
കൊച്ചി∙ ‘എകെ 22 ബിലീവ്’– കരിയറിന്റെ തുടക്കത്തിൽ ആഷിഖ് കുരുണിയനു പിന്തുണയുമായി ഗാലറിയിൽ ഉയരാറുള്ള ബാനറിലെ വാക്കുകൾ. എകെ എന്നാൽ ആഷിഖ് കുരുണിയൻ. 22 ആഷിഖിന്റെ ജഴ്സി നമ്പറും. ഐഎസ്എലിൽ കഴിഞ്ഞ ശനിയാഴ്ച മോഹൻ ബഗാനു വേണ്ടി കളിക്കാനിറങ്ങുമ്പോൾ ആഷിഖിന്റെ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാകും – ‘എകെ 19 ബിലീവ്’. 393 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആഷിഖ് കളത്തിലിറങ്ങിയത്; അതും ബഗാന്റെ 19–ാം നമ്പർ കുപ്പായത്തിൽ. അരങ്ങേറ്റ മത്സരത്തിൽ തോന്നിയ അതേ സന്തോഷവും സമ്മർദവും സമ്മാനിച്ച മടങ്ങിവരവിന്റെ വിശേഷം ആഷിഖ് ‘മനോരമയോടു’ പങ്കുവയ്ക്കുന്നു.
സഞ്ജു സാംസൺ– അഭിഷേക് സഖ്യം തുടരുമോ? റിയാൻ പരാഗ് കളിച്ചേക്കും;‘സിലക്ഷൻ ട്രയൽസുമായി’ ഇന്ത്യ
Cricket
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തായ്ലൻഡിൽ നടന്ന കിങ്സ് കപ്പ് ഫുട്ബോളിലെ ഇന്ത്യ – ഇറാഖ് മത്സരത്തിലാണ് ആഷിഖിന്റെ കാൽമുട്ടിനു പരുക്കേറ്റത്. പരുക്ക് ഭേദമായി ഫിറ്റ്നസ് തിരിച്ചുകിട്ടാനുള്ള കാലത്തിനിടെ നഷ്ടമായത് അൻപതിലേറെ മത്സരങ്ങൾ. ആ തിരിച്ചടിയിൽ ഉലഞ്ഞുപോയെന്ന് ആഷിഖ് പറയുന്നു- ‘ഈ കളി മാത്രമാണ് എന്റെ ജീവിതം. വേറൊന്നും ചെയ്യാൻ ഇഷ്ടമല്ല. അറിയുകയുമില്ല. ടിവിയിൽ മത്സരങ്ങൾ കാണുമ്പോഴും കൊച്ചുകുട്ടികൾ പ്രാക്ടീസ് ചെയ്യുന്നതു കാണുമ്പോഴുമൊക്കെ സങ്കടം തോന്നിയിരുന്നു. എണ്ണിയെണ്ണി തീർക്കുകയായിരുന്നു ഓരോ ദിവസവും’.
ഐഎസ്എലിൽ മുഹമ്മദൻസിനെതിരായ മത്സരത്തിന്റെ 82–ാം മിനിറ്റിലായിരുന്നു ആഷിഖ് കളത്തിലിറങ്ങിയത്. ഇനി ഇന്ത്യൻ ടീമിലേക്കു കൂടി തിരിച്ചെത്തണം. ‘ ദേശീയ ക്യാംപിലേക്കുള്ള വിളിയാണ് എന്റെ സ്വപ്നം. പഴയ പരിശീലകനല്ലല്ലോ ഇപ്പോഴത്തേത്. പുതിയ കോച്ചിന്റെ വിശ്വാസം നേടിയെടുക്കാനുള്ള പ്രകടനം വേണം. അതിനു മൂന്നോ നാലോ മത്സരം നന്നായി കളിക്കണം. ’– രാജ്യാന്തര തിരിച്ചുവരവും വൈകില്ലെന്ന പ്രതീക്ഷയിലാണ് മലപ്പുറം പട്ടർകടവ് സ്വദേശിയായ ആഷിഖ്.
ശ്രീശാന്തിന്റെ പന്തുകൾ നേരിടാനാകാതെ നിന്നുവിറച്ച് നമൻ ഓജ, മെയ്ഡൻ ഓവര് വൈറൽ- വിഡിയോ
Cricket
ഐഎസ്എലിലെ തിരിച്ചുവരവ് കാണാൻ ആഷിഖിന്റെ കുടുംബാംഗങ്ങളും കൊൽക്കത്തയിലെത്തിയിരുന്നു. ആഷിഖിന്റെ കളി ആദ്യമായി കാണുന്നൊരാളും അക്കൂട്ടത്തിലുണ്ടായിരുന്നു. 5 മാസം പ്രായമുള്ള മകൻ ആദം ആഷിഖ് കുരുണിയൻ. ‘കളത്തിൽ നിന്നകന്നു നിന്ന കാലത്തെ എന്റെ ഏറ്റവും വലിയ സന്തോഷം അവന്റെ വരവാണ്.
ഇനി കളത്തിലിറങ്ങുമ്പോൾ അവനും അതു കാണുമല്ലോ എന്നതായിരുന്നു ഈ കാത്തിരിപ്പിനിടയിലെ എന്റെ പ്രചോദനവും’ – ആഷിഖിന്റെ വാക്കുകളിൽ സന്തോഷത്തിന്റെ ഗോളടിമേളം.
English Summary:
Ashique Kuruniyan Returns to the Football Field