
തിരുവനന്തപുരം∙ ഒറ്റ ദിവസം രണ്ടു സെഞ്ചറിയുമായി കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഹാപ്പി ഓണം. ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനായി ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് സെഞ്ചറി (103) നേടിയതെങ്കിൽ, രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഓപ്പണർ ആനന്ദ് കൃഷ്ണൻ സെഞ്ചറി നേടി. ആനന്ദിന്റെ തകർപ്പൻ സെഞ്ചറിക്കരുത്തിൽ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 193 റൺസ്. ആലപ്പിയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസിൽ അവസാനിച്ചു. ബ്ലൂ ടൈഗേഴ്സിന്റെ വിജയം 25 റൺസിന്.
ഓപ്പണർ ആനന്ദ് കൃഷ്ണൻ 66 പന്തിൽ പുറത്താകാതെ അടിച്ചുകൂട്ടിയ 138 റൺസാണ് ബ്ലൂ ടൈഗേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒൻപതു ഫോറും 11 സിക്സും ഉൾപ്പെടുന്നതാണ് ആനന്ദിന്റെ ഇന്നിങ്സ്. കെസിഎലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിഷ്ണു വിനോദിന്റെ റെക്കോർഡ് (139) ഒറ്റ റണ്ണിനാണ് ആനന്ദിന് നഷ്ടമായത്. ആനന്ദിനു പുറമേ ജോബിൻ (14 പന്തിൽ 11), ഷോൺ റോജർ (23 പന്തിൽ 11), നിഖിൽ തോട്ടത്ത് (11 പന്തിൽ 15), അനന്ദു (ഏഴു പന്തിൽ പുറത്താകാതെ 13) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ആലപ്പി റിപ്പിൾസിനായി വിശ്വേശ്വർ സുരേഷ് നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വിനൂപ് മനോഹരൻ നാല് ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
194 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ആലപ്പിക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ അർധസെഞ്ചറി നേടിയെങ്കിലും ടീമിനു വിജയം സമ്മാനിക്കാനായില്ല. അസ്ഹർ 42 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 65 റണ്‍സെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണർ കൃഷ്ണ പ്രസാദ് 33 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്തു. പിന്നീടു വന്നവരിൽ രണ്ടക്കം കണ്ടത് ടി.കെ. അക്ഷയ് (10 പന്തിൽ 15), ആൽഫി ഫ്രാൻസിസ് (14 പന്തിൽ പുറത്താകാതെ 18) എന്നിവർ മാത്രം.
ബ്ലൂ ടൈഗേഴ്സിനായി പി.എസ്. ജെറിൻ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും സിജോമോൻ ജോസഫ് നാല് ഓവറിൽ 23 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ബേസിൽ തമ്പി, ജി.അനൂപ്, അജയഘോഷ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
English Summary:
Kochi Blue Tigers Vs Alleppey Ripples, KCL 2024 Match – Live Updates
TAGS
Kerala Cricket League (KCL)
Kochi Blue Tigers
Alleppey Ripples
Kerala Cricket Association (KCA)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net