![](https://newskerala.net/wp-content/uploads/2025/02/yashasvi-jaiswal-catch-jaiswal-with-rana-1024x533.jpg)
നാഗ്പുർ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കാൻ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന യശസ്വി ജയ്സ്വാൾ എടുത്ത ക്യാച്ച് ശ്രദ്ധ നേടുന്നു. ഒപ്പം അരങ്ങേറിയ ഹർഷിത് റാണയുടെ പന്തിലായിരുന്നു ജയ്സ്വാളിന്റെ വണ്ടർ ക്യാച്ച്. ഏറെ ദൂരം അതിവേഗം പിന്നിലേക്കോടി ഇരുകൈകൊണ്ടും പന്ത് പിടിച്ചെടുത്ത് ക്യാച്ച് പൂർത്തിയാക്കുന്ന ജയ്സ്വാളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.
ഹർഷിത് റാണ എറിഞ്ഞ 10–ാം ഓവറിലെ മൂന്നാം പന്തിലാണ് ജയ്സ്വാൾ തകർപ്പൻ ക്യാച്ചുമായി കരുത്തുകാട്ടിയത്. ടോപ് എഡ്ജായ പന്ത് ഉയർന്നുപൊങ്ങിയെങ്കിലും സമീപം ഫീൽഡർമാർ ആരുമുണ്ടായിരുന്നില്ല. ഇതോടെ മിഡ് വിക്കറ്റ് മേഖലയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജയ്സ്വാൾ ക്യാച്ചിനായി പിന്നിലേക്കോടി.
പന്തിൽ മാത്രം ശ്രദ്ധവച്ച് അതിവേഗം ഓടിയെത്തിയ ജയ്സ്വാൾ, പന്ത് നിലത്തുവീഴും മുൻപേ മുന്നിലേക്ക് ഡൈവ് ചെയ്ത് അസാധ്യമായ രീതിയിൽ അത് കയ്യിലൊതുക്കി. ഗാലറിയിലെ ആരാധകരും ഗ്രൗണ്ടിലെ സഹതാരങ്ങളും കയ്യടികളോടെയാണ് ജയ്സ്വാളിന്റെ ക്യാച്ചിനെ അനുമോദിച്ചത്. 29 പന്തിൽ ആറു ഫോറുകൾ സഹിതം 32 റൺസെടുത്തായിരുന്നു ഡക്കറ്റിന്റെ മടക്കം.
ജയ്സ്വാളിന്റെ ഈ ക്യാച്ചും അതുവഴി ലഭിച്ച വിക്കറ്റും, ഈ മത്സരത്തിൽ അരങ്ങേറിയ ഹർഷിത് റാണയ്ക്കും വലിയ ആശ്വാസമായി. തൊട്ടുമുൻപ് ബോൾ ചെയ്ത ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം 26 റൺസ് വഴങ്ങിയതിന്റെ ക്ഷീണം മറികടക്കാൻ ഈ വിക്കറ്റ് നേട്ടത്തിലൂടെ റാണയ്ക്ക് കഴിഞ്ഞു.
Stunner from Yashasvi Jaiswal pic.twitter.com/pLdEBe5Ha9
— Ganesh 🇮🇳 (@GaneshVerse) February 6, 2025
ഇതേ ഓവറിലെ അവസാന പന്തിൽ ഹാരി ബ്രൂക്കിനെക്കൂടി പുറത്താക്കി റാണ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരവുമേൽപ്പിച്ചു. മൂന്നു പന്തു മാത്രം നേരിട്ട ബ്രൂക്കിനെ റാണയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഈ ഓവറിൽ വെറും രണ്ടു റൺസ് മാത്രം വിട്ടുകൊടുത്താണ് റാണ രണ്ടു വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മോശം ഓവർ എന്ന നാണക്കേടിനു പിന്നാലെ ഇന്ത്യയെ ട്രാക്കിലാക്കി ഒരു തകർപ്പൻ ഓവർ!
English Summary:
Yashasvi Jaiswal dives full length to take a spectacular catch in his debut ODI game
TAGS
Indian Cricket Team
Harshit Rana
England Cricket Team
Viral Video
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]