ലണ്ടൻ∙ ഇരട്ടഗോളുമായി യുവതാരം അമാഡ് ഡിയാലോ മിന്നിത്തിളങ്ങിയ മത്സരത്തിൽ യൂറോപ്പ ലീഗിൽ ഈ സീസണിലെ ആദ്യ ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഗ്രീക്ക് ചാംപ്യൻമാരായ പിഎഒകെയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു ഇരു ഗോളുകളുടെയും പിറവി. 50, 77 മിനിറ്റുകളിലായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരട്ടഗോൾ തികച്ചത്.
യുണൈറ്റഡ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ, മറ്റൊരു ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടനം സീസണിലെ ആദ്യ യൂറോപ്പാ ലീഗ് തോൽവിയും വഴങ്ങി. 3–2ന് തുർക്കി ക്ലബ് ഗലാട്ടസറെയാണ് ടോട്ടനത്തെ വീഴ്ത്തിയത്. ഗലാട്ടസറെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ വിക്ടർ ഒസിംഹെനിന്റെ ഇരട്ടഗോളാണ് അവർക്ക് വിജയമൊരുക്കിയത്. 31, 39 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ആദ്യ ഗോൾ യൂനസ് അക്ഗുൻ ആറാം മിനിറ്റിൽ നേടി.
ടോട്ടനത്തിന്റെ ഗോളുകൾ പത്തൊൻപതുകാരനായ ലങ്കാഷെയർ (18), പകരക്കാരൻ താരം ഡൊമിനിക് സോളങ്കെ (69) എന്നിവർ നേടി. രണ്ടാം മഞ്ഞക്കാർഡ് കണ്ട ലങ്കാഷെയർ 60–ാം മിനിറ്റിൽ പുറത്തുപോയതിനാൽ 10 പേരുമായാണ് ടോട്ടനം മത്സരം പൂർത്തിയാക്കിയത്.
മറ്റു മത്സരങ്ങളിൽ അത്ലറ്റിക് ക്ലബ് ലുഡോഗോറെറ്റ്സിനെയും (2–1), അയാക്സ് മക്കാബി ടെൽ അവീവിനെയും (5–0), ഫെറെങ്ക്വാറോസ് ഡൈനാമോ കീവിനെയും (4–0), ലാസിയോ പോർട്ടോയെയും (2–1) വിക്ടോറിയ പ്ലാസൻ റയൽ സോസിദാദിനെയും (2–1) തോൽപ്പിച്ചു.
English Summary:
Europa League: Manchester United pick first win, Spurs suffer first loss
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]