലനിർത്തുന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതി വിധി പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. കഴിഞ്ഞ തവണ മത്സര ഇനമായിരുന്ന കളരിപ്പയറ്റ് ഇത്തവണ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വീണ്ടും മത്സര ഇനമാക്കുമോയെന്നുമുള്ള ചോദ്യങ്ങൾക്ക് ഉഷ വ്യക്തമായ മറുപടി നൽകിയില്ല. കോടതി പറഞ്ഞതു പോലെ ചെയ്യും എന്നായിരുന്നു പ്രതികരണം.
‘നമ്മുടെ നാടിന്റെ കായിക ഇനമായ കളരിപ്പയറ്റ് മുൻപു ദേശീയ ഗെയിംസിൽ മത്സര ഇനമായി ഉൾപ്പെടുത്തിയതിനു കാരണം ഞാൻ ഒറ്റയൊരാൾ മാത്രമാണ്. ജോലി വാഗ്ദാനങ്ങൾ ഉൾപ്പെടെ ഒഴിവാക്കി കേരളത്തിനു വേണ്ടി മാത്രം മത്സരിച്ചിട്ടുള്ള ഞാൻ കേരളത്തിനു വേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത്’– ഉഷ പറഞ്ഞു. കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയ കേരള കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികളോടും ഇതേ പ്രതികരണമായിരുന്നു ഉഷയുടേത്.
കളരിപ്പയറ്റിന്റെ പൈതൃക പദവി പരിഗണിക്കണമെന്ന് കോടതി
കൊച്ചി ∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) 22ന് അകം തീരുമാനമെടുക്കണമെന്നാണ് ഡൽഹി ഹൈക്കോടതി നിർദേശം. കളരിപ്പയറ്റിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവും പൈതൃക പദവിയും ഇക്കാര്യത്തിൽ ഐഒഎ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കളരിപ്പയറ്റിനെ മത്സര ഇനമാക്കുന്നതിൽ എതിർപ്പില്ലെന്ന് ആതിഥേയരായ ഉത്തരാഖണ്ഡ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദേശീയ ഗെയിംസിൽ ഹരിയാനയ്ക്കു വേണ്ടി കളരിപ്പയറ്റിൽ വെങ്കല മെഡൽ നേടിയ ഹർഷിത യാദവിന്റെ ഹർജിയിൽ 15നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹർജി നിവേദനമായി പരിഗണിച്ചു കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സര ഇനമായി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനാണ് ഐഒഎയോട് നിർദേശിച്ചിട്ടുള്ളത്.
പരിശീലനം തുടർന്ന് കളരിപ്പയറ്റ് ടീം
കൊച്ചി ∙ കളരിപ്പയറ്റിന്റെ കാര്യത്തിൽ അവ്യക്തത തുടരുമ്പോഴും കേരള ടീമംഗങ്ങൾ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കളരികളിൽ ഇപ്പോൾ പരിശീലനത്തിലാണ്. ഐഒഎയുടെ ഭാഗത്തു നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും മത്സരങ്ങളിൽ ഉപയോഗിക്കാനുള്ള വാൾ, പരിച, ഉറുമി, നെടുവടി തുടങ്ങിയ ആയുധങ്ങൾ ടീമംഗങ്ങൾ കൊണ്ടുപോകുമെന്നും കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ പറഞ്ഞു.
സ്കൂൾ ഗെയിംസിലും ഇനി മത്സരപ്പയറ്റ്
തിരുവനന്തപുരം ∙ വിവാദങ്ങൾക്കിടെ കളരിപ്പയറ്റ് സ്കൂൾ കായിക മേളയിൽ പുതിയ മത്സര ഇനമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതിനു വേണ്ടി കായികമേളയുടെ മാന്വൽ പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
അടുത്ത വർഷം തിരുവനന്തപുരത്ത് നടക്കുന്ന സ്കൂൾ കായികമേളയിൽ അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കളരിപ്പയറ്റ് മത്സര ഇനമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ ഒളിച്ചു കളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസിൽ റേസ് വോക്ക് ഇല്ല
കൊച്ചി ∙ ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ നിന്ന് റേസ് വോക്ക് ഒഴിവാക്കി. പ്രധാനപ്പെട്ട അത്ലീറ്റുകൾ ഗെയിംസിൽ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ) ഗെയിംസിൽനിന്നു റേസ് വോക്ക് ഒഴിവാക്കാൻ തീരുമാനിച്ചത്. റേസ് വോക്ക് മത്സര ഇനമായി ഉൾപ്പെടുത്തുന്നതു മികച്ച അത്ലീറ്റുകളുടെ ഉത്തമ താൽപര്യത്തിലാകില്ലെന്ന വാദം കണക്കിലെടുത്താണു നടപടി.
English Summary:
Kalaripayattu: Kalaripayattu’s future in the National Games is uncertain following a Delhi High Court order. The IOA president, PT Usha, will decide its fate after reviewing the court’s decision, which considers Kalaripayattu’s cultural significance.
TAGS
Sports
PT Usha
Kalaripayattu
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]