
ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിൽ, പ്ലെയിങ് ഇലവനിൽ 2 മലയാളികൾ ഉൾപ്പെടുന്നതു ചരിത്രത്തിലാദ്യം. പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് തിരുവനന്തപുരം സ്വദേശി ആശ ശോഭനയും വയനാട് സ്വദേശി സജന സജീവനും ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ആശ ശോഭന ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിലും കളിച്ചിരുന്നെങ്കിലും, പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ സജനയ്ക്കും അവസരം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. പരുക്കിന്റെ പിടിയിലായ പൂജ വസ്ത്രകാറിനു പകരമാണ് സജന ടീമിലെത്തിയത്.
ടീമിൽ എത്തിയെന്നു മാത്രമല്ല, കളത്തിലും ഇരുവരും സാന്നിധ്യം അറിയിച്ചു. മത്സരത്തിൽ നാല് ഓവർ ബോൾ ചെയ്ത ആശ ശോഭന, 24 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച ഷോട്ടുകളുമായി കളംപിടിച്ചുവന്ന പാക്ക് ക്യാപ്റ്റൻ ഫാത്തിമ സനയെയാണ് ആശ പുറത്താക്കിയത്. എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത സനയെ, വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചാണ് ആശ പുറത്താക്കിയത്. അതസമയം, മത്സരത്തിനിടെ സനയുടേത് ഉൾപ്പെടെ 2 അനായാസ ക്യാച്ചുകൾ ആശ കൈവിടുകയും ചെയ്തു.
ബാറ്റിങ്ങിൽ വിജയത്തിന് തൊട്ടരികെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു പരുക്കേറ്റതുകൊണ്ടു മാത്രം അവസരം ലഭിച്ച സജന, ഇന്ത്യയുടെ വിജയറൺ കുറിച്ചും സാന്നിധ്യം അറിയിച്ചു. ഒരേയൊരു പന്തു മാത്രം നേരിട്ട സജന, തകർപ്പൻ ബൗണ്ടറിയിലൂടെയാണ് ടീമിന് വിജയം സമ്മാനിച്ചത്. 18.5 ഓവർ ക്രീസിൽ നിന്ന ഇന്ത്യൻ താരങ്ങൾ ആകെ നേടിയത് അഞ്ച് ബൗണ്ടറികളാണ് എന്നറിയുമ്പോഴാണ്, നേരിട്ട ഒരേയൊരു പന്തിൽ ബൗണ്ടറി നേടിയ സജനയുടെ വില മനസ്സിലാകുക!
2 needed to win and Sajana Sajeevan scores a boundary 👏 #CricketTwitter #T20WorldCup2024 #INDvPAK pic.twitter.com/KggSYEEZjJ
— Female Cricket (@imfemalecricket) October 6, 2024
അതേസമയം, ഇന്ത്യൻ ട്വന്റി20 ടീമിലെത്തിയ ആദ്യ മലയാളി വയനാട് സ്വദേശി മിന്നുമണിയാണെങ്കിലും വനിതാ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ മിന്നുവിനായില്ല.
English Summary:
2 Malayalees in the women’s twenty20 world cup team
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]