
ന്യൂഡൽഹി∙ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം തുടരണോ? നാലാം സ്ഥാനത്ത് നിതീഷ് കുമാർ റെഡ്ഡിയോ റിയാൻ പരാഗോ? മധ്യനിരയിൽ തിലക് വർമയ്ക്കും ജിതേഷ് ശർമയ്ക്കും അവസരം നൽകണോ ? അടുത്ത ട്വന്റി20 ലോകകപ്പിനുള്ള ‘സിലക്ഷൻ ട്രയൽസുമായി’ മുന്നോട്ടുപോകുന്ന ഇന്ത്യൻ ടീം സിലക്ടർമാർക്കു മുന്നിലുള്ള പ്രധാന ചോദ്യങ്ങൾ ഇതാണ്.
ഇന്ത്യയ്ക്ക് വെറുതെ ജയിച്ചാൽ പോര! ശ്രീലങ്കയ്ക്കെതിരെ വൻ വിജയം വേണം, ലക്ഷ്യം നെറ്റ് റൺറേറ്റിൽ മുന്നേറ്റം
Cricket
ബംഗ്ലദേശിനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിതീഷിന് നാലാം നമ്പറിൽ അവസരം നൽകിയ ടീം മാനേജ്മെന്റ് രണ്ടാം ട്വന്റി20യിൽ പരാഗിനെ ആ സ്ഥാനത്ത് പരീക്ഷിച്ചേക്കും. തിലകിന് അവസരം നൽകാൻ തീരുമാനിച്ചാൽ റിങ്കു പുറത്തിരിക്കേണ്ടിവരും. മറുവശത്ത്, ടെസ്റ്റ് പരമ്പരയിലേറ്റ സമ്പൂർണ തോൽവിക്കു പിന്നാലെ ട്വന്റി20 പരമ്പരയും കൈവിട്ടുപോകാതിരിക്കാൻ ബംഗ്ലദേശിന് ഇന്ന് ജയിച്ചേ മതിയാകൂ. ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
സഞ്ജുവിന്റെ സമയം
ട്വന്റി20യിൽ ഓപ്പണറായി പ്രമോഷൻ കിട്ടിയ സഞ്ജു സാംസണ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഈ പരമ്പര. ആദ്യ മത്സരത്തിൽ 19 പന്തിൽ 29 റൺസുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തിൽ ഈ പിഴവ് ഒഴിവാക്കി മികച്ച ഇന്നിങ്സ് പുറത്തെടുക്കാനാകും സഞ്ജുവിന്റെ ശ്രമം.
മറുവശത്ത് സഹ ഓപ്പണർ അഭിഷേക് ശർമയ്ക്കും മികവു തെളിയിച്ചേ മതിയാകൂ. രോഹിത് ശർമ ട്വന്റി20 മതിയാക്കിയതോടെ യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യൻ ടീമിന്റെ സ്ഥിരം ഓപ്പണറാകാനുള്ള അവസരമാണ് ഇരുവരെയും കാത്തിരിക്കുന്നത്. നിതീഷ്, പരാഗ്, റിങ്കു എന്നിവർക്കൊപ്പം സീനിയർ താരം ഹാർദിക് പാണ്ഡ്യ കൂടി ചേരുന്ന മധ്യനിര സുശക്തമാണ്. ബോളിങ്ങിൽ പേസർ മായങ്ക് യാദവിന്റെ വരവ് ടീമിന്റെ കരുത്തു കൂട്ടിയിട്ടുണ്ട്. മികച്ച ഫോമിൽ പന്തെറിയുന്ന അർഷ്ദീപ് സിങ്ങിനൊപ്പം മായങ്ക് കൂടി ചേരുന്നതോടെ ടീമിന്റെ പേസ് വിഭാഗം ശക്തം.
ശ്രീശാന്തിന്റെ പന്തുകൾ നേരിടാനാകാതെ നിന്നുവിറച്ച് നമൻ ഓജ, മെയ്ഡൻ ഓവര് വൈറൽ- വിഡിയോ
Cricket
പൊരുതാൻ ബംഗ്ലദേശ്
കളിക്കരുത്തിലും താരാധിപത്യത്തിലും ഇന്ത്യയോടു പൊരുതിനിൽക്കാൻ സാധിക്കില്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലദേശ് തെളിയിച്ചതാണ്. എങ്കിലും ഇന്ത്യയ്ക്ക് ഏകപക്ഷീയ ജയം അനുവദിക്കാതെ, ഒന്നു പൊരുതാൻ ഉറച്ചാകും നജ്മുൽ ഹുസൈൻ ഷാന്റോയും സംഘവും ഇന്നിറങ്ങുക. ക്യാപ്റ്റൻ ഷാന്റോയുടെ ഫോമിൽ തന്നെയാണ് ബംഗ്ലദേശ് ബാറ്റിങ് നിരയുടെ പ്രതീക്ഷ. ടെസ്റ്റ് പരമ്പരയിൽ നിറംമങ്ങിയ ലിറ്റൻ ദാസ് ഒന്നാം ട്വന്റി20യിലും നിരാശപ്പെടുത്തിയത് സന്ദർശകരെ അലട്ടുന്നുണ്ട്. ബോളിങ്ങിൽ തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷൊറിഫുൾ ഇസ്ലാം എന്നിവർക്ക് ആദ്യ മത്സരത്തിൽ താളം കണ്ടെത്താൻ സാധിച്ചില്ല.
English Summary:
India-Bangladesh Second T20 Match Updates