മെൽബൺ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിനു തിരിച്ചടിയായി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസിന്റെ വിരമിക്കലും സൂപ്പർ താരങ്ങളുടെ പരുക്കും. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഓസ്ട്രേലിയയുടെ 15 അംഗ ടീമിൽ ഉൾപ്പെട്ടിരുന്ന മാർക്കസ് സ്റ്റോയ്നിസ് ഇന്നലെ ഏകദിന ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചു. ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകദിനം നിർത്തുന്നുവെന്നാണ് സ്റ്റോയ്നിസിന്റെ പ്രഖ്യാപനം.
ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെട്ടിരുന്ന ക്യാപ്റ്റൻ പാറ്റ് കമിൻസ്, പേസർ ജോഷ് ഹേസിൽവുഡ്, മിച്ചൽ മാർഷ് എന്നിവർക്കും പരുക്കിനെത്തുടർന്ന് ടൂർണമെന്റ് നഷ്ടമാകും. ഇതോടെ നേരത്തേ പ്രഖ്യാപിച്ച ടീമിൽ ഓസീസിന് 4 മാറ്റങ്ങൾ വരുത്തേണ്ടിവരും. 2023ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്റ്റോയ്നിസിന് അതിനുശേഷം ഏകദിന ടീമിൽനിന്നു പുറത്തായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലൂടെ ടീമിൽ തിരിച്ചെത്തിയെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.
എങ്കിലും ട്വന്റി20 ക്രിക്കറ്റിലെ മികച്ച ഫോമിന്റെ ബലത്തിൽ മുപ്പത്തഞ്ചുകാരനായ സ്റ്റോയ്നിസ് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംനേടി. ഓസ്ട്രേലിയയ്ക്കായി 71 ഏകദിനങ്ങളിൽ നിന്ന് 1495 റൺസ് നേടിയ സ്റ്റോയ്നിസ് ഒരു സെഞ്ചറിയും 6 അർധ സെഞ്ചറിയും കുറിച്ചു.
പാറ്റ് കമിൻസ് , മിച്ചൽ മാർഷ് , ഹെയ്സൽവുഡ്
∙ ക്യാപ്റ്റനില്ലാതെ ഓസീസ്
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ ക്യാപ്റ്റൻ പാറ്റ് കമിൻസിന് പരുക്കു ഭേദമാകാത്തതിനാൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നഷ്ടമാകും. പേസ് ബോളർ ജോഷ് ഹെയ്സൽവുഡിനും ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കാലിനു പരുക്കേറ്റത്. കമിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ചാംപ്യൻസ് ട്രോഫിയിൽ ടീമിനെ നയിക്കും.
English Summary:
Major Setback for Australia: Marcus Stoinis’ ODI retirement is a major setback for Australia. Further compounding the issue, key players like Pat Cummins and Josh Hazlewood are injured, leaving Australia scrambling to rebuild their Champions Trophy squad.
TAGS
Marcus Stoinis
Australian Cricket Team
Sports
Malayalam News
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]