കൊച്ചി∙ കോഫിയിൽ മധുരം നിറച്ച് കായികമേളയിലെ കൗമാരതാരങ്ങളും മലയാള സിനിമയിലെ പ്രിയതാരങ്ങളും ഒത്തുചേർന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ ആദ്യ 2 ദിനം റെക്കോർഡിട്ടവരും മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളുമാണ് മലയാള മനോരമയുടെ ‘കോഫി വിത് സ്റ്റാർസ്’ പരിപാടിയിൽ സംഗമിച്ചത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാമീഡിയയും ചേർന്നു നിർമിക്കുന്ന വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെയാണു അത്ലീറ്റുകൾക്ക് ആശംസകളുമായി താരങ്ങളും സംവിധായകനും അണിയറ പ്രവർത്തകരുമെത്തിയത്.
ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു വിനയ്, നായകൻ അർജുൻ അശോകൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, നടൻ കെ.യു.മനോജ്, നടിമാരായ സംഗീത, അപർണ ദാസ്, ബാലതാരം ശ്രീപദ്, സംഗീതസംവിധായകൻ രഞ്ജിൻരാജ് എന്നിവരാണു റെക്കോർഡ് ജേതാക്കളായ എം.പി.മുഹമ്മദ് അമീൻ(സീനിയർ ആൺ 3000 മീറ്റർ), കെ.സി.മുഹമ്മദ് ജസീൽ(സീനിയർ ആൺ 3000 മീറ്റർ)ശിവദേവ് രാജീവ്(സീനിയർ ആൺ പോൾവോൾട്ട്), മുഹമ്മദ് അഷ്ഫാഖ്(സീനിയർ ആൺ 400 മീറ്റർ), ജീന ബേസിൽ(സീനിയർ പെൺ പോൾവോൾട്ട്) എന്നിവർക്ക് ആശംസയേകാനെത്തിയത്.
സിനിമയും കായികവും ഫിറ്റ്നസുമെല്ലാം വർത്തമാനങ്ങളിൽ കടന്നുവന്നപ്പോൾ കുട്ടികളും താരങ്ങളും ഒരുപോലെ പുതിയ വിശേഷങ്ങളിലേക്കു കാതുകൂർപ്പിച്ചു. കായികപരിശീലന രംഗത്തു കുട്ടികൾ നടത്തുന്ന കഠിന പരിശീലനത്തെപ്പറ്റി കേട്ടപ്പോൾ ഞങ്ങളല്ല, നിങ്ങളാണു യഥാർഥ താരങ്ങളെന്നായി നടൻ അർജുൻ അശോകൻ. എന്നാലും നിങ്ങളെയല്ലേ എല്ലാവരും അറിയുക എന്നായി കുട്ടികളുടെ മറുചോദ്യം. അങ്ങനെയല്ല, നിങ്ങളെയും എല്ലാവരും അറിയുന്ന കാലം വരുമെന്നായി അർജുൻ.
കായികരംഗത്തോടു തനിക്ക് എന്നും അഭിനിവേശമുണ്ടായിരുന്നുവെന്ന് മലയാളികളുടെ ‘ചിന്താവിഷ്ടയായ ശ്യാമള’ സംഗീത കുട്ടികളോടു പറഞ്ഞു. തനിക്ക് സ്പോർട്സിൽ എത്തിപ്പെടാൻ പറ്റിയില്ലെങ്കിലും മകൾ സായി തേജസ്വവതി മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നതായി സംഗീത പറഞ്ഞു. വിദ്യാർഥികൾ, പ്രത്യേകിച്ചു പെൺകുട്ടികൾ ഒരു കായിക ഇനമെങ്കിലും പരിശീലിക്കുന്നതു വളരെ നല്ലതാണെന്നും അവർ പറഞ്ഞു. ഫിറ്റ്നസിനായി കായികതാരങ്ങൾ നടത്തുന്ന പരിശ്രമം സമാനതകളില്ലാത്തതാണെന്നു തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. കുട്ടികൾക്കൊപ്പം കോഫിയും ലഘുഭക്ഷണവും കഴിച്ചാണു താരങ്ങൾ പിരിഞ്ഞത്.
English Summary:
Manorama’s ‘Coffee with Stars’ programme
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]