ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന്, കോടികളുടെ പ്രതിഫലത്തിനൊപ്പം വൻ നികുതിയുടെ അധിക ബാധ്യതയും. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, വരുന്ന ഐപിഎൽ സീസണിൽ മഹേന്ദ്രസിങ് ധോണി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ഗുകേഷ് അടയ്ക്കേണ്ട നികുതി! ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിലൂടെ 11.34 കോടി രൂപയോളം പ്രതിഫലമായി ലഭിച്ചെങ്കിലും, അതിന്റെ വലിയൊരു ഭാഗം നികുതിയായി അടയ്ക്കേണ്ടി വരുമെന്ന് സാരം.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 4.67 കോടി രൂപയാണ് ഗുകേഷ് നികുതിയായി അടയ്ക്കേണ്ടി വരിക. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു കളിക്കുന്ന ധോണിയെ അടുത്ത സീസണിലേക്ക് ടീം നിലനിർത്തിയത് 4 കോടി രൂപയ്ക്കാണ്. അതായത്, ധോണിയുടെ ഐപിഎൽ പ്രതിഫലത്തേക്കാൾ വലിയ തുക ഗുകേഷ് നികുതിയായി നൽകണം.
ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി നൽകേണ്ടത്. പ്രതിഫലം അഞ്ച് കോടിക്കു മുകളിലാണെങ്കിൽ 37 ശതമാനം വരെ അധിക നികുതിയും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ ലെവിയും നൽകണം. ഫലത്തിൽ വൻ പ്രതിഫലം ലഭിക്കുമ്പോൾ 42 ശതമാനം നികുതിയായി നൽകണം.
ലോക ചെസ് ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക 2.5 മില്യൻ യുഎസ് ഡോളറാണ്. അതായത് ഏതാണ്ട് 21.20 കോടി രൂപ! ആകെയുള്ള 14 ഗെയിമുകളിൽ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് ലഭിക്കുക 1.69 കോടിയോളം രൂപയാണ്. ഈ കണക്കു പ്രകാരം മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവർക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.
ഫലത്തിൽ ഗുകേഷിന് 1.35 മില്യൻ യുഎസ് ഡോളറാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽനിന്ന് സമ്മാനമായി ലഭിക്കുക. ഇത് ഏതാണ്ട് 11.34 കോടി രൂപയോളം വരും. ഇതിന്റെ വലിയൊരു വിഹിതം നികുതിയായി പോകും. ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ഗുകേഷിന് തമിഴ്നാട് സർക്കാർ സമ്മാനമായി അഞ്ച് കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.
English Summary:
How Much Income Tax Does The World Chess Champion D Gukesh Pay?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]