![](https://newskerala.net/wp-content/uploads/2025/02/harshit-rana-bowling-1024x533.jpg)
നാഗ്പുർ∙ ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മോശം ഓവർ എന്ന നാണക്കേട് ഇനി ഹർഷിത് റാണയുടെ പേരിൽ. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലാണ് ‘നാണക്കേടി’ലേക്ക് റാണ പന്തെറിഞ്ഞത്. മത്സരത്തിൽ റാണ എറിഞ്ഞ ആറാം ഓവറിലാണ് മൂന്നു സിക്സും രണ്ടു ഫോറും സഹിതം ഇംഗ്ലിഷ് ഓപ്പണർ ഫിലിപ് സോൾട്ട് 26 റൺസ് അടിച്ചുകൂട്ടിയത്. ഓവറിലെ അഞ്ചാം പന്ത് മാത്രമാണ് സോൾട്ടിന് യാതൊരു അവസരവും നൽകാതെ റാണയ്ക്ക് എറിയാനായത്.
അതിന് തൊട്ടുമുൻപ് റാണയുടെ ഒരു ഓവർ ഫിലിപ് സോൾട്ട് മെയ്ഡനാക്കിയിരുന്നു. സോൾട്ടിനെ ക്രീസിൽ കാഴ്ചക്കാരനാക്കി എറിഞ്ഞ ഈ മെയ്ഡൻ ഓവറിന്റെ ആഹ്ലാദമത്രയും തല്ലിക്കെടുത്തിയാണ്, തൊട്ടടുത്ത ഓവറിൽ റാണയെ മുന്നിൽക്കിട്ടിയപ്പോൾ സോൾട്ട് തകർത്തടിച്ചത്.
ആദ്യ അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറും ഹർഷിത് റാണ എറിഞ്ഞ നാലാം ഓവറും ഫിലിപ് സോൾട്ട് മെയ്ഡനാക്കിയതോടെയാണ് ഇംഗ്ലണ്ട് അഞ്ച് ഓവറിൽ 26 റൺസിൽ ഒതുങ്ങിയത്.
പാഴാക്കിയ രണ്ട് ഓവറുകളുടെ വിഷമം, ഹർഷിത് റാണ എറിഞ്ഞ ആറാം ഓവറിൽ ഫിലിപ് സോൾട്ട് തീർത്തു. മികച്ച രീതിയിൽ എറിഞ്ഞ ആദ്യ പന്തിൽത്തന്നെ സോൾട്ടിന്റെ സ്ലോഗ് ടോപ് എഡ്ജായി ഗാലറിയിലെത്തി. പിന്നാലെ അപ്പർ കട്ടിലൂടെ രണ്ടാം പന്തിൽ ബൗണ്ടറി. മൂന്നാം പന്തിൽ മുട്ടിലൂന്നി സ്ലോഗ് സ്വീപ്പിലൂടെ വീണ്ടും സിക്സർ. നാലാം പന്ത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടന്നു. അഞ്ചാം പന്ത് പ്രതിരോധിച്ച സോൾട്ട് അവസാന പന്തിൽ പുൾ ഷോട്ടിലൂടെ വീണ്ടും സിക്സർ കണ്ടെത്തിയതോടെ ആകെ പിറന്നത് 26 റൺസ്!
Phil Salt smashed 6,4,6,4,0,6 – 26 runs against Harshit Rana. 🤯#INDvsENG #ChampionsTrophy2025 pic.twitter.com/4oIaugUfic
— Dev Pandit (@devyansh7073) February 6, 2025
മത്സരത്തിലാകെ 26 പന്തുകൾ നേരിട്ട് 43 റൺസ് അടിച്ചെടുത്ത ഫിലിപ് സോൾട്ട് ഒടുവിൽ റണ്ണൗട്ടായി. അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 43 റൺസെടുത്ത സോൾട്ട്, ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഒൻപതാം ഓവറിലെ അഞ്ചാം പന്തിൽ മൂന്നാം റണ്ണിനുള്ള ശ്രമത്തിൽ റണ്ണൗട്ടായി.
English Summary:
Harshit Rana creates a poor record, bowling most expensive over by an Indian debutant
TAGS
Indian Cricket Team
Harshit Rana
Board of Cricket Control in India (BCCI)
Gautam Gambhir
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]