
ഹാർബർ ഫ്രന്റ് റെയിൽവേ സ്റ്റേഷൻ ഇറങ്ങി വേണം ലോക ചെസ് ചാംപ്യൻഷിപ് വേദിയായ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സിലെത്താൻ. അവിടെ മത്സരം നടക്കുന്ന ഇക്വാരിയസ് ഹോട്ടലിനു തൊട്ടടുത്തുള്ള യൂണിവേഴ്സൽ സ്റ്റുഡിയോസിൽ ഭയം ജനിപ്പിക്കുന്ന ‘റിവൻജ് ഓഫ് ദ് മമ്മി’ എന്ന റോളർ കോസ്റ്റർ റൈഡുണ്ട്. എന്നാൽ, അതിലും എത്രയോ അപകടകരമായ കളികളാണ് ‘മൈൻഡ് ഗെയിമി’ലെ പ്രതിഭകൾ കാണികൾക്കായി കഴിഞ്ഞ 12 ദിവസങ്ങളിൽ ചെസ് ബോർഡിൽ ഒരുക്കിയത്. ഹൈ വോൾട്ടേജ് അപകടം പതിയിരിക്കുന്ന നൂൽപാലം കടന്ന് ആര് ലോക കിരീടം എന്ന ലക്ഷ്യസ്ഥാനത്ത് എത്തും?
ചരിത്രം രണ്ടു കഥ പറയുന്നുണ്ട്. 2023ലെ ലോക ചാംപ്യൻഷിപ്. റഷ്യൻ ഗ്രാൻഡ് മാസ്റ്റർ യാൻ നീപോംനീഷിക്കെതിരെ മൂന്നുവട്ടം പിന്നിലായ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറൻ മൂന്നുവട്ടവും തിരിച്ചുവന്ന് ടൈബ്രേക്കർ ജയിച്ച് ലോക ചാംപ്യനായതാണ് ആദ്യ കഥ. 2024ൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റ്. ഏഴാം റൗണ്ടിൽ ഫ്രാൻസിന്റെ അലി റേസ് ഫിറൂസ്ജയോടു തോറ്റ ഡി. ഗുകേഷ് വിശ്രമദിനത്തിനു ശേഷം തിരിച്ചുവന്ന് കാൻഡിഡേറ്റ്സ് വിജയിച്ച് ലോക ചാംപ്യന്റെ എതിരാളിയായതാണ് അടുത്തത്.
തോൽവി വിജയത്തിലേക്കു ചവിട്ടുപടിയാക്കിയ രണ്ടു പേർ തമ്മിൽ ലോക ചാംപ്യൻ പട്ടത്തിനായുള്ള പോരാട്ടം 12 കളികൾ പിന്നിട്ടു. എന്നിട്ടും സ്കോർ നില തുല്യം (6–6). 11–ാം ഗെയിമിലെ തോൽവിക്ക് 12–ാം ഗെയിമിൽ ഡിങ് ലിറന്റെ തിരിച്ചടി. ഇനി രണ്ടു കളികൾ മാത്രമാണ് ബാക്കി. അതും സമനിലയായാൽ, വെള്ളിയാഴ്ച ടൈബ്രേക്കർ. ലോക ചാംപ്യൻഷിപ്പിലെ അവസാന വിശ്രമദിനം ഇന്നലെയായിരുന്നു.
14 കളികളുടെ ചാംപ്യൻഷിപ്പിന്റെ വിധി നിർണയിക്കുന്നത് ഇനിയുള്ള 2 ദിനമാണ്. ഒരു പക്ഷേ, 11–ാം ഗെയിമിലെ കളി നിലവാരം ഗുകേഷും 12–ാം ഗെയിമിലെ നിലവാരം ഡിങ് ലിറനും നിലനിർത്തിയാൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കും. കളി ടൈബ്രേക്കറിലേക്കു നീളും. ലോക ചാംപ്യൻഷിപ്പിൽ ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം അപ്രസക്തമായതുപോലെ ടൈബ്രേക്കറിലും ഫലം പ്രവചനാതീതമാണ്.
English Summary:
D Gukesh vs Ding Liren, World Chess Championship 2024 Game 13 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]