മെൽബൺ∙ സമീപകാലത്ത് കളത്തിലും പുറത്തും തിരിച്ചടികളാൽ ഉഴറുന്ന ഇന്ത്യൻ താരം കെ.എൽ. രാഹുലിന് ഓസ്ട്രേലിയൻ മണ്ണിലും തിരിച്ചടികളിൽനിന്ന് മോചനമില്ല. ബോർഡർ – ഗാവസ്കർ ട്രോഫി പരമ്പരയ്ക്കു മുന്നോടിയായി മത്സരം പരിചയത്തിനായി ഓസ്ട്രേലിയ എയ്ക്കെതിരെ കളിക്കുന്ന ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയ രാഹുൽ, തുടർച്ചയായ രണ്ടാം ഇന്നിങ്സിലും പൂർണമായും നിരാശപ്പെടുത്തി ചെറിയ സ്കോറിനു പുറത്തായി. ഒന്നാം ഇന്നിങ്സിൽ നാലു റൺസുമായി പുറത്തായ രാഹുൽ, രണ്ടാം ഇന്നിങ്സിൽ 10 റൺസെടുത്തും കൂടാരം കയറി!
ഒന്നാം ഇന്നിങ്സിൽ നാലു പന്തിൽ ഒരു ഫോർ സഹിതമാണ് നാലു റൺസ് നേടിയതെങ്കിൽ, രണ്ടാം ഇന്നിങ്സിൽ 44 പന്തുകളാണ് രാഹുൽ ഓസീസ് ബോളിങ് ആക്രമണത്തെ പ്രതിരോധിച്ചുനിന്നത്. ഒരു ഫോർ പോലും നേടാനാകാതെ പോയ താരം 10 റൺസെടുത്ത് പുറത്താവുകയും ചെയ്തു.
10 റൺസെടുത്ത് പുറത്തായതിനേക്കാൾ, രാഹുൽ പുറത്തായ രീതിയാണ് ആരാധകരെ നിരാശപ്പെടുത്തിയത്. ഓസീസ് സ്പിന്നർ കോറി റോച്ചികിയോളിയുടെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ രാഹുൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. പിച്ച് ചെയ്ത് മിഡിൽ സ്റ്റംപിനു കണക്കാക്കി വന്ന പന്ത് പ്രതിരോധിക്കണോ അതോ ഷോട്ട് കളിക്കണോ എന്ന് സംശയിച്ചുനിന്ന രാഹുൽ, ആശയക്കുഴപ്പം മാറും മുൻപേ കുറ്റിതെറിച്ച് പുറത്താവുകയായിരുന്നു.
“Don’t know what he was thinking!”
Oops… that’s an astonishing leave by KL Rahul 😱 #AUSAvINDA pic.twitter.com/e4uDPH1dzz
— cricket.com.au (@cricketcomau) November 8, 2024
കുത്തിയുയർന്ന പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിൽ രാഹുലിന്റെ കാലുകൾക്കിടയിലൂടെ നൂഴ്ന്നുകയറി പന്ത് ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. പന്ത് സ്റ്റംപുമായി പറക്കുന്നതുകണ്ട് അവിശ്വസനീയതയോടെ തലയാട്ടിക്കൊണ്ടായിരുന്നു രാഹുലിന്റെ മടക്കം. രാഹുൽ പുറത്താകുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. സ്പിന്നർമാർക്കെതിരെ എങ്ങനെ കളിക്കണമെന്ന് അറിയാതെ ഉഴറുന്ന ഇപ്പോഴത്തെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നേർക്കാഴ്ചയാണ് രാഹുലിന്റെ ഔട്ടെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഒന്നാം ഇന്നിങ്സിനു പിന്നാലെ രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങിൽ തകർന്ന ഇന്ത്യ എ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 31 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (47 പന്തിൽ 19), നിതീഷ് റെഡ്ഡി (19 പന്തിൽ 9) എന്നിവരാണ് ക്രീസിൽ. പിരിയാത്ത ആറാം വിക്കറ്റിൽ ജുറേൽ – നിതീഷ് റെഡ്ഡി സഖ്യം 52 പന്തിൽ 17 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇന്ത്യൻ നിരയിൽ രാഹുലിനു പുറമേ മറ്റു മുൻനിര ബാറ്റർമാരും തുടർച്ചയായ രണ്ടാം ഇന്നിങ്സിലും കൂട്ടത്തോടെ നിരാശപ്പെടുത്തി. ഓപ്പണർ അഭിമന്യു ഈശ്വരൻ (31 പന്തിൽ രണ്ടു ഫോറുകളോടെ 17), സായ് സുദർശൻ (എട്ടു പന്തിൽ 3), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (20 പന്തിൽ ഒരു ഫോർ സഹിതം 11), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓപ്പണിങ് വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം കുറിച്ച ഇന്ത്യ, പിന്നാലെ 31 റൺസിനിടെ 5 വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തോടെ തകരുകയായിരുന്നു.
English Summary:
KL Rahul Fails Again As Bizarre Leave Results In Shocking Dismissal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]