
സിംഗപ്പുർ∙ ചെസ് ബോർഡിൽ പുതിയ ചരിത്രമെഴുതിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യൻ. ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരം കിരീടം ചൂടിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്.
ആകെയുള്ള 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. 14 ഗെയിമുകളിൽനിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക. ഇത്തവണ വാശിയേറിയ പോരാട്ടത്തിൽ 14–ാം ഗെയിമിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും.
ജയിക്കുന്നവർക്ക് കിരീടം എന്നതായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ആകർഷണം. എന്നാൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം സമനിലയിലേക്കാണെന്ന തോന്നലുയർന്നു. ഇതോടെ ഇത്തവണ ലോക ചാംപ്യനെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവരുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച അസാധാരണ പിഴവു മുതലെടുത്ത് ഗുകേഷ് വിജയം പിടിച്ചെടുത്തത്.
🇮🇳 Gukesh D is the 18th WORLD CHAMPION! 👏 🏆#DingGukesh pic.twitter.com/Cq9kEnKLzZ
— International Chess Federation (@FIDE_chess) December 12, 2024
∙ ലോക ചെസ് ചാംപ്യൻഷിപ്പ് – 14 ഗെയിമുകളിലെ മത്സരഫലങ്ങൾ ഇങ്ങനെ
ഗെയിം 1 – ഡിങ് ലിറനു ജയം, ലീഡ് (സ്കോർ: 1 – 0)
ഗെയിം 2 – സമനില, ഡിങ് ലിറൻ ലീഡ് നിലനിർത്തി (സ്കോർ: 1.5 – 0.5)
ഗെയിം 3 – ഡി.ഗുകേഷിനു ജയം, ചാംപ്യൻഷിപ്പിൽ ആദ്യമായി ഡിങ് ലിറനൊപ്പം (സ്കോർ: 1.5–1.5)
ഗെയിം 4 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 2–2)
ഗെയിം 5 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 2.5–2.5)
ഗെയിം 6 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 3–3)
ഗെയിം 7 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 3.5–3.5)
ഗെയിം 8 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 4–4)
ഗെയിം 9 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 4.5–4.5)
ഗെയിം 10 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 5–5)
ഗെയിം 11 – ഡി.ഗുകേഷിനു ജയം, ചാംപ്യൻഷിപ്പിൽ ആദ്യമായി ലീഡ് (സ്കോർ: 6 – 5)
ഗെയിം 12 – ഡിങ് ലിറനു ജയം, വീണ്ടും ഗുകേഷിനൊപ്പം (സ്കോർ: 6 – 6)
ഗെയിം 13 – സമനില, ഇരുവരും ഒപ്പത്തിനൊപ്പം (സ്കോർ: 6.5–6.5)
ഗെയിം 14 – ഡി.ഗുകേഷിന് അട്ടിമറി ജയം, ലോക ചാംപ്യൻ (സ്കോർ: 7.5-6.5)
English Summary:
World Chess Championship: D Gukesh vs Ding Liren 14th Game Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]