
കൊച്ചി ∙ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നിർമാണം സംസ്ഥാന സ്കൂൾ ഒളിംപിക്സിനു മുൻപു പൂർത്തിയാകുമോ? നവംബർ 7ന് ആരംഭിക്കുന്ന അത്ലറ്റിക്സ് മത്സരങ്ങളുടെ വേദിയാണ് ഇവിടം. പുതിയ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം മഴമൂലം തടസ്സപ്പെടുന്നതിനാൽ, നിശ്ചിത സമയത്തിനു മുൻപു ട്രാക്ക് ഒരുക്കാൻ സാധിച്ചേക്കില്ലെന്നാണ് ആശങ്ക.
ഇപ്പോഴത്തെ നിലയിൽ ട്രാക്ക് നിർമാണം പൂർത്തിയാകാൻ 15 ദിവസമെങ്കിലും വേണം. മഴ പെയ്താൽ അതു പിന്നെയും നീളും. സമയത്തു പൂർത്തിയായില്ലെങ്കിൽ സ്കൂൾ ഒളിംപിക്സിലെ അത്ലറ്റിക്സ് ഇനങ്ങൾ നടക്കാനും കാലതാമസമുണ്ടാകും. അത്ലറ്റിക്സ് നടത്താൻ സൗകര്യമുള്ള വേദി ജില്ലയിൽ വേറെങ്ങുമില്ല.
3 പാളികളായാണ് സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നത്. ഇതിൽ രണ്ടാം പാളിയുടെ നിർമാണം പൂർത്തിയാകാൻ മൂന്നു ദിവസം കൂടിയെങ്കിലും വേണമെന്നു ഹൈദരാബാദ് ആസ്ഥാനമായ നിർമാണക്കമ്പനി ഗ്രേറ്റ് സ്പോർട്സ് അധികൃതർ പറയുന്നു. ഏറ്റവും മുകളിലെ ട്രാക്ക് നിർമിക്കാൻ പിന്നെയും വേണം ഒരാഴ്ച. അതു കഴിഞ്ഞാൽ ട്രാക്കിലെ ലൈൻ മാർക്ക് ചെയ്യാൻ 5 ദിവസംകൂടി വേണം. സിന്തറ്റിക് മെറ്റീരിയൽ ഉറയ്ക്കാൻ രണ്ടു മണിക്കൂർ മതിയെന്നാണു നിർമാണക്കമ്പനി അധികൃതർ പറയുന്നത്. പ്രതലത്തിൽ നനവുണ്ടാകരുതെന്നു മാത്രം. എന്നാൽ, തുടർച്ചയായി മഴ പെയ്യുന്നതാണ് പ്രധാന തിരിച്ചടി. സ്പോർട്സ് കേരള ഫൗണ്ടേഷനാണു സിന്തറ്റിക് ട്രാക്ക് നിർമാണച്ചുമതല.
ഫീൽഡിലും പ്രതിസന്ധി
ഹാമർത്രോ, ഡിസ്കസ് ത്രോ, ഷോട്പുട്ട് തുടങ്ങിയ ഇനങ്ങളുടെ നടത്തിപ്പിലുമുണ്ടു പ്രതിസന്ധി. മീറ്റിലെ വിവിധ ജംപിങ് ഇനങ്ങളുടെ ആവശ്യത്തിനു നാലു പിറ്റുകളിലായി വേണ്ടതു 12 ടേക് ഓഫ് ബോർഡുകളാണ് (ഓടി വരുന്ന താരം ചാടാൻ ചവിട്ടിക്കുതിക്കുന്ന പ്രതലം.) എന്നാൽ, നിർമാണക്കമ്പനി എത്തിച്ചിട്ടുള്ളതു മൂന്നേ മൂന്നു ടേക് ഓഫ് ബോർഡുകൾ. ശേഷിക്കുന്ന 9 ബോർഡുകളുടെ കാര്യം കരാറിൽ ഇല്ലെന്നാണു നിർമാണക്കമ്പനി പറയുന്നത്. ഒരു ബോർഡ് സ്ഥാപിക്കാൻ അര ലക്ഷം രൂപയെങ്കിലും ചെലവാകും.
ത്രോ ഇനങ്ങൾക്കുള്ള കേജുകളുടെ (ഹാമർ ത്രോയും ഡിസ്കസ് ത്രോയും മറ്റും അപകടമുണ്ടാകുന്നതു തടയാനുള്ള കൂട്) നിർമാണവും തങ്ങളുടെ കരാറില്ലെന്നു നിർമാണക്കമ്പനി പറയുന്നു.
English Summary:
Track construction for school athletics soaked in rain
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]