ബെംഗളൂരു∙ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച മയാങ്ക് അഗർവാളിന്റെ ഇന്ത്യ എയ്ക്കെതിരെ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിനും ഏറെയകലെ ഇടറി വീണ് സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡി. ആവേശകരമായ മത്സത്തിൽ 186 റൺസിനാണ് ഇന്ത്യ ഡി, സഞ്ജുവിനെയും സംഘത്തെയും തോൽപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയുമായി പടനയിച്ച റിക്കി ഭുയിയുടെ പോരാട്ടം വിഫലമായി. 488 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഡി, 82.2 ഓവറിൽ 301 റൺസിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചറിയും രണ്ട് ഇന്നിങ്സിലുമായി നാലു വിക്കറ്റും വീഴ്ത്തിയ ഷംസ് മുളാനിയാണ് കളിയിലെ കേമൻ.
സ്കോർ: ഇന്ത്യ എ – 290, 380/3, ഇന്ത്യ ഡി – 183, 301. സീസണിൽ ഇന്ത്യ ഡിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇന്ത്യ എയുടെ ആദ്യ ജയവും.
റിക്കി ഭുയി 195 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതമാണ് 113 റൺസെടുത്തത്. റിക്കി ഭുയിക്കു പുറമേ ഓപ്പണർ യഷ് ദുബെ (94 പന്തിൽ 37), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (55 പന്തിൽ 41), സഞ്ജു സാംസണ് (45 പന്തിൽ 40), സൗരഭ് കുമാർ (46 പന്തിൽ 22), ഹർഷിത് റാണ (27 പന്തിൽ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 21 ഓവറിൽ 73 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ തനുഷ് കൊട്ടിയനാണ് ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചത്. ഷംസ് മുളാനി 29 ഓവറിൽ 117 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ്, റിയാൻ പരാഗ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Sanju Samson Quick Fire 40 in 45 in Duleep Trophy 🏆 #Sagar #SanjuSamson
pic.twitter.com/0ksCKeCnu7
— Sagar Mhatre (@MhatreGang) September 15, 2024
രണ്ടാം വിക്കറ്റിൽ റിക്കി ഭുയി – യഷ് ദുബെ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യ ഡിയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 169 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 100 റൺസ്. യഷ് ദുബെയുടെ നിർഭാഗ്യകരമായ റണ്ണൗട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് നാലാം വിക്കറ്റിൽ റിക്കി ഭുയി – ശ്രേയസ് അയ്യർ സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 90 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 53 റൺസ്.
ശ്രേയസ് അയ്യർ അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായ ശേഷം ഒന്നിച്ച റിക്കി ഭുയി – സഞ്ജു സാംസൺ സഖ്യവും അർധസെഞ്ചറി കൂട്ടുകെട്ടുമായി കരുത്തുകാട്ടി. 82 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 62 റൺസ്. ആക്രമിച്ചു കളിച്ച സഞ്ജുവിനെ കുമാർ കുശാക്രയുടെ കൈകളിലെത്തിച്ച് ഷംസ് മുളാനിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
∙ ഇന്ത്യ എയ്ക്ക് കരുത്തായി ‘ഇരട്ട സെഞ്ചറി’
നേരത്തേ, ഓപ്പണർ പ്രതാം സിങ്, യുവതാരം തിലക് വർമ എന്നിവർ സെഞ്ചറിയുമായി തിളങ്ങിയതോടെയാണ് ഇന്ത്യ ഡിയ്ക്കു മുന്നിൽ മയാങ്ക് യാദവ് നയിക്കുന്ന ഇന്ത്യ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ 98 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇതോടെ ഒന്നാം ഇന്നിങ്സിലെ 107 റൺസ് കടം കൂടി ചേർത്ത് ഇന്ത്യ ഡിയ്ക്കു മുന്നിൽ ഉയർന്നത് 488 റൺസ് വിജയലക്ഷ്യം.
Another✌️ massive wickets for Shams Mulani 👌
After Devdutt Padikkal, Mulani has picked up the big wickets of Shreyas Iyer & Sanju Samson who were looking ominous 🙌#DuleepTrophy2024#SANJUSAMSON#SHREYASIYER pic.twitter.com/IR8KTVAXoB
— ASHER.🇮🇳. (@ASHUTOSHAB10731) September 15, 2024
പ്രതാം സിങ് 189 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 122 റൺസെടുത്തു. വ്യക്തിഗത സ്കോർ 88ൽ നിൽക്കെ, 6, 4, 4 എന്നിങ്ങനെ നേടിയാണ് പ്രതാം സിങ് സെഞ്ചറിയിലെത്തിയത്. വൺഡൗണായി ക്രീസിലെത്തിയ തിലക് വർമ 193 പന്തിൽ ഒൻപതു ഫോറുകളോടെ 111 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ, ശാശ്വത് സിങ് എന്നിവർ അർധസെഞ്ചറി നേടി.
ഇന്ത്യ എയുടെ ഇന്നിങ്സിൽ ആകെ മൂന്നു സെഞ്ചറി കൂട്ടുകെട്ടുകളാണ് പിറന്നത്. ഓപ്പണിങ് വിക്കറ്റിൽ പ്രതാം സിങ് – അഗർവാൾ സഖ്യം 169 പന്തിൽ അടിച്ചുകൂട്ടിയത് 115 റൺസ്. രണ്ടാം വിക്കറ്റിൽ തിലക് വർമ – പ്രതാം സിങ് സഖ്യം 190 പന്തിൽ 104 റൺസ് നേടി. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗ് – തിലക് വർമ സക്യം 55 പന്തിൽ 45 റൺസെടുത്തു. പിരിയാത്ത നാലാം വിക്കറ്റിൽ തിലക് വർമ – ശാശ്വത് സിങ് സഖ്യം 174 പന്തിൽ അടിച്ചുകൂട്ടിയത് 116 റൺസ്.
മയാങ്ക് 87 പന്തിൽ എട്ടു ഫോറുകൾ സഹിതം 56 റൺസെടുത്ത് പുറത്തായി. ശാശ്വത് സിങ് 88 പന്തിൽ ഏഴു ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. റിയാൻ പരാഗാണ് ഇന്ത്യ എ നിരയിൽ പുറത്തായ മറ്റൊരു താരം. പരാഗ് 31 പന്തിൽ രണ്ടു സിക്സുകൾ സഹിതം 20 റൺസെടുത്തു. ഇന്ത്യ ഡിയ്ക്കായി സൗരഭ് കുമാർ 26 ഓവറിൽ 110 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ശ്രേയസ് അയ്യർ നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ എ 290 റൺസെടുത്തപ്പോൾ, ഇന്ത്യ ഡി 183 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ഡി നായകൻ ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായപ്പോൾ, ഫോറടിച്ച് മികച്ച തുടക്കമിട്ട സഞ്ജു സാംസൺ അഞ്ച് റൺസുമായി മടങ്ങി.
English Summary:
India A vs India D, Duleep Trophy 2024 Match, Day 4 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]