തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബി അർധസെഞ്ചറിയുമായി തിളങ്ങിയതോടെ, ഉത്തർപ്രദേശിനെതിരെ കേരളം മികച്ച ലീഡിലേക്ക്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കേരളം, 75 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്. സച്ചിൻ ബേബി 63 റൺസോടെയും സൽമാൻ നിസാർ 37 റൺസോടെയും ക്രീസിൽ. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ഇതുവരെ 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കേരളത്തിന് ഇപ്പോൾ ആകെ 67 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് 23 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് നഷ്ടമായി. 44 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്ത ബാബ അപരാജിത്, 40 പന്തിൽ രണ്ടു ഫോറുകളോടെ 14 റൺസെടുത്ത ആദിത്യ സർവതെ എന്നിവരാണ് പുറത്തായത്. ശിവം ശർമയാണ് ഇരുവരെയും പുറത്താക്കിയത്.
പിന്നീട് ക്രീസിൽ ഒരുമിച്ച ക്യാപ്റ്റൻ സച്ചിൻ ബേബി – അക്ഷയ് ചന്ദ്രൻ എന്നിവരാണ് അർധസെഞ്ചറി കൂട്ടുകെട്ടിലൂടെ കേരളത്തെ രക്ഷിച്ചത്. 142 പന്തിൽ 63 റൺസ് കേരള സ്കോർബോർഡിൽ എത്തിച്ച ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. അക്ഷയ് ചന്ദ്രൻ 70 പന്തിൽ ഒരു ഫോർ സഹിതം 24 റൺസെടുത്തു. സൗരഭ് കുമാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ആര്യൻ ജുയൽ ക്യാച്ചെടുത്താണ് അക്ഷയ് ചന്ദ്രനെ പുറത്താക്കിയത്.
പിന്നീട് ക്രീസിൽ ഒരുമിച്ച സച്ചിൻ ബേബി – സൽമാൻ നിസാർ സഖ്യം പോരാട്ടം ഉത്തർപ്രദേശ് ക്യാംപിലേക്ക് നയിച്ചു. ഇതുവരെ 118 പന്തുകൾ നേരിട്ട സഖ്യം സ്കോർബോർഡിൽ 61 റൺസെത്തിച്ചിട്ടുണ്ട്. ഓപ്പണർമാരായ വത്സൽ ഗോവിന്ദ് (62 പന്തിൽ 23), രോഹൻ എസ്.കുന്നുമ്മൽ (38 പന്തിൽ 28) എന്നിവർ ആദ്യദിനം പുറത്തായിരുന്നു. ഉത്തർപ്രദേശിനായി ശിവം ശർമ രണ്ടും ശിവം മാവി, സൗരഭ് കുമാർ, ആക്വിബ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തേ, 17 ഓവറിൽ 56 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജലജ് സക്സേനയുടെ മികവിലാണ് കേരളം ഉത്തർപ്രദേശിനെ 162 റൺസിൽ ഒതുക്കിയത്. ബേസിൽ തമ്പി രണ്ടും ആദിത്യ സർവതെ, കെ.എം. ആസിഫ്, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പത്താമനായി ഇറങ്ങിയ 50 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30 റൺസെടുത്ത ശിവം ശർമയായിരുന്നു ഉത്തർപ്രദേശിന്റെ ടോപ് സ്കോറർ.
∙ ജലജ് സക്സേനയ്ക്ക് റെക്കോർഡ്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ 6000 റൺസും 400 വിക്കറ്റും നേടുന്ന ആദ്യതാരം എന്ന റെക്കോർഡ് ജലജ് സക്സേനയ്ക്ക്. ഇന്നലെ ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയാണ് രഞ്ജി ട്രോഫിയിൽ മുപ്പത്തിയേഴുകാരനായ ജലജ് 400 വിക്കറ്റ് തികച്ചത്. ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിലായിരുന്നു ജലജ് 6000 റൺസ് പൂർത്തിയാക്കിയത്. മധ്യപ്രദേശ് സ്വദേശിയായ ഓൾറൗണ്ടർ 2017 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടിയാണ് കളിക്കുന്നത്.
English Summary:
Kerala vs Uttar Pradesh, Ranji Trophy 2024-25 Elite Group C Match, Day 2 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]