പോർവോറിം∙ ഒട്ടേറെ ബാറ്റിങ് റെക്കോർഡുകൾകൊണ്ട് സമ്പന്നമായ രഞ്ജി ട്രോഫി മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ ചരിത്രവിജയവുമായി ഗോവ. രണ്ട് താരങ്ങൾ ട്രിപ്പിൾ സെഞ്ചറിയുമായി ചരിത്രമെഴുതിയ മത്സരത്തിൽ, ഇന്നിങ്സിനും 551 റൺസിനുമാണ് ഗോവയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അരുണാചൽ ഒന്നാം ഇന്നിങ്സിൽ 30.3 ഓവറിൽ 84 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഗോവ 92 ഓവറിൽ അടിച്ചുകൂട്ടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 727 റൺസ്. 643 റൺസിന്റെ കൂറ്റൻ കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച അരുണാചൽ 22.3 ഓവറിൽ 92 റൺസിന് പുറത്തായതോടെയാണ് ഗോവയ്ക്ക് ഐതിഹാസിക വിജയം സ്വന്തമായത്.
കശ്യപ് ബാക്ലെ (300*), സ്നേഹൽ കൗതാൻകർ (314*) എന്നിവർ ട്രിപ്പിൾ സെഞ്ചറിയുമായി തിളങ്ങിയ ഗോവൻ ഇന്നിങ്സിൽ, ഒട്ടേറെ ബാറ്റിങ് റെക്കോർഡുകളും പിറന്നിരുന്നു. രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയമാണിത്. 2022ൽ ഉത്തരാഖണ്ഡിനെതിരെ മുംബൈ ഇന്നിങ്സിനും 725 റൺസിനും ജയിച്ചതാണ് ഒന്നാമത്.
ബാക്ലെ 269 പന്തിൽ 39 ഫോറും 2 സിക്സും സഹിതമാണ് 300 റൺസെടുത്തത്. സ്നേഹൽ 215 പന്തിൽ 45 ഫോറും നാലു സിക്സും സഹിതം 314 റൺസോടെയും പുറത്താകാതെ നിന്നു. 205 പന്തിലാണ് സ്നേഹൽ ട്രിപ്പിൾ സെഞ്ചറി പിന്നിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ ട്രിപ്പിൾ സെഞ്ചറിയെന്ന റെക്കോർഡ് സ്നേഹൽ സ്വന്തമാക്കി. 205 പന്തിൽ ട്രിപ്പിൾ സെഞ്ചറി പിന്നിട്ട സ്നേഹലിനു മുൻപിലുള്ളത് 147 പന്തിൽ 300 കടന്ന ഹൈദരാബാദിന്റെ തൻമയ് അഗർവാൾ (അരുണാചലിനെതിരെ തന്നെ 2023ൽ), ദക്ഷിണാഫ്രിക്കയുടെ മാർക്കോ മറായ്സ് (ഈസ്റ്റേൺ പ്രോവിൻസിനെതിരെ ബോർഡറിനായി 2017–18ൽ 191 പന്തിൽ) എന്നിവർ. ഇന്ത്യക്കാരുടെ അതിവേഗ ട്രിപ്പിൾ സെഞ്ചറികളിൽ ബാക്ലെയുടെ 269 പന്തിൽ നേടിയ ട്രിപ്പിൾ മൂന്നാമതുമുണ്ട്.
ഇരുവരും ചേർന്ന് പിരിയാത്ത മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 606 റൺസും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. രഞ്ജി ട്രോഫിയുടെ 90 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഇരുവരുടെയും റെക്കോർഡ് പ്രകടനത്തിന്റെ ബലത്തിലാണ് ഗോവ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 727 റൺസെടുത്ത് ഡിക്ലയർ ചെയ്തത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 2006ൽ ശ്രീലങ്കയുടെ കുമാർ സംഗക്കാര – മഹേള ജയവർധനെ സഖ്യം പടുത്തുയർത്തിയ 624 റൺസ് കൂട്ടുകെട്ടാണ് ഒന്നാമത്. ഇതിനു പിന്നിലാണ് ബാക്ലെ – സ്നേഹൽ സഖ്യം. ഇതിനു മുൻപ് രഞ്ജി ട്രോഫിയിലെ ഉയർന്ന കൂട്ടുകെട്ട് 594 റൺസായിരുന്നു. ഡൽഹിക്കെതിരെ 2016–17 സീസണിൽ മഹാരാഷ്ട്രയ്ക്കായി അങ്കിത് ബാവ്നെ – സ്വപ്നിൽ ഗുജാലെ സഖ്യമാണ് പിരിയാതെ 594 റൺസ് അടിച്ചുകൂട്ടിയത്.
രഞ്ജി ട്രോഫി ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ രണ്ട് ട്രിപ്പിൾ സെഞ്ചറി പിറക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1989–90 സീസണിൽ, ഗോവയ്ക്കെതിരെ തമിഴ്നാടിനായി ഡബ്ല്യു.വി. രാമൻ, കൃപാൽ സിങ് എന്നിവർ ട്രിപ്പിൾ സെഞ്ചറി നേടിയിരുന്നു.
അരുണാചലിന്റെ ഒന്നാം ഇന്നിങ്സിൽ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിന്റെ തകർപ്പൻ ബോളിങ് പ്രകടനമാണ് അവരെ 84 റൺസിൽ ഒതുക്കിയത്. അർജുൻ 9 ഓവറിൽ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
English Summary:
Double Triple Century Blitz: Goa Crushes Arunachal Pradesh in Record-Breaking Ranji Trophy Match*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]