
അഡ്ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിർണായകമായ ടോസ് ഭാഗ്യം ഉൾപ്പെടെ അനുഗ്രഹിച്ചിട്ടും ഇന്ത്യ തോൽക്കാൻ കാരണമെന്താണ്? രണ്ടു ദിവസത്തെ കളി പൂർണമായും ശേഷിക്കെ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങുമ്പോൾ, ക്രിക്കറ്റ് വൃത്തങ്ങളിലെ പ്രധാന ചർച്ച ഇതാണ്. രണ്ടു രാപകലും 170 ഓവറുകളും മാത്രം ആയുസ്സുണ്ടായിരുന്ന മത്സരത്തിൽ, 10 വിക്കറ്റിന്റെ തകർപ്പൻ ജയവുമായാണ് പെർത്തിലേറ്റ പൊള്ളലിന് അഡ്ലെയ്ഡിലെ ആധികാരിക ജയത്തോടെ ഓസ്ട്രേലിയ പകരം വീട്ടിയത്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മുന്നോട്ടുവച്ച 19 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് ഒപ്പമെത്തുകയും ചെയ്തു (1–1). ആദ്യ ഇന്നിങ്സിൽ സെഞ്ചറിയുമായി ഓസ്ട്രേലിയയ്ക്ക് ലീഡ് ഉറപ്പാക്കിയ ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദ് മാച്ച്. 14ന് ബ്രിസ്ബെയ്നിലാണ് മൂന്നാം ടെസ്റ്റ്.
രണ്ടാം ടെസ്റ്റിലെ തോൽവിയോടെ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. 60.71 ശതമാനം പോയിന്റുള്ള ഓസ്ട്രേലിയയാണ് ഒന്നാമത്. 59.26 ശതമാനം പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതെത്തി. മൂന്നാമതുള്ള ഇന്ത്യയ്ക്ക് 57.29 ശതമാനം പോയിന്റുണ്ട്.
∙ ഇന്ത്യയ്ക്ക് പിഴവു പറ്റിയത് എവിടെ?
∙ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ നേടാൻ സാധിച്ചില്ല.
∙ ട്രാവിസ് ഹെഡ് ആക്രമിച്ചു കളിച്ചപ്പോൾ വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കാതെ റൺ പ്രതിരോധിക്കാനുള്ള ക്യാപ്റ്റൻ രോഹിത് ശർമയുടെ നീക്കം പാളി.
∙ ബോഡിലൈൻ ബൗൺസറുകൾ നേരിടുന്നതിൽ ട്രാവിസ് ഹെഡിനുള്ള ദൗർബല്യം പ്രസിദ്ധമായിട്ടും ആ ലൈനിൽ പന്തെറിയാൻ ഇന്ത്യൻ ബോളർമാർ ശ്രമിച്ചില്ല.
∙ പേസർമാർക്ക് ആനുകൂല്യം ലഭിച്ച പിച്ചിൽ ഇന്ത്യൻ താരം ഹർഷിത് റാണയ്ക്ക് രണ്ട് ഇന്നിങ്സിലുമായി ഒരു വിക്കറ്റ് പോലും നേടാനായില്ല.
∙ രണ്ട് ഇന്നിങ്സിലുമായി 50 പന്തിലധികം നേരിട്ടത് മൂന്ന് ഇന്ത്യൻ താരങ്ങൾ മാത്രം. മറുവശത്ത് ആദ്യ ഇന്നിങ്സിൽ 3 ഓസീസ് ബാറ്റർമാർ 100 പന്തിലധികം നേരിട്ടു.
∙ മുൻനിര ബാറ്റർമാർ ഉണ്ടായിരുന്നിട്ടും രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോറർ ഓൾറൗണ്ടർ നിതീഷ് റെഡ്ഡിയായിരുന്നു.
English Summary:
Adelaide Heartbreak: Where Did India Go Wrong?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]