പാരിസ് ∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയാവുകയും ഒടുവിൽ പാരിസ് ഒളിംപിക്സിൽ സ്വർണമെഡൽ സ്വന്തമാക്കുകയും ചെയ്ത അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന്റെ മെഡൽ തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഹർഭജൻ സിങ്. ഇമാൻ ഖലീഫ് പുരുഷനാണെന്ന് ‘സ്ഥിരീകരിക്കുന്ന’ മെഡിക്കൽ റിപ്പോർട്ട് ചോർന്നതിനു പിന്നാലെയാണ് ഹർഭജൻ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ‘‘സ്വർണ മെഡൽ തിരികെ വാങ്ങൂ, ഇത് ശരിയായ രീതിയല്ല’ എന്നാണ് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയെ ടാഗ് ചെയ്ത് ഹർഭജൻ കുറിച്ചത്.
ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ദാഫര്‍ അയ്റ്റ് അഡായയാണ്, ഇമാൻ ഖലീഫ് പുരുഷനാണെന്ന മെഡിക്കൽ റിപ്പോര്‍ട്ട് സഹിതം വാര്‍ത്ത പുറത്തുവിട്ടത്. 2023 ജൂണിലാണ് ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ദാഫര്‍ പറയുന്നു. ഇമാന് ജനിച്ചത് വൃഷണങ്ങളോടു കൂടിയാണെന്നും ജനിച്ചപ്പോള്‍ തന്നെ തീരെ ചെറിയ ലിംഗം ഉണ്ടായിരുന്നുവെന്നും ശരീരത്തില്‍ ഗര്ഭപാത്രമുണ്ടായിരുന്നില്ലെന്നും ഉൾപ്പെടെയുള്ള വിശദാംശങ്ങളാണ് ചോർന്ന െമഡിക്കൽ റിപ്പോർട്ടിലുള്ളത്. പാരിസിലെയും അൾജിയേഴ്സിലെയും രണ്ട് ആശുപത്രികളിലെ വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. അതേസമയം, തന്നെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചഴച്ചതുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ളവരുടെ ഉടമയായ ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർക്കെതിരെ ഇമാൻ ഖലീഫ് നിയമനടപടികളിലേക്കു കടന്നു.
നേരത്തെ, കടുത്ത വിവാദങ്ങൾക്കിടയിലും വെൽറ്റർവെയ്റ്റ് വിഭാഗം ഫൈനലിൽ ചൈനയുടെ ലിയു യാങ്ങിനെ 5–0നു കീഴടക്കി സ്വർണം നേടിയാണ് ഇമാൻ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകിയത്. അൽജീരിയൻ പതാകവീശി ഇമാന്റെ ഓരോ പഞ്ചിനും ആരവമുയർത്തി ആരാധകർ താരത്തിനു പിന്തുണ നൽകിയിരുന്നു. മത്സരം പൂർത്തിയായതിനു ശേഷം പരിശീലകർക്കൊപ്പം ഇമാൻ വിജയാഘോഷവും നടത്തി. എട്ടു വർഷത്തെ കാത്തിരിപ്പിന്റെയും തയാറെടുപ്പിന്റെയും ഫലമാണ് ഈ സ്വർണമെന്ന് ഇമാൻ പ്രതികരിച്ചിരുന്നു. ഇക്കാലമത്രയും ഇതായിരുന്നു സ്വപ്നം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഈ വിജയത്തെ കൂടുതൽ മധുരതരമാക്കുന്നു. ഭാവി ഒളിംപിക്സുകളിൽ ഇത്തരം ആക്രമണങ്ങൾ അത്ലീറ്റുകൾക്കെതിരെ ഉയരില്ലെന്നാണു പ്രതീക്ഷയെന്നും ഇമാൻ പറഞ്ഞിരുന്നു.
Take the Gold back @Olympics This isn’t fair https://t.co/ZO3yJmqdpY
— Harbhajan Turbanator (@harbhajan_singh) November 5, 2024
പുരുഷ ക്രോമസോമുകൾ (എക്സ്, വൈ) ഉള്ള താരമെന്ന് ആരോപിച്ച് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ(ഐബിഎ) കഴിഞ്ഞ ലോകചാംപ്യൻഷിപ്പിൽ ഇമാനു വിലക്കേർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇമാൻ വനിതാ ബോക്സിങ്ങിൽ മത്സരിക്കുന്നതിനെതിരെയായിരുന്നു വിദ്വേഷപ്രചാരണം. ഐബിഎയ്ക്ക് വിലക്കേർപ്പെടുത്തിയ രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) നേരിട്ടാണ് ഒളിംപിക്സിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇമാനെതിരായ ഐബിഎയുടെ നടപടിയും ഒളിംപിക്സ് അധികൃതർ അംഗീകരിക്കുന്നില്ല. താൻ സ്ത്രീയായി ജനിച്ച് സ്ത്രീയായി വളർന്ന വ്യക്തിയാണെന്നാണ് ഇമാന്റെ നിലപാട്. വ്യക്തിയെന്ന തന്റെ അന്തസ്സും സൽപേരുമാണ് എല്ലാറ്റിനും മുകളിലെന്ന സന്ദേശമാണ് താൻ ഐബിഎയ്ക്കു നൽകുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.
വെൽറ്റർ വെയ്റ്റിൽ ഇമാന്റെ ആദ്യ മത്സരത്തിൽ എതിരാളി ഇറ്റലിയുടെ ആൻജല കരീനി 46 സെക്കൻഡുകൾക്കകം പിൻമാറിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. മത്സരശേഷം റിങ്ങിൽ മുട്ടുകുത്തി കരഞ്ഞ ആൻജല എതിരാളിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. ആന്ജലയ്ക്കു സമൂഹമാധ്യമങ്ങളിൽ വൻപിന്തുണയാണു ലഭിച്ചത്. ഇറ്റാലിയൻ താരത്തെ പിന്തുണച്ച് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, എഴുത്തുകാരി ജെ.കെ. റൗളിങ് എന്നിവരും രംഗത്തെത്തിയിരുന്നു. മൂന്നു മിനിറ്റുകളിലായി മൂന്നു റൗണ്ടുകളാണു മത്സരത്തിലുണ്ടായിരുന്നത്. എന്നാല്‍ അൽജീരിയൻ താരത്തിന്റെ പഞ്ചുകൾ നേരിടാനാകാതെ 46 സെക്കൻഡിൽ ഇറ്റാലിയൻ താരം മത്സരം അവസാനിപ്പിക്കുകയായിരുന്നു. ആൻജലയുടെ മൂക്കിൽനിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു.
English Summary:
Take the Olympics Gold back from Imane Khelif, this isn’t fair, says Harbhajan Singh
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]