കൊച്ചി∙ 100 മീറ്റർ ഹീറ്റ്സ് മത്സരങ്ങൾക്കിടെ കുട്ടികളെയും ഒഫീഷ്യൽസിനെയും ഒരുപോലെ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരാളെ സംസ്ഥാന സ്കൂള്‍ കായിക മേളയിൽ കണ്ടു. ഇദ്ദേഹവും മേളയുടെ ഒഫീഷ്യൽസിൽ ഒരാൾ തന്നെ. പേര് ജോൺ ജെ.ക്രിസ്റ്റി. കഴിഞ്ഞ 46 വർഷമായി കായിക മേളയിൽ ജോണ്‍ ജെ. ക്രിസ്റ്റി എന്ന രാജ്യാന്തര സ്റ്റാര്‍ട്ടറുടെ നിയന്ത്രണത്തിലാണ് ഓട്ടമത്സരങ്ങൾ ആരംഭിക്കാറ്. ഇത്തവണയും പതിവ് തെറ്റിക്കാതെ അദ്ദേഹം ട്രാക്കിലുണ്ട്, ട്രാക്കിലിറങ്ങാൻ തയാറെടുക്കുന്ന അത്ലീറ്റുകളെയും ഒഫിഷ്യൽസിനെയും നിയന്ത്രിച്ചുകൊണ്ട്!
‘ഗെറ്റ്, സെറ്റ്, ഗോ’ എന്ന വാക്കുകൾക്കു പിന്നാലെ വെടിയൊച്ച ഉയരുമ്പോഴാണ് മത്സരാർഥികൾ കുതിപ്പ് തുടങ്ങുക. സംസ്ഥാന സ്കൂൾ കായികമേളയിൽ 1978 മുതല്‍ ഓട്ടമത്സരങ്ങളിലെ സ്റ്റാര്‍ട്ടിങ് പോയിന്റ് നിയന്ത്രിക്കുന്നത് ജോൺ ജെ. ക്രിസ്റ്റിയാണ്. ഫിസിക്കല്‍ ഗണ്ണും, കാട്രിജും ഉപയോഗിച്ചു തുടങ്ങിയ ജോൺ ജെ.ക്രിസ്റ്റി, ഇപ്പോൾ ആധുനിക ഡിജിറ്റല്‍ സ്റ്റാര്‍ട്ടര്‍ സംവിധാനത്തിലും മത്സരങ്ങൾ നിയന്ത്രിക്കുന്നു. 77–ാം വയസിലും ശാരീരിക ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെയാണ് ജോണ്‍ ജെ.ക്രിസ്റ്റി സ്കൂള്‍ കായികമേളയ്ക്ക് എത്തിയത്.
‘‘കുട്ടികളുടെ പ്രകടനം വളരെ മികച്ചതാണ്. ഓരോ മീറ്റുകളിലും മത്സരങ്ങളുടെ നിലവാരം കൂടിവരുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. ടൈമിങ്ങിൽ യാതൊരു പിഴവുകളും ഉണ്ടാകരുതെന്ന് ഉറപ്പിച്ചാണു മുന്നോട്ടുപോകുന്നത്. സ്റ്റാർട്ടർ ആയി പ്രവർത്തിക്കാൻ തുടങ്ങിയിട്ടു തന്നെ 46 വർഷമായി. തുടങ്ങുന്ന കാലത്ത് ഇത് വിസിൽ ഉപയോഗിച്ചാണു ചെയ്തിരുന്നത്. പിന്നീട് ക്ലാപ്പിങ്ങും കാട്രിജ് ഉപയോഗിച്ചുള്ള തോക്കുമെല്ലാം വന്നു. ഇപ്പോള്‍ ഇലക്ട്രോണിക് ഗൺ ആണ് മത്സരങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ഉപയോഗിക്കുന്നത്.’’– ജോൺ മനോരമ ഓൺലൈനിനോടു പറഞ്ഞു.
13 രാജ്യാന്തര മത്സരങ്ങളിലും സ്റ്റാര്‍ട്ടിങ് പോയിന്റ് നിയന്ത്രിച്ചിട്ടുണ്ട് ഇദ്ദേഹം. ഡിജിറ്റല്‍ സംവിധാനങ്ങളില്‍ മത്സരാര്‍ഥികള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍പോലും കണ്ടെത്താന്‍ സാധിക്കും. അതുപോലെ ഫിനിഷിങ്ങ് ലൈനില്‍ സെക്കന്‍ഡിന്റെ ആയിരത്തിലൊരംശത്തില്‍ വരുന്ന വത്യാസം പോലും രേഖപ്പെടുത്താനും സാധിക്കും. എന്നാൽ വെടിയൊച്ച കുട്ടികളെ ഭയപ്പെടുത്താറുണ്ടെന്നാണ് ജോൺ ജെ. ക്രിസ്റ്റി അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞുവയ്ക്കുന്നത്. പക്ഷേ രാജ്യാന്തര മത്സരങ്ങളിൽ തോക്ക് ഉപയോഗിക്കുമ്പോൾ ഇവിടെയും അങ്ങനെ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Meet the Man Who Starts the Race: John J. Christy’s Dedication to Kerala’s Young Athletes
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]