
അഡ്ലെയ്ഡ്∙ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതുന്ന ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റും നഷ്ടമായി. ഋഷഭ് പന്ത് (31 പന്തിൽ 28), രവിചന്ദ്രൻ അശ്വിൻ (14 പന്തിൽ ഏഴ്) എന്നിവരാണു ഞായറാഴ്ച പുറത്തായ ഇന്ത്യൻ ബാറ്റർമാർ. മത്സരം 32 ഓവറുകൾ പിന്നിടുമ്പോൾ ഏഴിന് 151 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. നിതീഷ് കുമാര്‍ റെഡ്ഡിയും (31 പന്തിൽ 28), ഹർഷിത് റാണയുമാണ് (പൂജ്യം) ക്രീസിൽ.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 24 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങി ആദ്യ പത്തോവറിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു. കെ.എൽ. രാഹുൽ ഏഴ് റൺസും യശസ്വി ജയ്സ്വാൾ 24 റൺസും എടുത്താണു പുറത്തായത്.
രാഹുലിനെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിരാട് കോലി (11), ശുഭ്മൻ ഗിൽ (28), രോഹിത് ശർമ (ആറ്) എന്നിവരും സ്കോർ ബോർഡിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാകാതെ മടങ്ങി. 18.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.
ഹെഡിന് സെഞ്ചറി, ഓസ്ട്രേലിയയ്ക്ക് 157 റൺസ് ലീഡ്
ഒന്നാം ഇന്നിങ്സിൽ 87.3 ഓവറിൽ 337 റൺസെടുത്ത് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ട്രാവിസ് ഹെഡ് സെഞ്ചറി നേടിയെങ്കിലും മധ്യനിരയിലെ മറ്റു ബാറ്റർമാർ തിളങ്ങാതെ പോയത് ആതിഥേയർക്കു തിരിച്ചടിയായി. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റൺസെടുത്തു പുറത്തായി. നാലു സിക്സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.
അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നും (126 പന്തിൽ 64) ഓസീസിനായി തിളങ്ങി. നേഥൻ മക്സ്വീനി (109 പന്തിൽ 39), മിച്ചൽ സ്റ്റാർക്ക് (15 പന്തിൽ 18), അലക്സ് ക്യാരി (32 പന്തിൽ 15) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിക്കും ആർ. അശ്വിനും ഓരോ വിക്കറ്റുകൾ നേടി.
English Summary:
India vs Australia Second Test, Day 3 Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]