
സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർക്കസ് സ്റ്റോയ്നിസ് രാജ്യാന്തര ഏകദിനത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ ഈ മാസം 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ അംഗമായിരിക്കെയാണ് സ്റ്റോയ്നിസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2015ൽ ഏകദിന അരങ്ങേറ്റം കുറിച്ച സ്റ്റോയ്നിസ് ഓസീസിനായി 71 മത്സരങ്ങൾ കളിച്ചു.
ഇതോടെ, ചാംപ്യൻസ് ട്രോഫിക്കായി ഓസീസ് സിലക്ടർമാർ സ്റ്റോയ്നിസിനു പകരക്കാരനെ കണ്ടെത്തണം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനു പിന്നാലെ സ്റ്റോയ്നിസും ചാംപ്യൻസ് ട്രോഫിക്ക് ഇല്ലാത്തത് ഓസീസിന് കനത്ത തിരിച്ചടിയാണ്.
‘‘ഓസ്ട്രേലിയയ്ക്കായി ഏകദിനം കളിക്കുന്നത് അതുല്യമായ യാത്രയായിരുന്നു. ഓസീസ് ജഴ്സിയിൽ ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങൾക്കും നന്ദി. രാജ്യാന്തര തലത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം എക്കാലവും എന്റെ മനസ്സിലുണ്ടാകും’ – മുപ്പത്തഞ്ചുകാരനായ സ്റ്റോയ്നിസ് പറഞ്ഞു.
‘‘ഇത് തീർച്ചയായും അനായാസം കൈക്കൊണ്ട ഒരു തീരുമാനമല്ല. എങ്കിലും ഏകദിനം മതിയാക്കി കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട ശരിയായ സമയം ഇതാണെന്ന് ഞാൻ കരുതുന്നു. റോണുമായി (ആൻഡ്രൂ മക്ഡോണാൾഡ്) എനിക്ക് വളരെ മികച്ച ബന്ധമാണുള്ളത്. അദ്ദേഹം ഇതുവരെ നൽകിയ ഉറച്ച പിന്തുണയ്ക്കു നന്ദി’ – സ്റ്റോയ്നിസ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കായി അരങ്ങേറിയതിനു പിന്നാലെ രണ്ടാമത്തെ മത്സരത്തിലാണ് ഏകദിനത്തിൽ സ്റ്റോയ്നിസിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 2017ൽ ന്യൂസീലൻഡിനെതിരെ ഓക്ലൻഡിൽ നേടിയത് 146 റൺസ്. ഇക്കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ ടീം ഓസ്ട്രേലിയയിലെത്തിയപ്പോഴാണ് സ്റ്റോയ്നിസ് ഏറ്റവും ഒടുവിൽ ഏകദിനം കളിച്ചത്.
71 ഏകദിനങ്ങളിൽനിന്ന് 1495 റൺസും 48 വിക്കറ്റുകളുമാണ് സ്റ്റോയ്നിസിന്റെ ഇതുവരെയുള്ള സമ്പാദ്യം. 2023ൽ ഏകദിന ലോകകപ്പ് ജയിച്ച ഓസ്ട്രേലിയൻ ടീമിലും അംഗമായിരുന്നു. 2018–19 കാലഘട്ടത്തിൽ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു.
English Summary:
Stoinis makes shock decision to retire from ODIs, out of Champions Trophy
TAGS
Board of Cricket Control in India (BCCI)
Marcus Stoinis
Australian Cricket Team
Champions Trophy Cricket 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]