ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനു സംഭവിക്കുന്നതെന്താണ്? സമീപകാലത്തൊന്നും കാണാത്ത വിധം ടീം തകർച്ചയിലാണ്. താരങ്ങളിൽ പലരുടെയും ആത്മവിശ്വാസവും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. തോൽവികളും തിരിച്ചടികളും തുടർക്കഥയാകുമ്പോൾ ക്രിക്കറ്റ് പ്രേമികൾ പരസ്പരം ചോദിക്കുന്നു; ഈ ടീമിനു ശരിക്കും എന്താണു സംഭവിക്കുന്നത്….?!
അഞ്ചു മാസം മുൻപ്, ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയുടെ തലപ്പത്ത് ഇന്ത്യയ്ക്ക് എതിരാളികളുണ്ടായിരുന്നില്ല. സ്വന്തം മണ്ണിൽ അജയ്യരായിരുന്ന, വിദേശ പിച്ചുകളിൽ ആരെയും വെല്ലുവിളിക്കാൻ കെൽപുണ്ടായിരുന്ന ടീം. പിന്നീടുള്ള 5 മാസത്തിനിടെ നടന്ന രണ്ട് ടെസ്റ്റ് പരമ്പരകൾ വെല്ലുവിളിച്ചത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാത്രമായിരുന്നില്ല, ടീമിലെ സീനിയർ താരങ്ങളുടെ അസ്തിത്വം കൂടിയായിരുന്നു.
∙ തുടക്കം ബംഗ്ലദേശ്
ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെ ഇന്ത്യ ആദ്യമായി കളിച്ച ടെസ്റ്റ് പരമ്പര ബംഗ്ലദേശിനെതിരായായിരുന്നു. ആദ്യ മത്സരത്തിൽ 280 റൺസിനും രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനും ജയിച്ച ഇന്ത്യ പരമ്പര 2–0ന് സ്വന്തമാക്കി. ഇതിൽ രണ്ടാം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശ് നൽകിയ 98 റൺസ് വിജയലക്ഷ്യം 17.2 ഓവറിലാണ് ഇന്ത്യ നേടിയത്.
ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകുന്ന കാൻപുരിൽ ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിന് എത്തിയപ്പോൾ (എക്സിൽ നിന്നുള്ള ദൃശ്യം)
സമനില സാധ്യതയുണ്ടായിരുന്ന മത്സരം ആക്രമണ ബാറ്റിങ്ങിലൂടെ ഇന്ത്യ ജയിച്ചതോടെ, ഇംഗ്ലിഷ് ക്രിക്കറ്റിലെ ബാസ്ബോളിനു സമാനമായി ഇന്ത്യൻ ക്രിക്കറ്റിൽ ‘ഗാംബോൾ’ യുഗം (ഗംഭീർ ബോൾ എന്നതിന്റെ ചുരുക്കം) ആരംഭിച്ചെന്ന് ക്രിക്കറ്റ് ലോകം ധരിച്ചു. ‘ഒരു ദിവസം 400 റൺസ് നേടാൻ ശ്രമിക്കണം, ആക്രമിച്ചു കളിച്ച് 100 റൺസിന് ഔട്ടായാലും കുഴപ്പമില്ല’ എന്നു കൂടി ഗംഭീർ പറഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ശൈലീമാറ്റത്തിനു തുടക്കമായെന്നു പലരും കരുതി.
∙ പിന്നാലെ ന്യൂസീലൻഡ്
പിന്നാലെ, നാട്ടിൽ ന്യൂസീലൻഡിനെതിരായ 3 മത്സര ടെസ്റ്റ് പരമ്പര. ശ്രീലങ്കയിൽ സമ്പൂർണ തോൽവി വഴങ്ങിയെത്തിയ ന്യൂസീലൻഡ് വെല്ലുവിളി ഉയർത്തില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ടീം ഇന്ത്യ. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 46 റൺസിന് ഓൾഔട്ടാക്കി കിവീസ് കരുത്തുകാട്ടി. ഗാംബോൾ ശൈലിയിൽ ആക്രമിച്ചു കളിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയ്ക്കു തിരിച്ചടിയായത്. മത്സരം ന്യൂസീലൻഡ് 8 വിക്കറ്റിനു ജയിച്ചു.
