
പട്ന∙ രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരമായ സാക്ഷാൽ വിരാട് കോലി തന്റെ കീഴിൽ കളിച്ചിട്ടുണ്ടെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന താരങ്ങളിൽ മിക്കവരും തന്റെ സഹതാരങ്ങളായിരുന്നുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തേജസ്വിയുടെ വാക്കുകൾ.
വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന കാരണത്താൽ രാഷ്ട്രീയ എതിരാളികൾ തേജസ്വി യാദവിനെ പരിഹസിക്കുന്നത് പതിവാണ്. തേജസ്വി യാദവ് ഒൻപതാം ക്ലാസിൽ തോറ്റയാളാണെന്ന് പ്രശാന്ത് കിഷോറും വിമർശനം ഉന്നയിച്ചിരുന്നു. മാതാപിതാക്കൾ രണ്ടു പേരും മുഖ്യമന്ത്രിമാരായിരുന്ന വ്യക്തി 10–ാം ക്ലാസ് പാസായിട്ടില്ലെങ്കിൽ അത് അയാളുടെ വിദ്യാഭ്യാസത്തോടുള്ള മനോഭാവമാണ് കാണിക്കുന്നതെന്നായിരുന്നു പ്രശാന്തിന്റെ വിമർശനം.
ഇതിനിടെയാണ്, ‘വിരാട് കോലി എനിക്കു കീഴിൽ കളിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത് എന്താണ്’ എന്ന തേജസ്വിയുടെ ചോദ്യം. ഡൽഹി ജൂനിയർ ടീമുകളിൽ വിരാട് കോലിയും തേജസ്വി യാദവും ഒരുമിച്ചു കളിച്ചിരുന്നു.
‘‘ഞാൻ ദേശീയ തലത്തിൽ കളിച്ചിട്ടുള്ള ഒരു ക്രിക്കറ്റ് താരമാണ്. അതേക്കുറിച്ച് ആരും ഒന്നും മിണ്ടാറില്ലല്ലോ. സാക്ഷാൽ വിരാട് കോലി ഞാൻ ക്യാപ്റ്റനായ ടീമിൽ കളിച്ചിട്ടുണ്ട്. അതേക്കുറിച്ചും ആരും മിണ്ടാറില്ല. അതെന്താണ് ആരും പറയാത്തത്? പ്രഫഷനൽ താരമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് ഞാൻ. ഇന്ത്യൻ ടീമിൽ കളിക്കുന്ന ഒട്ടേറെ താരങ്ങൾ എനിക്കൊപ്പം കളിച്ചിട്ടുള്ളവരാണ്. എന്റെ രണ്ട് ലിഗ്മെന്റുകൾക്കും തകരാർ സംഭവിച്ചതോടെയാണ് ഞാൻ സജീവ ക്രിക്കറ്റ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.’ – തേജസ്വി യാദവ് പറഞ്ഞു.
“Virat Kohli player under my captaincy”
~ Tejashwi Yadavpic.twitter.com/MKjePwSRxh
— Cricketopia (@CricketopiaCom) September 14, 2024
ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിനായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മുൻ ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ്. ഒരു ഫസ്റ്റ് ക്ലാസ് മത്സരവും രണ്ട് ലിസ്റ്റ് എ മത്സരങ്ങളും നാല് ട്വന്റി20 മത്സരങ്ങളുമാണ് തേജസ്വിയുടെ പേരിലുള്ളത്.
ഇതിനു പുറമേ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ഡെയർഡെവിൾസിലും (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) 2008 മുതൽ 2018 വരെ തേജസ്വി അംഗമായിരുന്നു. അതേസമയം, ഐപിഎലിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല.
2009ൽ വിദർഭയ്ക്കെതിരെയായിരുന്നു തേജസ്വിയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ലിസ്റ്റ് എ ക്രിക്കറ്റിൽ 2010ൽ ത്രിപുര, ഒഡീഷ ടീമുകൾക്കെതിരെ കളത്തിലിറങ്ങി. ട്വന്റി20യിൽ ഒഡീഷ, അസം, ബംഗാൾ, ത്രിപുര ടീമുകൾക്കെതിരെയും കളിച്ചു.
English Summary:
‘Virat Kohli Played Under My Captaincy’: Tejashwi Yadav On Prashant Kishor’s ‘9th Fail’ Remark
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]