
കൊച്ചി∙ കൗമാര കേരളത്തിന്റെ പുതിയ കുതിപ്പും കരുത്തും വേഗവും കണ്ട സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊടിയിറക്കം. ഒളിംപിക്സ് മാതൃകയിലേക്കു വേഷപ്പകർച്ച നൽകിയതോടെ പുതിയ ഉണർവും ആവേശവും പ്രകടമായ കായികമാമാങ്കത്തിന്റെ സമാപനച്ചടങ്ങ് പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വൈകിട്ടു 4നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓവറോൾ ജേതാക്കളാകുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫി അദ്ദേഹം സമ്മാനിക്കും. സമാപനച്ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മികച്ച ആൺ താരത്തിനും പെൺതാരത്തിനും മലയാള മനോരമ നൽകുന്ന സ്വർണപ്പതക്കങ്ങളും ചടങ്ങിൽ സമ്മാനിക്കും. വിദ്യാർഥികളുടെ കലാവിരുന്നും അത്ലറ്റിക് പരേഡും സമാപനച്ചടങ്ങുകൾക്കു നിറപ്പകിട്ടേകും.
അക്വാറ്റിക്സിലും ഗെയിംസിലും ജേതാക്കളായ തിരുവനന്തപുരം 1926 പോയിന്റോടെ മറ്റു ജില്ലകളെക്കാൾ ബഹുദൂരം മുന്നിലാണ്. 833 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. അത്ലറ്റിക്സിലെ പ്രകടനമികവിൽ കണ്ണൂരിനെ പിന്തള്ളി മലപ്പുറം 759 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കു കയറി.
ഇന്നു സമാപനച്ചടങ്ങുകൾക്കു മുൻപായി അത്ലറ്റിക്സിൽ 20 ഇനങ്ങളിൽ ഫൈനൽ മത്സരങ്ങൾ നടക്കും. ഗെയിംസ് മത്സരങ്ങളിൽ 1213 പോയിന്റോടെയാണു തിരുവനന്തപുരം ജേതാക്കളായത്. തൃശൂരും (744), കണ്ണൂരും (673) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
English Summary:
Kerala State School Athletics Meet 2024, Closing Ceremony – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]