കോഴിക്കോട് ∙ പുൽമൈതാനങ്ങൾക്കു തീപിടിച്ച 2 മാസം. 6 നഗരങ്ങളുടെ പേരുകാരായ ടീമുകൾ പരസ്പരം പോരാടിയ ദിനരാത്രങ്ങൾ. സൂപ്പർ ലീഗ് കേരള ഫുട്ബോളിന് ഇന്നു തിരശീല വീഴുകയാണ്. ഇന്നുരാത്രി എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫൈനലിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും.
ഐഎസ്എസ് ഫുട്ബോൾ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന സൂപ്പർലീഗ് കേരളയുടെ മത്സരങ്ങൾ സെപ്റ്റംബർ ഏഴിനാണ് തുടങ്ങിയത്. 30 ലീഗ് റൗണ്ട് മത്സരങ്ങൾക്കുശേഷം കോഴിക്കോട്ടു നടന്ന ആദ്യസെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ 2–1ന് തോൽപ്പിച്ചാണ് കാലിക്കറ്റ് എഫ്സി ഫൈനലിലെത്തിയത്. രണ്ടാംസെമിയിൽ കണ്ണൂർ വോറിയേഴ്സിനെ 2–0ന് തോൽപ്പിച്ച് ഫോഴ്സ കൊച്ചിയും ഫൈനലിലെത്തി.
കാലിക്കറ്റിന്റെ അറ്റാക്കിങ് തന്ത്രങ്ങളെ പൂട്ടുകയെന്ന ലക്ഷ്യവുമായാണ് ഫൈനൽ മത്സരത്തിൽ തങ്ങൾ ഇറങ്ങുകയെന്ന് ഫോഴ്സ കൊച്ചി പരിശീലകൻ മാരിയോ ലാമോസ് പറഞ്ഞു. കൊച്ചിയുടെ പ്രതിരോധനിരയെ മറികടക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നു കാലിക്കറ്റ് എഫ്സി പരിശീലകൻ ഇയാൻ ആൻഡ്രൂ ഗില്ലൻ പറഞ്ഞു.
ഇന്നു വൈകിട്ട് 6.30ന് സമാപനച്ചടങ്ങുകൾ തുടങ്ങും. രാത്രി എട്ടിനു കിക്കോഫ്. മത്സരം കാണാൻ ഫോഴ്സ കൊച്ചി ടീം ഉടമകളായ നടൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയ, കാലിക്കറ്റ് എഫ്സി ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫ് തുടങ്ങിയവരെത്തും. വിജയികൾക്ക് മന്ത്രി വി.അബ്ദുറഹിമാൻ ട്രോഫി സമ്മാനിക്കും.
∙ ജേതാക്കൾക്ക് ഒരു കോടി
സൂപ്പർ ലീഗ് കേരള ജേതാക്കളെ കാത്തിരിക്കുന്നത് ഒരു കോടി രൂപ. രണ്ടാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപ ലഭിക്കും.
English Summary:
Calicut FC vs Kochi Forca FC, Super League Kerala Final – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]