ദുബായ്∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും സൂപ്പർ താരം വിരാട് കോലിക്കും വൻ തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ 30 ബാറ്റർമാരിൽ ഇല്ല. ബാറ്റർമാരുടെ പുതിയ റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ പിന്നോട്ടുപോയ രോഹിത് 31–ാം സ്ഥാനത്താണ്. ആറു സ്ഥാനങ്ങൾ പിന്നോട്ടുപോയ വിരാട് കോലി 20–ാം സ്ഥാനത്തും നിൽക്കുന്നു.
ഷഹബാസിന്റെ പോരാട്ടം (55) വിഫലം; ഷമിയുടെ ബംഗാളിനെ തകർത്ത് ‘പാണ്ഡ്യ ബ്രദേഴ്സി’ന്റെ ബറോഡ സെമിയിൽ- വിഡിയോ
Cricket
പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ 30–ാം സെഞ്ചറി നേടിയ കോലി, രണ്ടാം മത്സരത്തിൽ 7,11 റൺസുകളാണ് അടിച്ചത്. ഇതോടെ കോലിക്കും റാങ്കിങ്ങിൽ തിരിച്ചടി നേരിട്ടു. അഡ്ലെയ്ഡ് ടെസ്റ്റിൽ ആറാം നമ്പരിൽ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ ഒന്പതു റൺസ് മാത്രമാണ് രണ്ട് ഇന്നിങ്സുകളിലും നേടിയത്. യശസ്വി ജയ്സ്വാളും ഋഷഭ് പന്തും മാത്രമാണ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളത്. ജയ്സ്വാൾ നാലാം സ്ഥാനത്തും പന്ത് ഒൻപതാമതുമാണ്. 17–ാം റാങ്കിലുള്ള ശുഭ്മൻ ഗില്ലാണ് റാങ്കിങ്ങിൽ മുന്നിലുള്ള മറ്റൊരു ഇന്ത്യൻ താരം.
ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻ. ഇംഗ്ലണ്ടിന്റെ തന്നെ ജോ റൂട്ടിനെ പിന്തള്ളിയാണ് ഹാരി ബ്രൂക്കിന്റെ കുതിപ്പ്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായാണ് ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ആഴ്ച വെല്ലിങ്ടനിൽ ന്യൂസീലൻഡിനെതിരെ ബ്രൂക്ക് സെഞ്ചറി നേടിയിരുന്നു. ബ്രൂക്കിന് 898 റേറ്റിങ് പോയിന്റുകളും ജോ റൂട്ടിന് 897 പോയിന്റുകളുമാണുള്ളത്.
English Summary:
Big Drop For Virat Kohli, Rohit Sharma In ICC Rankings