ഹൈദരാബാദ് ∙ ‘‘ ചെറിയ ഗ്രൗണ്ടാണ് ഞങ്ങളുടേത്. അവസാനനിമിഷം വരെ ഇവിടെ എന്തും സംഭവിക്കാം..’’ ശ്രീനിധി ഡെക്കാൻ എഫ്സിയുടെ ഗോൾകീപ്പർ സി.കെ.ഉബൈദ് പറയുന്നു. ഇന്നലെ സന്തോഷ് ട്രോഫിയിൽ കേരള– ഗോവ മത്സരം കാണാൻ എത്തിയതായിരുന്നു ഉബൈദ്. സന്തോഷ് ട്രോഫി മത്സരങ്ങൾ ഐ ലീഗ് ക്ലബ് ശ്രീനിധിയുടെ ഹോം ഗ്രൗണ്ടായ ഡെക്കാൻ അരീന സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിനുവേണ്ട സാങ്കേതിക സഹായം നൽകുന്നത് ശ്രീനിധി ഡെക്കാനാണ്. 1500 പേർക്ക് മാത്രമിരിക്കാവുന്ന ഗാലറിയുള്ള ചെറിയ സ്റ്റേഡിയമാണ് ഡെക്കാൻ അരീന. മൈതാനത്തിനു സാധാരണ ഫുട്ബോൾ ഗ്രൗണ്ടുകളെക്കാൾ നേരിയ തോതിൽ വലിപ്പക്കുറവുമുണ്ട്.
‘‘എത്ര ഗോളുകൾക്കു മുന്നിട്ടുനിന്നാലും അവസാന നിമിഷം വരെ എതിർ ടീം ഗോളടിച്ചേക്കാം. അത് ഈ മൈതാനത്തിന്റെ പ്രത്യേകതയാണ്’’– ഉബൈദ് പറഞ്ഞു. ഉബൈദ് പറഞ്ഞതു തന്നെ കളിയിലും സംഭവിച്ചു. 4–1ന് മുന്നിട്ടുനിന്ന കേരളത്തിനെതിരെ അവസാന 20 മിനിറ്റിനിടെ തുടർച്ചയായി 2 ഗോളുകളാണ് ഗോവ അടിച്ചത്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഉബൈദ് മുൻപ് ഗോകുലം താരമായിരുന്നു. 2019ൽ ഡ്യുറാൻഡ് കപ്പും 2020–21 സീസണിൽ ഐ ലീഗും ഗോകുലം നേടുമ്പോൾ ഉബൈദായിരുന്നു ഗോളി. ഇപ്പോൾ കുടുംബസമേതം ഹൈദരാബാദിലാണ് താമസം.
English Summary:
Santosh Trophy: Deccan FC goalkeeper C K Ubaid predicts Santosh Trophy twists at Deccan Arena Stadium
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]