
ദുബായ് ∙ ‘‘വനിതാ ലോകകപ്പ് ചരിത്രത്തിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ടീമാണിത്, ബാറ്റിങ്ങിലും ബോളിങ്ങിലും പ്രതിഭകളുടെ തിളക്കമുള്ള സംഘം’’– കഴിഞ്ഞ 8 ട്വന്റി20 ലോകകപ്പുകളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഹർമൻപ്രീത് കൗറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുന്നത് ആരാധകരുടെ മനസ്സിലാണ്. കഴിഞ്ഞ 8 തവണയും പിടിതരാതെ വഴുതിപ്പോയ ലോകകപ്പ് കിരീടം ഇത്തവണ ഇന്ത്യ നേടുമെന്ന പ്രതീക്ഷകൾക്കു നിറംപകരുന്നതാണ് ലോകകപ്പിന്റെ മണ്ണും മനസ്സുമറിയുന്ന ക്യാപ്റ്റന്റെ ഈ വാക്കുകൾ.
ഇന്ന് ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തോടെ ഇന്ത്യൻ ടീം കപ്പിലേക്കുള്ള യാത്ര തുടങ്ങും. ദുബായിൽ രാത്രി 7.30നാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയം.
∙ ഇന്ത്യ സെറ്റാണ്
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു രാജ്യാന്തര മത്സരം പോലും കളിച്ചിട്ടില്ല എന്ന പരിമിതിയായിരുന്നു ഈ ലോകകപ്പിനെത്തുമ്പോൾ ഇന്ത്യൻ ടീമിന്റെ പ്രധാന ആശങ്ക. എന്നാൽ സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോൽപിച്ച ഇന്ത്യൻ ടീം ഫോം തെളിയിച്ചാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ 15 അംഗ സ്ക്വാഡിലെ 12 പേരും മുൻപ് ലോകകപ്പ് കളിച്ചവരാണ്.
രേണുക സിംഗ്, സജന സജീവൻ
നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കു പുറമേ കരുത്തരായ ശ്രീലങ്കയും പാക്കിസ്ഥാനുമടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒരു ഗ്രൂപ്പിൽ നിന്ന് 2 ടീമുകൾക്കു മാത്രമാണ് സെമി പ്രവേശം. അതുകൊണ്ടുതന്നെ ഗ്രൂപ്പിലെ ഓരോ മത്സരവും നിർണായകമാണ്. 15 അംഗ ടീമിൽ കേരളത്തിന്റെ അഭിമാനമായി ആശ ശോഭനയും സജന സജീവനുമുണ്ട്. ഇരുവരുടെയും ആദ്യ ലോകകപ്പാണിത്.
∙ പവർഫുൾ ലൈനപ്പ്
പ്രഹരശേഷി വർധിച്ച ബാറ്റിങ് നിരയും വൈവിധ്യമേറിയ സ്പിൻ ഡിപ്പാർട്ട്മെന്റുമാണ് ഇന്ത്യയുടെ കരുത്ത്. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും ഷെഫാലി വർമയും ചേർന്ന് ആരംഭിക്കുന്ന ബാറ്റിങ് ലൈനപ്പിൽ ലോവർ മിഡിൽ ഓവറിൽ ഇറങ്ങുന്ന ദീപ്തി ശർമ വരെ മികച്ച ഫോമിലാണ്.
ആശാ ശോഭന, ഷെഫാലി വർമ്മ
കഴിഞ്ഞ 5 ട്വന്റി20 മത്സരങ്ങളിൽനിന്ന് 3 അർധ സെഞ്ചറികൾ നേടിയ സ്മൃതിയും എതിർ ബോളിങ് നിരയുടെ പേടിസ്വപ്നമായ ഷെഫാലി വർമയും ചേർന്നു നൽകുന്ന മിന്നൽ തുടക്കം ലോകകപ്പിൽ ഇന്ത്യൻ കുതിപ്പിൽ നിർണായകമാകും.
∙ സ്പിൻ ടു വിൻ
സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകൾ മുന്നിൽകണ്ട് സ്ക്വാഡിൽ 4 സ്പിന്നർമാരുമായാണ് ഇന്ത്യ എത്തിയത്. ഓഫ് സ്പിന്നർമാരായി ദീപ്തി ശർമയും ശ്രേയങ്ക പാട്ടീലും ഇടംകൈ സ്പിന്നറായി രാധ യാദവും അണിനിരക്കുന്ന ടീമിലെ ഏക ലെഗ് സ്പിന്നർ ആശ ശോഭനയാണ്.
സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്
വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ ലോകകപ്പിനെത്തിയ ആശ, 2 സന്നാഹ മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു കഴിഞ്ഞു.
∙ സൂസിയെ സൂക്ഷിക്കുക !
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കു വെല്ലുവിളിയായി ന്യൂസീലൻഡ് ടീമിൽ വെറ്ററൻ താരം സൂസി ബേറ്റ്സുമുണ്ട്. ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ടോപ് സ്കോററാണ് ഈ മുപ്പത്തേഴുകാരി. 36 ഇന്നിങ്സുകളിൽ നിന്നായി 1066 റൺസാണ് നേട്ടം.
English Summary:
India to play their first match in Women’s T20 world cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]