![](https://newskerala.net/wp-content/uploads/2024/11/pr-sreejesh-1024x533.jpg)
ആലപ്പുഴ∙ കായിക താരങ്ങളുടെ വെട്ടിക്കുറച്ച ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാതെ, വീണ്ടുമൊരു സംസ്ഥാന സ്കൂൾ കായികമേള. ഈ സ്കൂൾ കായികമേളയിലും ആദ്യ 4 സ്ഥാനക്കാർക്കു മാത്രമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കുക.
ഗെയിംസ് മത്സരങ്ങളിലെ ആദ്യ 6 സ്ഥാനക്കാർക്കും അത്ലറ്റിക്സ് ഇനങ്ങളിലെ ആദ്യ 8 സ്ഥാനക്കാർക്കും നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് വിദ്യാഭ്യാസ വകുപ്പ് 2022ൽ തിരുത്തിയാണ് ഈ വിധത്തിലാക്കിയത്. ഇതു പഴയ പടിയാക്കണമെന്ന ആവശ്യത്തിനു നേരേ ഇത്തവണയും അധികൃതർ മുഖംതിരിക്കുകയാണ്.
സംസ്ഥാന കായികമേളയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20 മാർക്കും രണ്ട് മുതൽ നാലു വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 17, 14, 7 മാർക്ക് വീതവുമാണ് നിലവിൽ പൊതുപരീക്ഷകളിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക്. ആദ്യ 3 സ്ഥാനക്കാർക്ക് 30, 24, 18 എന്നീ ക്രമത്തിലും നാലാംസ്ഥാനത്തിന് 12 മാർക്കുമാണ് മുൻപ് ലഭിച്ചിരുന്നത്.
5 മുതൽ 8 വരെ സ്ഥാനക്കാർക്കും മുൻപ് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു. ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്കും നിലവിൽ ഗ്രേസ് മാർക്ക് ആനുകൂല്യമില്ല.
കായിക താരങ്ങൾ അവഗണന നേരിടുമ്പോഴും സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം എന്നിവയിൽ സി ഗ്രേഡ് വരെ ലഭിക്കുന്ന എല്ലാവർക്കും ഗ്രേസ് മാർക്ക് നൽകുന്നുണ്ട്. എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡുകാർക്ക് 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്കുകൾ.
English Summary:
Education department to restore low grace marks
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]