ബെംഗളൂരു∙ ഇന്ത്യ– ന്യൂസീലൻഡ് ടെസ്റ്റിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിൽ ശക്തമായ മഴയായതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ കിവീസിനെതിരെ ആധികാരിക ജയം ലക്ഷ്യമിട്ടാണ് 3 മത്സര പരമ്പരയിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. സമീപകാലത്തെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന ന്യൂസീലൻഡിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇന്ത്യൻ പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ.
പിച്ച് റിപ്പോർട്ട്
ബാറ്റർമാർക്കും സ്പിന്നർമാർക്കും അനുകൂലമായ പിച്ചാണ് ചിന്നസ്വാമിയിലേത്. ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ രണ്ടു ദിവസം ബാറ്റിങ്ങിനും ബാക്കി 3 ദിവസം സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കും. ബെംഗളൂരുവിൽ ഇന്നു മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
ഇന്നലെ പെയ്ത മഴയിൽ പിച്ച് മൂടുന്ന ഗ്രൗണ്ട് സ്റ്റാഫ്.
നേർക്കുനേർ
ആകെ ടെസ്റ്റ്: 62
ഇന്ത്യ: 22
ന്യൂസീലൻഡ്: 13
സമനില: 27
∙ ഇന്ത്യ റെഡി
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി എത്തുന്ന ഇന്ത്യയ്ക്ക് വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള തയാറെടുപ്പാണ് ഈ മത്സരങ്ങൾ. ബാറ്റിങ്ങിൽ രോഹിത് ശർമയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ തന്നെ ഓപ്പണറായി എത്തും. ശുഭ്മൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ.രാഹുൽ എന്നിവരടങ്ങിയ ടോപ് ഓർഡർ സുശക്തം. ബോളിങ്ങിൽ മൂന്നാം സ്പിന്നർ വേണമെന്നു തോന്നിയാൽ ആർ.അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം അക്ഷർ പട്ടേലോ കുൽദീപ് യാദവോ ആദ്യ ഇലവനിൽ എത്തും.
സ്റ്റാർ ബാറ്റർ: യശസ്വി ജയ്സ്വാൾ
ഇക്കഴിഞ്ഞ ബംഗ്ലദേശ് പരമ്പരയിൽ 3 അർധ സെഞ്ചറി ഉൾപ്പെടെ 189 റൺസുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായ യുവതാരം യശസ്വി ജയ്സ്വാളിൽ തന്നെയാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. രോഹിത് ശർമയ്ക്കൊപ്പം വെടിക്കെട്ട് തുടക്കം നൽകുന്ന ഇരുപത്തിരണ്ടുകാരൻ ഇടംകൈ ബാറ്റർക്ക് ഓസീസ് പര്യടനത്തിനു മുൻപ് ആത്മവിശ്വാസം വർധിപ്പിക്കാനുള്ള അവസരമാണിത്.
സ്റ്റാർ ബോളർ: ആർ.അശ്വിൻ
ഇന്ത്യൻ പിച്ചുകളിൽ പന്ത് തിരിക്കുന്ന ലാഘവത്തോടെ മത്സരത്തിന്റെ ഗതി തിരിക്കുന്ന സ്പിന്നർ ആർ. അശ്വിനാണ് ഇന്ത്യൻ ബോളിങ്ങിന്റെ കരുത്ത്. ബംഗ്ലദേശ് പരമ്പരയിൽ 11 വിക്കറ്റും 114 റൺസുമായി ഓൾറൗണ്ട് മികവിലൂടെ പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം സ്വന്തമാക്കിയ അശ്വിനെ എങ്ങനെ നേരിടുമെന്നതാവും ന്യൂസീലൻഡിന്റെ പ്രധാന ആശങ്ക.
∙ കരുതലോടെ കിവീസ്
ശ്രീലങ്കയ്ക്കെതിരായ പരമ്പര 2–0നു തോറ്റതിന്റെ ഞെട്ടൽ വിട്ടുമാറാതെയാണ് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കായി കിവീസ് എത്തുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ലങ്കയെക്കാൾ കരുത്തരായ ഇന്ത്യയെ പിടിച്ചുകെട്ടുക സന്ദർശകർക്ക് എളുപ്പമാകില്ല. പരുക്കുമൂലം പുറത്തായ സീനിയർ താരം കെയ്ൻ വില്യംസന്റെ അഭാവം ടീമിനെ അലട്ടുന്നു. അജാസ് പട്ടേൽ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവരടങ്ങിയ സ്പിൻ നിരയിലാണ് കിവീസിന്റെ പ്രതീക്ഷ.
സ്റ്റാർ ബാറ്റർ: ഗ്ലെൻ ഫിലിപ്സ്
ഓൾറൗണ്ടർ മേലങ്കിയുമായി ടീമിൽ എത്തിയ ഗ്ലെൻ ഫിലിപ്സാണ് ബാറ്റിങ്ങിൽ കിവീസിന്റെ നട്ടെല്ല്. ലങ്കൻ പരമ്പരയിൽ ഉൾപ്പെടെ മധ്യനിരയിൽ ഫിലിപ്സ് നടത്തുന്ന രക്ഷാപ്രവർത്തനമാണ് പലപ്പോഴും കിവീസിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. മുൻനിരയിൽ ടോം ലാതമുൾപ്പെടെയുള്ള ബാറ്റർമാർ പരാജയപ്പെട്ടാൽ മധ്യനിരയിൽ ഫിലിപ്സിനെ തന്നെ കിവീസ് ആശ്രയിക്കേണ്ടിവരും.
സ്റ്റാർ ബോളർ: അജാസ് പട്ടേൽ
കഴിഞ്ഞ ഇന്ത്യൻ പരമ്പരയിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ട അജാസ് പട്ടേലിനു തന്നെയാണ് ഇത്തവണയും ബോളിങ്ങിന്റെ ചുമതല. 18 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30.42 ശരാശരിയിൽ 70 വിക്കറ്റ് നേടിയ മുപ്പത്തിയഞ്ചുകാരൻ അജാസിന്റെ ഇടംകൈ സ്പിന്നിൽ ഊന്നിയാകും ഇന്ത്യൻ പരമ്പരയിൽ കിവീസ് മുന്നോട്ടുപോകുക.
∙ ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കാൻ വിരാട് കോലിക്ക് ഇനി 53 റൺസ് കൂടി മതി. 115 ടെസ്റ്റുകളിൽ നിന്ന് 48.89 ശരാശരിയിൽ 8947 റൺസാണ് കോലിയുടെ നേട്ടം.
English Summary:
India-New Zealand test series starts today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]