ന്യൂസീലൻഡ് താരങ്ങൾ മത്സരത്തിനിടെ. Photo: FB@Blackcaps
ഈ തോൽവി ഇന്ത്യയുടെ കണ്ണുതുറപ്പിക്കുമെന്നു കരുതിയെങ്കിലും അടുത്ത രണ്ടു ടെസ്റ്റിലും ഇന്ത്യ ഇതേ പിഴവ് ആവർത്തിച്ചു. ന്യൂസീലൻഡ് സ്പിന്നർമാർകൂടി മികവു കാട്ടിയതോടെ പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി.
∙ ഒടുക്കം ഓസ്ട്രേലിയ
5 മത്സര ബോർഡർ– ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ഇന്ത്യൻ ടീം ആശയക്കുഴപ്പത്തിലായിരുന്നു. പക്ഷേ, ഒന്നാം ടെസ്റ്റിലെ അപ്രതീക്ഷിത ജയം ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. പരമ്പരയിൽ 1–0ന് മുന്നിലായതോടെ ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ വീണ്ടും സജീവമായി. എന്നാൽ ടീം കോംബിനേഷനിലും ഗെയിം പ്ലാനിലുമുണ്ടായ വീഴ്ചകൾ ഇന്ത്യയെ വീണ്ടും പിന്നോട്ടടിച്ചു.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാറ്റ് കമിൻസും സഹതാരങ്ങളും
സീനിയർ ബാറ്റർമാർ ഒന്നാകെ നിറംമങ്ങിയതും ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിക്കേണ്ടിവന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. എന്നിട്ടുപോലും മെൽബണിലും സിഡ്നിയിലും ഉൾപ്പെടെ വിദൂര വിജയ സാധ്യത ടീം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നുവെന്നതു വാസ്തവം. പക്ഷേ, ആ സാധ്യത ഉപയോഗപ്പെടുത്താനുള്ള ക്ഷമയോ വിവേകമോ ടീമിലെ പ്രധാന താരങ്ങൾക്കു പോലുമുണ്ടായില്ല.
∙ ഗംഭീര തോൽവികൾ
വിപ്ലവകരമായ തീരുമാനം എന്നായിരുന്നു നാൽപത്തിമൂന്നുകാരൻ ഗൗതം ഗംഭീറിനെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചതിനെ ക്രിക്കറ്റ് വിദഗ്ധർ വിശേഷിപ്പിച്ചത്. എന്നാൽ ഐപിഎൽ ടീമുകളുടെ മെന്ററായി പ്രവർത്തിച്ചു എന്നതുകൊണ്ടുമാത്രം ദേശീയ ടീം പരിശീലകനായി ഗംഭീറിനെ നിയമിച്ചതിൽ സീനിയർ താരങ്ങളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. മറ്റു പരിശീലകർ ഇന്ത്യ അണ്ടർ 19, ഇന്ത്യ എ തുടങ്ങി പടിപടിയായി പരിശീലനമികവു തെളിയിച്ച ശേഷം ദേശീയ ടീമിന്റെ പരിശീലകനാകുമ്പോൾ ഒരു മുൻ പരിചയവും ഇല്ലാതെ പരിശീലകച്ചുമതല ലഭിച്ചയാളായിരുന്നു ഗംഭീർ.
രോഹിത് ശർമയും ഗൗതം ഗംഭീറും. Photo: X@Johns
ചുമതലയേറ്റ ആദ്യ ട്വന്റി20 പരമ്പര (ശ്രീലങ്കയ്ക്കെതിരെ) തൂത്തുവാരി ഗംഭീർ തന്റെ വരവറിയിച്ചെങ്കിലും പിന്നാലെ നടന്ന ഏകദിന പരമ്പരയിൽ തോൽവി വഴങ്ങി. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചെങ്കിലും ന്യൂസീലൻഡ് പരമ്പരയിലെ സമ്പൂർണ തോൽവിയും ഇപ്പോൾ ഓസ്ട്രേലിയൻ പരമ്പരയിലെ തോൽവിയും ഗംഭീറിനു തിരിച്ചടിയായി. ഗെയിം പ്ലാനിൽ ഉറച്ചുനിൽക്കാത്തതായിരുന്നു കിവീസിനെതിരെയും ഓസീസിനെതിരെയും തിരിച്ചടിയായത്. ഈ പിഴവ് ആവർത്തിച്ചാൽ സീനിയർ താരങ്ങൾക്കൊപ്പം ഗംഭീറും ടീമിനു പുറത്തുപോകുന്ന കാലം വിദൂരമല്ല.
English Summary:
Gautam Gambhir’s coaching tenure with the Indian cricket team faces scrutiny after recent defeats against New Zealand and Australia
TAGS
Sports
Indian Cricket Team
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]