
മഞ്ചേരി∙ പെരുമഴയിൽ നടന്ന കളിയിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ഏഴ് കളികളിൽ കൊമ്പൻസിന് ഒൻപത് പോയിന്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയിന്റ് മാത്രം നേടി അവസാന സ്ഥാനത്തു തുടരുകയാണ്. മൂന്ന് കളികൾ മാത്രം ശേഷിക്കെ തൃശൂരിന്റെ സെമി ഫൈനൽ സാധ്യത തുലാസിലായി.
എളുപ്പത്തിൽ അർധ സെഞ്ചറി നേടാം, എന്നിട്ടും സഞ്ജു ടീം ആവശ്യപ്പെട്ടപോലെ കളിച്ചു: പിന്തുണച്ച് പരിശീലകൻ
Cricket
മലയാളി താരം സി.കെ. വിനീതിന്റെ അഭാവത്തിൽ ബ്രസീൽ താരം മെയിൽസണിന്റെ നായകത്വത്തിൽ ഇറങ്ങിയ തൃശൂർ ആദ്യപകുതിയിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു. കൊമ്പൻസിന്റെ ബ്രസീലിയൻ ഗോൾ കീപ്പർ അമേരിക്കോ സാൻറോസ് നടത്തിയ അത്യുഗ്രൻ സേവുകൾ മത്സരത്തിന്റെ തുടക്കത്തിൽ നിരവധി തവണ സന്ദർശക ടീമിന്റെ രക്ഷയ്ക്കെത്തി. 39–ാം മിനിറ്റിൽ അപ്രതീക്ഷിതമായി കൊമ്പൻസ് ലീഡ് നേടി. ഇടതു വിങ്ങിലൂടെ മുന്നേറിവന്ന ഗണേശനെ തൃശൂരിന്റെ പകരക്കാരൻ ഗോളി പ്രതീഷ് നേരിട്ടതിന് റഫറി സെന്തിൽ നാഥൻ പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത ബ്രസീലുകാരൻ ബിപ്സോ ഓട്ടിമറിന് പിഴച്ചില്ല. സ്കോർ 1-0.
Super League Kerala 2024
Full Time
TVMK
2
Bipso 39
Shihad 93
TMFC
0
43–ാം മിനിറ്റിൽ തൃശൂരിന് അനുകൂലമായും പെനാൽറ്റി വിസിൽ മുഴങ്ങി. എന്നാൽ അലക്സ് സാന്റോസ് എടുത്ത കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ അമേരിക്കോ സാൻറോസ് ഡൈവ് ചെയ്തു രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ആന്റണി മനോഹരമായി എതിർ ഗോൾ പോസ്റ്റിന് മുന്നിൽ എത്തിച്ചുവെങ്കിലും ഫിനിഷ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. 55-ാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ തൃശൂരിന്റെ ഫിലോക്ക് പകരം അനുരാഗ് കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഷിഹാദ് കൂടി സ്കോർ ചെയ്തതോടെ കൊമ്പൻസ് വിജയം പൂർത്തിയാക്കി 2-0.
മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ ഒരു ഗോൾ എങ്കിലും മടക്കാൻ അവസാന നിമിഷം വരെ തൃശൂർ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല. ശനിയാഴ്ച കാലിക്കറ്റ് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് കിക്കോഫ്.
English Summary:
Thrissur Magic FC vs Thiruvananthapuram Kombans FC, Super League Kerala Match – Live Updates