നാഗ്പുർ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരം ഏറെക്കുറെ ഏകപക്ഷീയമായിത്തന്നെ അവസാനിച്ചെങ്കിലും, ക്ലൈമാക്സിന് ആവേശമേറ്റി ശുഭ്മൻ ഗിൽ സെഞ്ചറി തികയ്ക്കുമോ എന്ന ആകാംക്ഷ. മത്സരത്തിൽ ഇന്ത്യ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ ക്രീസിലെത്തിയ ഗിൽ അവസാന നിമിഷം വരെ ഒരറ്റം കാത്തുസൂക്ഷിച്ചാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യൻ ഇന്നിങ്സ് അവസാനത്തോട് അടുക്കുന്തോറും, ഗിൽ അർഹിച്ച സെഞ്ചറി സ്വന്തമാക്കുമോ എന്നതായിരുന്നു ചോദ്യം. ഒടുവിൽ ‘സെഞ്ചറി സമ്മർദ്ദം’ ബാധിച്ചെന്ന് തോന്നിക്കും വിധമായിരുന്നു ഗില്ലിന്റെ മടക്കവും.
ഗില്ലിനൊപ്പം സെഞ്ചറി കൂട്ടുകെട്ട് തീർത്ത അക്ഷർ പട്ടേൽ 34–ാം ഓവറിലെ നാലാം പന്തിൽ പുറത്താകുമ്പോൾ വിജയത്തിൽനിന്ന് 28 റൺസ് അകലെയായിരുന്നു ഇന്ത്യ. ഈ ഘട്ടത്തിൽ ഗില്ലിന് സെഞ്ചറിയിലേക്ക് വേണ്ടിയിരുന്നത് 19 റൺസും. തുടർന്ന് ക്രീസിലെത്തിയ കെ.എൽ. രാഹുൽ വളരെ സാവധാനമാണ് കളിച്ചത്. ഒരറ്റത്ത് പിടിച്ചുനിന്ന് ഗില്ലിന് സെഞ്ചറി തികയ്ക്കാൻ അവസരമൊരുക്കാൻ ശ്രമിച്ച രാഹുൽ ഒടുവിൽ ആദിൽ റഷീദന്റെ പന്തിൽ പുറത്തായി. ആദിലിന്റെ പന്തിൽ അദ്ദേഹത്തിനു തന്നെ അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ രാഹുലിന്റെ സമ്പാദ്യം ഒൻപതു പന്തിൽ രണ്ടു റൺസ് മാത്രം.
പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ രാഹുലിന്റെ വിക്കറ്റിൽനിന്ന് പാഠം പഠിച്ചതുകൊണ്ടാണോ എന്നറിയില്ല, നേരിട്ട രണ്ടാം പന്തിൽത്തന്നെ സിക്സർ പറത്തി. ഇതോടെ ഇന്ത്യ 36 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലായി. ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 18 റൺസും ഗില്ലിന് സെഞ്ചറിയിലേക്ക് 17 റൺസും! ഹാർദിക് പാണ്ഡ്യയുടെ സിക്സും സെഞ്ചറി സമ്മർദ്ദവും ഗില്ലിനെ ബാധിച്ചെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി കണ്ടെത്തിയ ഗിൽ, രണ്ടാം പന്തിൽ മറ്റൊരു ബൗണ്ടറിക്കുള്ള ശ്രമത്തിൽ പുറത്തായി. സാഖിബ് മഹ്മൂദിന്റെ ഷോർട്ട് ബോളിൽ പുൾ ചെയ്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ജോസ് ബട്ലറിന്റെ കൈകളിൽ വിശ്രമിച്ചു.
ഇതോടെ 96 പന്തിൽ 14 ഫോറുകൾ സഹിതം 87 റൺസുമായി ഗിൽ മടങ്ങി. അപ്പോഴും വിജയത്തിൽനിന്ന് 12 റൺസ് അകലെയായിരുന്നു ഇന്ത്യ. ഗിൽ സെഞ്ചറിയിൽനിന്ന് 13 റൺസ് അകലെയും. ഒടുവിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും ഗിൽ തന്നെ. അതേസമയം, സെഞ്ചറി ലക്ഷ്യമിട്ടല്ല കളിച്ചതെന്നായിരുന്നു മത്സരശേഷം ഗില്ലിന്റെ പ്രതികരണം.
‘‘സത്യത്തിൽ സെഞ്ചറി ലക്ഷ്യമിട്ടല്ല ഞാൻ കളിച്ചത്. ബോളർമാർക്കു മേൽ ആധിപത്യം നേടാനായിരുന്നു ശ്രമം. മത്സരം ജയിക്കാൻ 40–50 റൺസ് വേണമായിരുന്നെങ്കിൽപ്പോലും ഞാൻ അതേ ഷോട്ട് കളിക്കുമായിരുന്നു. എന്തായാലും ടീമിനു വിജയം സമ്മാനിക്കാനാകുന്നത് വ്യത്യസ്തമായ അനുഭവം തന്നെയാണ്’ – മത്സരശേഷം ഗിൽ പറഞ്ഞു.
നേരത്തെ, ക്യാപ്റ്റൻ രോഹിത് ശർമയും അരങ്ങേറ്റ മത്സരം കളിച്ച യശസ്വി ജയ്സ്വാളും നിരാശപ്പെടുത്തിയതോടെ രണ്ടിന് 19 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും പിന്നാലെ നാലാം വിക്കറ്റിൽ അക്ഷർ പട്ടേലിനൊപ്പം സെഞ്ചറി കൂട്ടുകെട്ടും തീർത്താണ് ഗിൽ രക്ഷപ്പെടുത്തിയത്. മൂന്നാം വിക്കറ്റിൽ ഗിൽ – അയ്യർ സഖ്യം 64 പന്തിൽ 94 റൺസെടുത്ത് ആക്രമണം ഇംഗ്ലിഷ് ക്യാംപിലേക്ക് നയിച്ചു. പിന്നീട് അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് 107 പന്തിൽ 108 റൺസ് കൂടി ചേർത്തതോടെ ഇന്ത്യ സുരക്ഷിതമായ സ്ഥാനത്തെത്തി.
English Summary:
Gill falls short of century but stars in India’s win over England
TAGS
Indian Cricket Team
England Cricket Team
Shubman Gill
KL Rahul
Hardik Pandya
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]