
കൊച്ചി ∙ കേരളത്തിന്റെ ‘സ്വന്തം പിള്ളേർ’ പന്തടിച്ച് ഉന്മാദിക്കുന്ന കാഴ്ചയായി സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ മാറിക്കഴിഞ്ഞു. ഒന്നും രണ്ടുമല്ല, 93 താരങ്ങളാണു കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗിലെ തനി മലയാളികൾ! അതിൽ 52 പേർ സന്തോഷ് ട്രോഫി ഉൾപ്പെടെ കളിച്ച സീനിയർ താരങ്ങൾ. ശേഷിച്ച 41 പേരും അണ്ടർ 23 താരങ്ങൾ. പുതിയ താരങ്ങളുടെ വളർച്ചയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്രയേറെ യുവതാരങ്ങളെ വിവിധ ടീമുകളിലായി ഉൾപ്പെടുത്തിയത്.
അവസരം മാത്രമല്ല, വരുമാനവും
‘യാത്രക്കൂലിയും ഭക്ഷണവും ചില്ലറയും’ എന്ന വാഗ്ദാനത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ചു യുവതാരങ്ങൾ കളത്തിൽ ഇറങ്ങിയ കാലത്തിന്റെ മാറ്റം കൂടിയാണ് എസ്എൽകെ ആദ്യ പതിപ്പിലൂടെ സൃഷ്ടിച്ചത്. 3 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപയാണു ഓരോ മലയാളി താരത്തിനുമായി ചെലവിടുന്നത്. പ്രതിഫലവും താമസവും ആനുകൂല്യങ്ങളും ഉൾപ്പെടെയാണിത്. ചുരുങ്ങിയ കളി ദിനങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും വിദേശ പരിശീലകർക്കു കീഴിൽ പുതു തന്ത്രങ്ങളും രീതികളും ഉൾക്കൊള്ളാനുള്ള പഠന കാലമാണിത്. ഒപ്പം, അനുഭവ സമ്പന്നരായ വിദേശ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരവും ലഭിക്കുന്നതു ചെറിയ കാര്യമല്ല, പ്രത്യേകിച്ചു യുവാക്കൾക്ക്.
നോട്ടമിട്ട് ഐഎസ്എൽ ടീമുകളും?
ലീഗ് പാതി പിന്നിടുമ്പോൾ ഇരമ്പുന്നതു യുവ താരങ്ങളുടെ ആവേശമാണ്. തിരുവനന്തപുരം കൊമ്പൻസ് ഫോർവേഡ് മുഹമ്മദ് അസ്ഹർ, ഫോഴ്സ കൊച്ചിയുടെ പ്രതിരോധ ഭടൻ നിതിൻ മധു, തൃശൂർ മാജിക് എഫ്സി സെൻട്രൽ മിഡ്ഫീൽഡർ പി.ആദിൽ, മലപ്പുറം എഫ്സിയുടെ മിഡ്ഫീൽഡർ അജയ് കൃഷ്ണൻ, കാലിക്കറ്റ് എഫ്സി മിഡ്ഫീൽഡർ മുഹമ്മദ് അഷ്റഫ്, കണ്ണൂർ വോറിയേഴ്സിന്റെ ഫോർവേഡ് മുഹമ്മദ് റിഷാദ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
മിക്ക യുവ കളിക്കാരും ഇതിനകം കളത്തിലിറങ്ങി. ഇവരിൽ പലരിലും ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളും സംസ്ഥാന ടീമുകളും കണ്ണു വച്ചു കഴിഞ്ഞതായാണു സൂചനകൾ. ചിലർക്കെങ്കിലും കൂടുതൽ മികച്ച അവസരങ്ങൾ അടുത്ത സീസണിൽ ലഭിക്കുമെന്നുറപ്പ്. ‘‘ യുവ കളിക്കാർ ടെക്നിക്കലി മികച്ചവരാണ്. കളിക്കാൻ അവസരവും മികച്ച പരിശീലനവും ലഭിച്ചാൽ ഗംഭീര പ്രതിഭകളായി മാറും’’ – മുൻ ദേശീയ താരവും മലപ്പുറം എഫ്സി ക്യാപ്റ്റനുമായ അനസ് എടത്തൊടികയുടെ വാക്കുകൾ തന്നെ സാക്ഷ്യം.
English Summary:
Malayali players shines in Super League Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]