മുംബൈ∙ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പ്രധാന പ്രത്യേകത എന്താണെന്നു ചോദിച്ചാൽ ഉത്തരം നിസംശയം പറയാം; ക്യാപ്റ്റൻ സ്ഥാനത്തെത്തിയാൽ ഇരട്ടി ശ്രേയസ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ മറ്റൊരു കിരീടവിജയത്തിലേക്കു നയിച്ചതോടെ അയ്യരുടെ ശ്രേയസ് ഇതാ, ഒന്നുകൂടി വർധിച്ചിരിക്കുന്നു. ആവേശകരമായ കലാശപ്പോരിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെ തോൽപ്പിച്ചാണ് മുംബൈ കിരീടം ചൂടിയത്. അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.
ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കിരീടം ചൂടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡും ശ്രേയസ് അയ്യർക്ക് സ്വന്തം. ഒരേ വർഷമാണ് ഇരു കിരീടനേട്ടങ്ങളുമെന്നതും ശ്രദ്ധേയം. നിലവിൽ ഐപിഎൽ ചാംപ്യൻമാരായ കൊൽക്കത്തയെ കിരീടത്തിലേക്കു നയിച്ചത് ശ്രേയസ് അയ്യരായിരുന്നു.
ഇതിനു പുറമേ, ഇത്തവണ റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി ട്രോഫിയും, വിദർഭയയെ തകർത്ത് രഞ്ജി ട്രോഫിയും ജയിച്ച ടീമുകളിലും അംഗമായിരുന്നു ശ്രേയസ് അയ്യർ. ഇരു ടൂർണമെന്റുകളിലും അജിൻക്യ രഹാനെയായിരുന്നു മുംബൈ നായകൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രഹാനെയ്ക്കു പകരമാണ് ശ്രേയസ് അയ്യർ മുംബൈ നായകനായത്.
ക്യാപ്റ്റനെന്ന നിലയിൽ അയ്യരുടെ ശ്രേയസ് നാൾക്കുനാൾ വർധിക്കുമ്പോൾ, സന്തോഷിക്കുന്ന ഒരു കൂട്ടർ ഉറപ്പായും ഐപിഎൽ ടീമായ പഞ്ചാബ് കിങ്സായിരിക്കും. കഴിഞ്ഞ തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാംപ്യൻമാരാക്കിയതിനു പിന്നാലെ ടീം വിട്ട അയ്യരെ, ഇത്തവണ ഐപിഎൽ താരലേലത്തിൽ പഞ്ചാബ് കിങ്സാണ് സ്വന്തമാക്കിയത്. 26.75 കോടി രൂപയ്ക്ക് വാങ്ങിയ അയ്യരായിരിക്കും വരുന്ന സീസണിൽ പഞ്ചാബ് കിങ്സിനെ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
English Summary:
Shreyas Iyer Creates History: First Captain to Win IPL & Syed Mushtaq Ali Trophy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]