![](https://newskerala.net/wp-content/uploads/2025/02/jasprit-bumrah-varun-chakravarthy-harshit-rana-1024x533.jpg)
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടിയായി സൂപ്പർതാരം ജസ്പ്രീത് ബുമ്ര പുറത്ത്. ചാംപ്യൻസ് ട്രോഫിക്കായി ആദ്യം പ്രഖ്യാപിച്ച ടീമിൽ അംഗമായിരുന്ന ബുമ്ര, പരുക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീമിനു പുറത്തായത്. ബുമ്രയ്ക്കു പകരം അടുത്തിടെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ യുവതാരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. ഐസിസി ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, ഈ മാസം 19നാണ് ആരംഭിക്കുന്നത്. പാക്കിസ്ഥാനാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നതെങ്കിലും, ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുക.
ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ പുറംവേദന പിടികൂടിയതോടെയാണ് ബുമ്ര വിശ്രമത്തിലായത്. പരമ്പരയിൽ ഉജ്വല ഫോമിലായിരുന്ന ബുമ്ര, അഞ്ചാം ടെസ്റ്റിനിടെയാണ് പരുക്കിന്റെ പിടിയിലായത്. ഇതോടെ അവസാന ടെസ്റ്റിന്റെ നിർണായകമായ രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്ക് ബോൾ ചെയ്യാനും കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്നു നടക്കുന്ന മൂന്നാം മത്സരത്തിനുള്ള ടീമിൽ ബുമ്രയെ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നെങ്കിലും, പരുക്കു ഭേദമാകില്ലെന്ന് വ്യക്തമായതോടെ ഒഴിവാക്കിയിരുന്നു.
ആദ്യം പ്രഖ്യാപിച്ച ടീമിൽ അംഗമായിരുന്ന യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി സ്പിന്നർ വരുൺ ചക്രവർത്തിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന വരുൺ ചക്രവർത്തി, തൊട്ടുപിന്നാലെ നടന്ന ഏകദിന പരമ്പരയിൽ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. ഇതോടെ ഏകദിനത്തിൽ അരങ്ങേറുന്ന പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യക്കാരനായും താരം മാറി.
ട്വന്റി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ആദ്യം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഇപ്പോൾ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിലും മുപ്പത്തിമൂന്നുകാരനായ വരുണിന് ഇടം നൽകിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ അരങ്ങേറ്റത്തിൽ വരുൺ 54 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
അടുത്തിടെ മാത്രം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹർഷിത് റാണ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ അരങ്ങേറ്റത്തിൽ മൂന്നു വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു. ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു വീതം ടെസ്റ്റും ഏകദിനവും ഒരു ട്വന്റി20 മത്സരവും മാത്രമാണ് റാണ കളിച്ചിട്ടുള്ളത്.
15 അംഗ ടീമിനു പുറത്തായെങ്കിലും യശസ്വി ജയ്സ്വാളിനെ മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവർക്കൊപ്പം നോൺ ട്രാവലിങ് സബ്സ്റ്റിറ്റ്യൂട്ടായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുബായിലെത്തി ടീമിനൊപ്പം ചേരുന്ന തരത്തിലാണ് ഇവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്രമീകരണം.
ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ്. രണ്ടാം മത്സരത്തിൽ ഫെബ്രുവരി 23ന് ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. അവസാന ഗ്രൂപ്പ് മത്സരത്തിൽ മാർച്ച് 2ന് ന്യൂസീലൻഡിനെയും ഇന്ത്യ നേരിടും.
ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
English Summary:
Jasprit Bumrah ruled out as Harshit Rana comes in, Varun makes final Champions Trophy squad
TAGS
Jasprit Bumrah
Champions Trophy Cricket 2025
Indian Cricket Team
Harshit Rana
Varun Chakravarthy
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]