
സൂര്യൻ അസ്തമിച്ച് നേരമിരുട്ടിയിട്ടും തെരുവിൽ പന്തു തട്ടിക്കൊണ്ടിരിക്കുന്ന ഒരു കുട്ടി. അമ്മയുടെ വിളി കേട്ട് കളി തുടരണോ നിർത്തണോ എന്ന് സംശയിച്ചു നിൽക്കുന്ന ആ കുട്ടിയുടെ മനസ്സാണ് ആന്ദ്രെ ഇനിയേസ്റ്റയ്ക്ക്..’’– ബാർസിലോന ക്ലബ്ബിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും പരിശീലകനായിരുന്ന ലൂയി എൻറിക്വെ തന്റെ ശിഷ്യനെ വിശേഷിപ്പിച്ചതിങ്ങനെയാണ്.
സഞ്ജു സാംസൺ– അഭിഷേക് സഖ്യം തുടരുമോ? റിയാൻ പരാഗ് കളിച്ചേക്കും;‘സിലക്ഷൻ ട്രയൽസുമായി’ ഇന്ത്യ
Cricket
എൻറിക്വെയുടെ ആ പ്രിയ ശിഷ്യൻ, മൈതാനത്തെ ആ കൺകെട്ടുകാരൻ ഇതാ 40–ാം വയസ്സിൽ കളി നിർത്തി മൈതാനത്തു നിന്നു കയറിയിരിക്കുന്നു. പ്രഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് ഒരാഴ്ച മുൻപ് ഇനിയേസ്റ്റ സൂചന നൽകിയിരുന്നു. ഇന്നലെ മാധ്യമസമ്മേളനത്തിൽ വികാരനിർഭരനായി ഇനിയേസ്റ്റ തീരുമാനം പ്രഖ്യാപിച്ചു. ‘‘ ഈ ദിവസത്തെക്കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അൽപം ഇമോഷണലായി പോകുന്നതിൽ ക്ഷമിച്ചാലും. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണീരാണ് ഇക്കാലമത്രയും എനിക്കുണ്ടായത്. ഒരിക്കലും സങ്കടത്തിന്റേതല്ല..’’– നിറകണ്ണുകളോടെ ഇനിയേസ്റ്റയുടെ വാക്കുകൾ.
ടിക്കിടാക്കയുടെ അച്ചുതണ്ട്
സ്പെയിനിലെ ചെറുഗ്രാമമായ ഫ്യുയന്തൽബിയ്യയിൽ ജനിച്ച ഇനിയേസ്റ്റ 12–ാം വയസ്സിൽ എത്തിയത് ബാർസിലോനയുടെ ലാ മാസിയ അക്കാദമിയിലാണ്. ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ചു തെളിഞ്ഞ ഇനിയേസ്റ്റ 18–ാം വയസ്സിലാണ് സീനിയർ ടീമിനായി അരങ്ങേറിയത്. പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ ഉരുവം കൊണ്ട ബാർസിലോനയുടെ ‘ടിക്കി ടാക്ക’ ശൈലിയുടെ അച്ചുതണ്ടുകളിലൊന്നായി മാറിയ ഇനിയേസ്റ്റ മൈതാനമധ്യത്തിൽ സഹതാരം ചാവി ഹെർണാണ്ടസിനൊപ്പം പാസുകളുടെ സിംഫണി തീർത്തു.
ഗോളുകളുടെ മുഴക്കം തീർത്ത് ലയണൽ മെസ്സിയും അവതരിച്ചതോടെ ബാർസിലോന എക്കാലത്തെയും മികച്ച ക്ലബ് ടീമുകളിലൊന്നായി മാറി. ക്ലബ്ബിനു വേണ്ടി 680 മത്സരങ്ങളിൽ നിന്നായി 57 ഗോളുകൾ നേടിയ ഇനിയേസ്റ്റ ക്ലബ്ബിനൊപ്പം 32 കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 2018ലാണ് ക്ലബ്ബിനോടു വിടപറഞ്ഞ് ജപ്പാനീസ് ക്ലബ് വിസ്സെൽ കോബെയിലേക്കു പോയത്. കഴിഞ്ഞ വർഷം ജപ്പാൻ വിട്ട ഇനിയേസ്റ്റ നിലവിൽ യുഎഇ ക്ലബ് എമിറേറ്റ്സിന്റെ താരമാണ്.
ഓൾറൗണ്ട് ഫുട്ബോളർ
പന്ത് ഇരുകാലുകളിലേക്കും വച്ചുമാറിയുള്ള ഫുട്ബോളിലെ ‘ലാ ക്രൊകേറ്റ’ മൂവ് മൈതാനത്ത് ഏറ്റവും നന്നായി ആവിഷ്കരിച്ചവരിൽ ഒരാൾ ഇനിയേസ്റ്റയാണ്. പന്തടക്കത്തിലും പാസിങ്ങിലും ഡ്രിബ്ലിങ്ങിലും അസാമാന്യ മികവുണ്ടായിരുന്ന ഇനിയേസ്റ്റ നിർണായക ഗോളുകൾ നേടുന്നതിലും മിടുക്കു കാട്ടി. 2010 ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെതിരെ എക്സ്ട്രാ ടൈമിൽ സ്പെയിനിന്റെ വിജയഗോൾ ഇനിയേസ്റ്റയുടെ ബൂട്ടിൽ നിന്നായിരുന്നു.
സ്പെയിനു വേണ്ടി 131 മത്സരങ്ങളിൽനിന്നു 13 ഗോളുകൾ നേടിയ ഇനിയേസ്റ്റ 2008, 2012 യൂറോ കിരീടനേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ചു. ക്ലബ്ബിനും രാജ്യത്തിനുമായി പുറത്തെടുത്ത മികവിനെത്തുടർന്ന് മെസ്സിക്കും ചാവിക്കുമൊപ്പം 2010 ബലോൻ ദ് ഓർ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിലെത്തിയ ഇനിയേസ്റ്റ മെസ്സിക്കു പിന്നിൽ റണ്ണറപ്പായി. പുരസ്കാരം കിട്ടാത്തതിൽ സങ്കടമുണ്ടോ എന്ന ചോദ്യത്തിന് ഇനിയേസ്റ്റയുടെ മറുപടിയിങ്ങനെ: ‘‘ഒരിക്കലുമില്ല. ഒരേ വീട്ടിൽ നിന്നുള്ള മൂന്നു പേർ ലോക ഫുട്ബോളർക്കുള്ള പുരസ്കാരത്തിനായി ഒന്നിച്ചു നിന്നതിലും വലിയ സന്തോഷമില്ല..’’
‘‘എന്റെ മാജിക്കൽ ടീം മേറ്റ്. ഒപ്പം കളിക്കുന്നതിൽ ഞാൻ ഏറ്റവും ആസ്വദിച്ചവരിലൊരാൾ. ആന്ദ്രെ ഇനിയേസ്റ്റ, ഫുട്ബോൾ താങ്കളെ മിസ് ചെയ്യും. ഞങ്ങളും..’’
ലയണൽ മെസ്സി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
English Summary:
Andrés Iniesta announced retirement from professional football