ബ്രിസ്ബെയ്ൻ ∙ ഒരറ്റം കോട്ടകെട്ടി കാത്ത് പൊരുതുന്ന ഓപ്പണർ കെ.എൽ. രാഹുലിനൊപ്പം പരമ്പരയിലാദ്യമായി അവസരം ലഭിച്ച രവീന്ദ്ര ജഡേജയും ഭേദപ്പെട്ട പ്രകടനവുമായി തിളങ്ങിയതോടെ, ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റൺസ് പിന്തുടരുന്ന ഇന്ത്യ, 37 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്. രാഹുൽ 77 റൺസോടെയും ജഡേജ 22 റൺസോടെയും ക്രീസിൽ. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ഇതുവരെ 56 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 315 റൺസ് പിന്നിലാണ് ഇന്ത്യ.
മത്സരത്തിന്റെ നാലാം ദിനമായ ഇന്ന്, ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പരയിൽ ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്ത രോഹിത്, 10 റൺസെടുത്ത് പുറത്തായി. 27 പന്തിൽ രണ്ടു ഫോറുകളോടെയാണ് രോഹിത് 10 റൺസെടുത്തത്. പാറ്റ് കമിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ചാണ് രോഹിത് പുറത്തായത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ് എന്നിവരും രണ്ടും, ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
ഓപ്പണർ യശസ്വി ജയ്സ്വാൾ (രണ്ടു പന്തിൽ നാല്), ശുഭ്മൻ ഗിൽ (മൂന്നു പന്തിൽ ഒന്ന്), വിരാട് കോലി (16 പന്തിൽ മൂന്ന്), ഋഷഭ് പന്ത് (12 പന്തിൽ 9) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ.
∙ മഴ ‘കളിച്ച’ മൂന്നാം ദിനം
നേരത്തെ, രസംകൊല്ലിയായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട മഴ മൂന്നാം ദിനം അഞ്ചാം തവണയും തടസം സൃഷ്ടിച്ച് പെയ്തതോടെ, അംപയർമാർ കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യ 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെടുത്ത് നിൽക്കെയാണ് മഴ അഞ്ചാം തവണയും കളി മുടക്കിയത്. ഇതിനു പിന്നാലെ വെളിച്ചക്കുറവും പ്രശ്നം സൃഷ്ടിച്ചതോടെ, മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ ‘സ്ഥിരം എതിരാളി’ മിച്ചൽ സ്റ്റാർക്കിനെതിരെ ബൗണ്ടറിയുമായി തുടങ്ങിയ യശസ്വി ജയ്സ്വാൾ, തൊട്ടടുത്ത പന്തിൽ പുറത്താകുന്ന കാഴ്ചയോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് തുടക്കമായത്. ഷോർട്ട് മിഡ്വിക്കറ്റിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്തു. തുടർന്നെത്തിയ ശുഭ്മൻ ഗില്ലിന് ആയുസ് മൂന്നു പന്തു മാത്രം. സ്റ്റാർക്കിന്റെ രണ്ടാം ഓവറിൽ ഗള്ളിയിൽ മിച്ചൽ മാർഷിന്റെ തകർപ്പൻ ക്യാച്ചിൽ ആ ഇന്നിങ്സും അവസാനിച്ചു.
ഒരു വശത്തെ വിക്കറ്റ് വീഴ്ച വകവയ്ക്കാതെ സ്വതസിദ്ധമായി കളിച്ചു മുന്നേറിയ കെ.എൽ. രാഹുലിനൊപ്പം വിരാട് കോലിയും ചേർന്നതോടെ ഇന്ത്യ തകർച്ചയിൽനിന്ന് കരകയറുമെന്ന പ്രതീതി ഉയർന്നു. ഏതാനും ഓവറുകൾ ഇരുവരും സ്റ്റാർക്ക് – ഹെയ്സൽവുഡ് പേസ് ദ്വയത്തെ പ്രതിരോധിക്കുകയും ചെയ്തു. ഇടയ്ക്ക് ഹെയ്സൽവുഡിനെതിരെ ഇരട്ട ബൗണ്ടറിയുമായി രാഹുൽ കരുത്തുകാട്ടി. എന്നാൽ അടുത്ത വരവിൽ കോലിയെ മടക്കി ഹെയ്സൽവുഡ് തിരിച്ചടിച്ചു. വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ കോലിയുടെ സമ്പാദ്യം 16 പന്തിൽ മൂന്നു റൺസ് മാത്രം. മഴയുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി അധികം വൈകാതെ പന്തും പുറത്തായി. 12 പന്തിൽ ഒൻപതു റൺസെടുത്ത പന്തിനെ പാറ്റ് കമിൻസിന്റെ പന്തിൽ അലക്സ് കാരി ക്യാച്ചെടുത്ത് മടക്കി.
English Summary:
Australia vs India, 3rd Cricket Test, Day 4 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]