മോസ്കോ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറൻ ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. നിർണായകമായ 14ാ–ം ഗെയിമിന്റെ അവസാന ഘട്ടത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവിന്റെ പേരിലാണ്, മത്സരം മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ ആരോപണം ഉയർത്തിയത്. എന്നാൽ, കായിക മേഖല തന്നെ ഇത്തരം പിഴവുകളിലാണ് നിലനിൽക്കുന്നതെന്ന് ഫിഡെ പ്രസിഡന്റ് അർകാദി ദോർക്കോവിച്ച് ചൂണ്ടിക്കാട്ടി.
‘‘കായിക മേഖല തന്നെ നിലനിൽക്കുന്നത് പിഴവുകളിലാണ്. പിഴവുകളില്ലെങ്കിൽ ഫുട്ബോളിൽ ആർക്കെങ്കിലും ഗോൾ നേടാനാകുമോ? എല്ലാ കായിക താരങ്ങളും പിഴവുകൾ വരുത്താറുണ്ട്. വിവിധ കായികയിനങ്ങളിലെ ഇത്തരം പിഴവുകളും അതിന്റെ അനന്തര ഫലങ്ങളുമാണ് നമ്മിൽ ആവേശം സൃഷ്ടിക്കുന്നത്’ – ദോർക്കോവിച്ച് പറഞ്ഞു.
ഗുകേഷ് കിരീടം ചൂടിയതിനു പിന്നാലെ, റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.
58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.
അവസാന ഘട്ടത്തിൽ ഡിങ് ലിറൻ വരുത്തിയ ഈ പിഴവുമായി ബന്ധപ്പെട്ടാണ് റഷ്യൻ ചെസ് ഫെഡറേഷൻ അധ്യക്ഷൻ സംശയം ഉന്നയിച്ചത്. ഇക്കാര്യത്തിൽ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) അന്വേഷണം നടത്തണമെന്നായിരുന്നു ആന്ദ്രെ ഫിലാത്തോവിന്റെ ആവശ്യം.
‘‘ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രഫഷനലുകളിലും ആരാധകരിലും വലിയ ആശ്ചര്യമുളവാക്കിയിട്ടുണ്ട്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ചൈനീസ് താരത്തിന്റെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇക്കാര്യത്തിൽ ഫിഡെ പ്രത്യേക അന്വേഷണം നടത്തണം’ – ഫിലാത്തോവ് ആവശ്യപ്പെട്ടു.
‘‘ഡിങ് ലിറൻ തോൽവിയിലേക്കു നീങ്ങിയ, മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തിൽ സാധാരണ ചെസ് താരങ്ങൾ പോലും തോൽക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് വാസ്തവം. 14–ാം ഗെയിമിൽ ചൈനീസ് താരത്തിന്റെ തോൽവി ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആ തോൽവി മനഃപൂർവമായിരുന്നുവെന്ന് സംശയിക്കണം’ – ഫിലാത്തോവ് പറഞ്ഞു.
English Summary:
World Chess Body Reacts To Claims Of Ding Liren ‘Deliberately Losing’ To D Gukesh
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]