
ആദ്യ 21 മിനിറ്റിനിടെ, ഒഡീഷ വലയിലേക്കു രണ്ടു വട്ടം നിറയൊഴിച്ചിട്ടും കലിംഗപ്പോരിൽ ബ്ലാസ്റ്റേഴ്സിനു 2–2 സമനിലയുടെ നിരാശ. തീ പാറിയ മത്സരത്തിൽ അലക്സാന്ദ്രെ കോയെഫിന്റെ സെൽഫ് ഗോളാണു ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റിച്ചത്. ഒഡീഷയെ അവരുടെ തട്ടകത്തിൽ തോൽപിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും കഴിഞ്ഞില്ല. കഴിഞ്ഞ സീസൺ പ്ലേ ഓഫ് തോൽവിയുടെ വേദനയും ബാക്കി.
ബ്ലാസ്റ്റേഴ്സിനായി നോവ സദൂയി (18 –ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (21) എന്നിവർ ഗോളടിച്ചപ്പോൾ ഒഡീഷയ്ക്കായി ഡിയേഗോ മൗറീഷ്യോ (36) ഗോൾ കണ്ടെത്തി. കോയെഫിന്റെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിനെ തളർത്തിയത് 29 –ാം മിനിറ്റിൽ. ഒഡീഷ ബോക്സിൽ നോവയെ വീഴ്ത്തിയതിനു പെനൽറ്റി നിഷേധിക്കപ്പെട്ടതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. നോവയാണു കളിയിലെ താരം. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 20നു കൊൽക്കത്തയിൽ മുഹമ്മദൻസിനെതിരെ.
യേ ദോസ്തി !
കളം നിറഞ്ഞു കളിച്ച നോവ സദൂയി; ഒപ്പത്തിനൊപ്പം ഹെസൂസ്. ഈ കൂട്ടുകെട്ട് നടത്തിയ തുടർച്ചയായ റെയ്ഡുകൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോളെത്തി. വലതു വിങ്ങിൽ രാഹുൽ നൽകിയ പന്ത് പ്രീതം കോട്ടാൽ തലോടി നൽകിയതു ഹെസൂസിന്. പാസ് നോവയിലേക്ക്. ബോക്സിന്റെ ഇടതു വശത്തു നിന്നു നോവ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഒഡീഷ കാവൽക്കാരൻ അമരീന്ദറിനു തടയാനായില്ല. 18 –ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ!
3 മിനിറ്റിനു ശേഷം വീണ്ടും നോവ – ഹെസൂസ് മിന്നലാക്രമണം. ഇടതു വിങ്ങിൽ നോവ ഓടിപ്പിടിച്ച പന്ത് ബോക്സിൽ ഹിമെനെയുടെ കാലുകളിലേക്ക്. ഇടങ്കാൽ കൊണ്ട് പന്തൊന്നു നിയന്ത്രിച്ച് വലങ്കാൽ കൊണ്ടൊരു മിസൈൽ ഷോട്ട് തറച്ചത് ഒഡീഷ ഗോൾവലയിൽ!
പക്ഷേ, ഒഡീഷ തളർന്നില്ല. കോർണറിൽ നിന്ന് ഒഡീഷ താരം അഹമ്മദ് ജാഹു ബോക്സിലേക്കു നീട്ടിയ പന്ത് സച്ചിന്റെ കയ്യിൽ നിന്നു വഴുതി. കോയെഫിന്റെ ദേഹത്തു തട്ടി ഗോൾ വര കടന്നു; സെൽഫ് ഗോൾ.
വാട്ടർ ബ്രേക്കിനു തൊട്ടു പിന്നാലെ ഒഡീഷ വീണ്ടും ലക്ഷ്യം കണ്ടു. മധ്യത്തിൽ അഹമ്മദ് ജാഹുവിന്റെ ചെറുപാസ് ജെറിയിലേക്ക്. ഒരു കാൽ മാറ്റം മൗറീഷ്യോയിലേക്ക്. മൗറീഷ്യോ അതു ജെറിക്കു തിരിച്ചു നൽകി അതേ വേഗത്തിൽ തിരിച്ചു വാങ്ങി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കീറി മുറിച്ചൊരു ഷോട്ട് ഗോളിലേക്ക്.
∙ പോരാട്ടം ഇഞ്ചോടിഞ്ച്
രണ്ടാം പകുതിയിൽ ഒഡീഷയുടെ മിന്നലോട്ടങ്ങൾ. പലപ്പോഴും സച്ചിനും ചിലപ്പോൾ ഭാഗ്യവും തുണച്ചു, ബ്ലാസ്റ്റേഴ്സിനെ. അഡ്രിയൻ ലൂണ ഇറങ്ങിയത് 71–ാം മിനിറ്റിൽ കോയെഫിനു പകരം. ഗോളിനായി ബ്ലാസ്റ്റേഴ്സ് സമ്മർദം ചെലുത്തിയെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഒഡീഷയാണ്.
English Summary:
Odisha FC played out a 2-2 draw with Kerala Blasters FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]