
കൊച്ചി∙ കായിക രംഗത്ത് കേരളത്തിനു നഷ്ടമായ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഒരു കാലത്തു രാജ്യത്തെ കായിക മേഖലയ്ക്കു വലിയ സംഭാവന നൽകിയ സംസ്ഥാനമാണ് കേരളം.
പിന്നീടെപ്പോഴോ നമ്മൾ പിന്നോട്ടു പോയി. സ്കൂൾ കായിക മേളയിൽ മികവ് തെളിയിച്ച താരങ്ങൾ കളിക്കളങ്ങളിൽനിന്ന് അപ്രത്യക്ഷരാകുന്ന സാഹചര്യവുമുണ്ടായി.
വിജയം ഗ്രേസ് മാർക്ക് നേടാനുള്ള ഉപാധിയുമായി. ഇതു മാറണം.
പഠനത്തിനൊപ്പം കായിക പരിശീലനവും ഉൾച്ചേർത്തുള്ള രീതിയാണു വേണ്ടത്. ഇതിനായി എസ്സിഇആർടിയുടെ നേതൃത്വത്തിൽ സ്കൂൾ സ്പോർട്സ് പാഠ്യപദ്ധതി സമീപന രേഖ പുറത്തിറക്കി കഴിഞ്ഞു.
കായിക മേളകൾ മെഡൽ നേടാനുള്ള വേദി എന്നതിനപ്പുറം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല ആരോഗ്യ ശീലങ്ങളുടെയും സന്ദേശം നൽകുന്നവയാകണം. ലഹരി ഉപയോഗം ഉൾപ്പെടെ അനാരോഗ്യകരമായ ശീലങ്ങളെ ഇല്ലാതാക്കാനുള്ള കടമയും കായിക താരങ്ങൾക്കുണ്ട്’– മുഖ്യമന്ത്രി പറഞ്ഞു. ഒളിംപിക്സ് മാതൃകയിലുള്ള സ്കൂൾ കായിക മേള 4 വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും ഈ മേളയുടെ വിജയം കണക്കിലെടുത്ത് എല്ലാ വർഷവും ഈ മാതൃകയിൽ തന്നെ നടത്തുന്നത് പരിഗണയിലാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ‘സ്കൂൾ കായിക മേള വിജയികളുടെ കാഷ് അവാർഡ് കൂട്ടുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഗ്രേസ് മാർക്കിന്റെ കാര്യത്തിലും പുനർചിന്തയുണ്ടാകും. കായിക അധ്യാപകരുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശ്രമമുണ്ടാകും’– മന്ത്രി പറഞ്ഞു. ഓവറോൾ ചാംപ്യന്മാർക്കായി പുതിയതായി ഏർപ്പെടുത്തി ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി മുഖ്യമന്ത്രി തിരുവനന്തപുരം ടീമിന് സമ്മാനിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരായ വി.ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, മേയർ എം.അനിൽ കുമാർ തുടങ്ങിയവർ ചേർന്ന് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ കെ.ജീവൻ ബാബു എന്നിവർ പ്രസംഗിച്ചു.
English Summary:
Pinarayi Vijayan: Government Aiming to Restore Kerala’s Glory in Sports
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]